Tragedy | തെയ്യം കണ്ടുകൊണ്ടിരിക്കെ പൊടുന്നനെ തീഗോളം; നീലേശ്വരം സാക്ഷ്യംവഹിച്ചത് ദുരന്തരാത്രിക്ക്; 45 വർഷത്തെ അനുഭവത്തിൽ ഇതാദ്യമെന്ന് തെയ്യം കലാകാരൻ

● പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ തീ പിടിച്ചു.
● നൂറുകണക്കിന് ആളുകൾ ഈ ദുരന്തത്തിൽപ്പെട്ടു.
● പരിക്കേറ്റവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.
● വീരർക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകൾ നിർത്തിവച്ചു.
നീലേശ്വരം: (KasargodVartha) അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ നടന്ന തെയ്യാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വൻ ദുരന്തം നാടിനെ ഞെട്ടിച്ചു. ചൊവ്വാഴ്ച പുലർച്ചെ 12.15 ഓടെ ഉണ്ടായ ഈ ദുരന്തത്തിൽ നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. ക്ഷേത്ര മതിലിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിൽ തീ പിടിച്ച് സ്ഫോടനത്തിൽ ക്ഷേത്രത്തിന്റെ ഒരു ഭാഗം തീഗോളമായി മാറി.
നാല്പത്തിയഞ്ചു വർഷത്തെ അനുഭവത്തിൽ ഇത്തരമൊരു ദുരന്തം ആദ്യമാണെന്ന് തെയ്യം കലാകാരൻ അഞ്ഞൂറ്റാൻ ബാബു പറഞ്ഞു. തെയ്യത്തിന്റെ തോറ്റം നടക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. സ്ഫോടനത്തിന്റെ ശബ്ദം കേട്ട് ആളുകൾ ഭ്രാന്തമായി ഓടി. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് എത്തി. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഈ ക്ഷേത്രത്തിൽ ചെറിയ തോതിൽ പടക്കം പൊട്ടിക്കാറുണ്ട്. എന്നാൽ ഇത്തവണ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിക്കുന്നതിനിടലാണ് അപകടമുണ്ടായത്. തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് വീണതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് സംശയിക്കുന്നു. ക്ഷേത്ര മതിലിനോട് ചേർന്ന് ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഈ സമയത്ത് ക്ഷേത്രത്തിൽ തെയ്യം കാണാൻ എത്തിയിരുന്ന സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ ഈ ദുരന്തത്തിൽപ്പെട്ടു.
പരിക്കേറ്റവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. 150-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡികൽ കോളജുകളിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പ്രദേശത്തെ ആംബുലൻസുകൾ സ്വയംസന്നദ്ധരായി രംഗത്തെത്തി. സമയം നഷ്ടപ്പെടുത്താതെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചു.
ഉത്തരമലബാറിൽ പത്താമുദയത്തിന് (തുലാം 10) തെയ്യാട്ടക്കാലത്തിന് തുടക്കമാകുന്നത്. കാസർകോട് ജില്ലയിൽ വീരർ കാവിലാണ് ആദ്യം കളിയാട്ടം നടക്കുന്നത്. രണ്ടു ദിവസങ്ങളിലായാണ് മഹോത്സവം. ഇവിടെ പട വീരൻ, പാടാർ കുളങ്ങര ഭഗവതി, വിഷ്ണു മൂർത്തി, ചൂളിയാർ ഭഗവതി, മൂവാളം കുഴി ചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങൾ ആണ് കെട്ടിയാടാറ്. ദുരന്തത്തെ തുടർന്ന് വീരർക്കാവ് ക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം നിർത്തിവച്ചിരിക്കുകയാണ്.
#KeralaFire #Theyyam #TempleAccident #KeralaNews #IndiaNews