Safety Concerns | സുരക്ഷാവേലിയില്ലാതെ ട്രാൻസ്ഫോർമർ; സ്കൂൾ കുട്ടികൾക്ക് അടക്കം ഭീഷണി; ഇടപെടൽ ഉടൻ വേണം
നാട്ടുകാർ അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
എരിയാൽ: (KasargodVartha) ബ്ലാർക്കോട് ആസാദ് റോഡിലെ ട്രാൻസ്ഫോർമർ അപകടഭീഷണിയായി മാറിയിരിക്കുന്നു. റോഡിന് അരികിലായി സ്ഥാപിച്ചിരിക്കുന്ന ഈ ട്രാൻസ്ഫോർമറിന് യാതൊരു സുരക്ഷാ വേലിയും ഇല്ലാത്തതാണ് പ്രശ്നം. സ്പീഡ് ബ്രേക്കറില്ലാത്തതിനാൽ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
ദിവസേന നൂറുകണക്കിന് ആളുകൾ, പ്രത്യേകിച്ച് സ്കൂൾ-മദ്രസ വിദ്യാർഥികൾ, ഈ വഴി ഉപയോഗിക്കുന്നു. റോഡ് ഇടുങ്ങിയതിനാൽ, രണ്ട് വാഹനങ്ങൾ ഒരേ സമയം എതിരെ വന്നാൽ കുട്ടികൾ അടക്കമുള്ളവർ ട്രാൻസ്ഫോർമറിന്റെ ഭാഗത്തേക്ക് കയറി നിൽക്കേണ്ടി വരും. ഇത് അപകട സാധ്യത വളരെ വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഒരു കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചുകയറിയതും ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
നാട്ടുകാർ അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയും കെ എസ് ഇ ബി മുൻകയ്യെടുത്ത് ട്രാൻസ്ഫോർമറിന് സുരക്ഷാ വേലി കെട്ടുകയും ചെയ്യണമെന്നാണ് ആവശ്യം. മഴക്കാലമായതിനാൽ അപകട സാധ്യത കൂടുതലാണ്. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് അധികൃതർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
ഈ വാർത്ത അധികൃതരുടെ ശ്രദ്ധയിൽപെടുന്നതിന് പങ്കിടുക, അഭിപ്രായങ്ങൾ ചുവടെ രേഖപ്പെടുത്തുക, അവബോധം സൃഷ്ടിക്കുക, വികസനവും മാറ്റവും വരട്ടെ!
#TransformerSafety #RoadHazards #UrgentAction #Kasargod #StudentSafety #LocalNews