Train Traffic | ഉദുമയിൽ റെയിൽ പാളത്തിൽ തെങ്ങ് പൊട്ടിവീണു; ഇന്റർസിറ്റി എക്‌സ്പ്രസ് കോട്ടിക്കുളത്ത് പിടിച്ചിട്ട ശേഷം പിന്നീട് യാത്ര പുനരാരംഭിച്ചു
ഉദുമ: (KasargodVartha) റെയിൽ പാളത്തിൽ തെങ്ങ് പൊട്ടിവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഉദുമ റെയിൽവേ ഗേറ്റിന് സമീപത്താണ് അടുത്തുള്ള തെങ്ങ് പൊട്ടിവീണത്. വൈദ്യുതി ലൈനിൽ തങ്ങിയാണ് തെങ്ങ് നിൽക്കുന്നത്. സംഭവത്തെ തുടർന്ന് അപകടം ഒഴിവാക്കാനായി, കോയമ്പത്തൂരിൽ നിന്നും മംഗ്ളൂറിലേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് കോട്ടിക്കുളം സ്റ്റേഷനിൽ നിർത്തിയിടേണ്ടി വന്നു. പിന്നീട് അരമണിക്കൂറിന് ശേഷം യാത്ര പുനരാരംഭിച്ചു.
വൈദ്യുതി കമ്പിയിലെ പ്രശ്‌നം പരിഹരിക്കാൻ ചെറുവത്തൂരിൽ നിന്നും സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയ ശേഷം മാത്രമേ തെങ്ങ് മുറിച്ചുമാറ്റാൻ കഴിയുകയുള്ളൂ. റെയിൽവേ പൊലീസും റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കാസർകോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന പാളത്തിലാണ് തെങ്ങ് പൊട്ടി വീണിരിക്കുന്നത്.
ചെന്നൈ മെയിൽ ഉൾപ്പെടെയുള്ള ട്രെയിനുകൾ ഉച്ചയ്ക്ക് കടന്നുപോകേണ്ടത് കൊണ്ട് പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടയിൽ മംഗ്ളൂറു ഭാഗത്തേക്കുള്ള ട്രെയിൻ കടത്തിവിടുന്ന കാര്യത്തിൽ പ്രശ്‌നം ഉണ്ടോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. മംഗ്ളൂറിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ഇന്റർസിറ്റി കടന്നുപോയതിന് ശേഷമാണ് അപകടം ഒഴിവായത് എന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.