യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Apr 12, 2012, 10:57 IST
കാസര്‍കോട്: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തീവണ്ടി തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കടപ്പുറത്തെ പരേതനായ അബ്ദുല്‍ഖാദര്‍-നഫീസ ദമ്പതികളുടെ മകന്‍ ബദരിയ ഹൗസില്‍ മുഹമ്മദ് റഫീഖിനെയാണ്(32), മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്നിനടുത്ത് റെയില്‍വേ ട്രാക്കില്‍ തീവണ്ടിതട്ടി മരിച്ചനിലയില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് റഫീഖ് വീട് വിട്ടതായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന റഫീഖ് വാഹന ഇടപാടുമായി ബന്ധപ്പെട്ട് പലരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്നിരുന്നു. റഫീഖിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കൈക്കും മറ്റും ബ്ലേഡ്‌കൊണ്ട് കീറിയതുപോലുള്ള മുറിവുകള്‍ കാണപ്പെട്ടത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. മൃതദേഹത്തിന്റെ രണ്ട് കാലുകളും അറ്റനിലയിലാണ്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഭാര്യ: ഹസീന. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: മഹ്മൂദ്, നാസര്‍, അന്‍സാരി, റഷീദ്, സെമീമ, ഹമീദ്.
Keywords: Kasaragod, Train, Accident, Youth