Heavy Wind | മഴയിലും കാറ്റിലും മരം മറിഞ്ഞുവീണു; ഓടോറിക്ഷകൾ അടക്കം നിരവധി വാഹനങ്ങൾ തകർന്നു; വൻദുരന്തം ഒഴിവായി
ഉപ്പള: (KasargodVartha) മഴയിലും കാറ്റിലും മരം കടപുഴകി വീണ് ഓടോറിക്ഷകൾ അടക്കം നിരവധി വാഹനങ്ങൾ തകർന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ നയാബസാറിലെ മംഗൾപാടി ഗവ. താലൂക് ആശുപത്രിക്ക് സമീപത്താണ് സംഭവം. സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ഓടോറിക്ഷകൾക്കും ബൈകുകൾക്കും മുകളിലാണ് മരം പതിച്ചത്.
വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവ സമയത്ത് സമീപത്ത് നിരവധി പേർ ഉണ്ടായിരുന്നുവെങ്കിലും ആളപായമൊന്നും സംഭവിക്കാത്തത് ആശ്വാസമായി. പ്രദേശവാസികളും ഫയർഫോഴ്‌സും ചേർന്ന് പിന്നീട് മരം മുറിച്ചുമാറ്റി.
ശക്തമായ മഴയാണ് കാസർകോട്ട് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം കുഡ്‌ലുവിൽ 11.5 മി മീറ്റർ മഴ രേഖപ്പെടുത്തി. മുളിയാർ - ആറ്, പാണത്തൂർ - 13, വെള്ളരിക്കുണ്ട് -24.5, പിലിക്കോട് - ഒരു മി മീറ്റർ എന്നിങ്ങനെയാണ് കണക്കുകൾ.
കേരള തീരത്ത് ബുധനാഴ്ച (29-05-2024) രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്റെ വേഗത സെകൻഡിൽ 55 സെ. മീറ്ററിനും 70 സെ. മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.