ലീഗ് നേതൃത്വവുമായി ധാരണയിലെത്തി തൃക്കരിപ്പൂര്‍ പഞ്ചായത്തംഗം രാജിവച്ചു
May 7, 2016, 23:41 IST
ആയിറ്റിയില്‍ നിന്ന് ലീഗ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച വി അനീസയാണ് പഞ്ചായത്ത് അംഗത്വ സ്ഥാനം രാജിവച്ചത്
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07.05.2016) തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ആയിറ്റിയില്‍ നിന്ന് ലീഗ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച വി അനീസ പഞ്ചായത്ത് അംഗത്വ സ്ഥാനം രാജിവച്ചു. മുസ്‌ലിം ലീഗിലേക്ക് തിരിച്ചുവരുന്നതിന് ലീഗ് നേതൃത്വവുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് രാജി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി ഉമ്മു ഖുല്‍സുവിനെതിരെ 302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അനീസ വിജയിച്ചത്. ഇതോടെ അനീസയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രവര്‍ത്തിച്ച എസ് ടി യു ജില്ലാ സെക്രട്ടറിയും സ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിണ്ടുമായ ശംസുദ്ദീന്‍ ആയിറ്റി, വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി പി റഷീദ് ഹാജി, വനിതാ ലീഗ് പ്രവര്‍ത്തകയായിരുന്ന വി അനീസ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലീഗ് സ്ഥാനാര്‍ത്ഥിക്കതിരെ മത്സരിച്ച് ജയിച്ചതിനാല്‍ സ്ഥാനം രാജിവെക്കാതെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ലെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടാണ് അനീസ രാജിവെക്കാന്‍ കാരണം.
വെള്ളിയാഴ്ച രാവിലെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം എത്തിയ അനീസ പഞ്ചായത്ത് അസി. സെക്രട്ടറി കെ രമേശന് രാജിക്കത്ത് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് വിവരം.
Keywords: Trikaripur, kasaragod, Muslim-league, Panchayath-Member, election, V Aneesa, Aayitty ward