Drowning | എരിഞ്ഞിപ്പുഴയിൽ കാണാതായ 3 കൗമാരക്കാരുടെയും മൃതദേഹം കണ്ടെത്തി; നാടിനെ കണ്ണീരിലാഴ്ത്തി ദുരന്തം
● പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം സംഭവിച്ചത്
● മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
ബോവിക്കാനം: (KasargodVartha) എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങി കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴയിൽ കോഴി വ്യാപാരിയായ അശ്റഫിൻ്റെ മകൻ മുഹമ്മദ് യാസിൻ (13), അശ്റഫിൻ്റെ സഹോദരി മഞ്ചേശ്വരത്തെ റംലയുടെ മകൻ റിയാസ് ( 16), സഹോദരൻ മജീദിൻ്റെ മകൻ സമദ് (14) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് കുട്ടികൾ അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് എസ് ഐ സൈഫുദ്ദീന്റെ നേതൃത്വത്തിൽ സ്കൂബാ ടീമും കുറ്റിക്കോലിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. അപകടത്തിൽപ്പെട്ട ഉടൻതന്നെ റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു രണ്ടു കുട്ടികളുടെയും മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തി. ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് സമദിന്റെ മൃതദേഹം എരിഞ്ഞിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്.
ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി നിരവധി പേരാണ് സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തിയത്. രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംഭവസ്ഥലം സന്ദർശിച്ചു. അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം ധന്യ, പി വി മിനി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
മന്ത്രിയും എംഎൽഎയും മറ്റു ജനപ്രതിനിധികളും മരിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ മൂന്ന് പേരുടെയും പോസ്റ്റ് മോർട്ടം നടക്കുന്ന കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലെത്തി. മുസ്ലിം ലീഗ് നേതാക്കളായ മാഹിൻ കേളോട്ട്, അശ്‌റഫ് എടനീർ, മൻസൂർ മല്ലത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു. കുട്ടികളുടെ അകാല വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. സംഭവം പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
#KasaragodTragedy #ErinhippuzhaAccident #TeenagersDrowning #KeralaNews #RiverAccident #Drowning