Alert | കാസർകോട് ചന്ദ്രഗിരി ജംഗ്ഷനും പാലത്തിനും ഇടയിലെ ഗതാഗത നിയന്ത്രണം ഒക്ടോബർ 5 വരെ തുടരും; വാഹനങ്ങൾ ദേശീയപാത വഴി പോകണം
● സെപ്റ്റംബർ 19 മുതലാണ് പ്രവൃത്തികൾ ആരംഭിച്ചത്.
● റോഡിന്റെ ശോചനീയാവസ്ഥ ജനജീവിതത്തെ ബാധിച്ചിരുന്നു.
● വാഹനയാത്രക്കാർക്ക് അപകട സാധ്യത ഉയർന്നിരുന്നു.
കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ കാസർകോട് ചന്ദ്രഗിരി ജംഗ്ഷനും (പഴയ പ്രസ്‌ക്ലബ്) പാലത്തിനും ഇടയിൽ നടന്നുവരുന്ന റോഡ് നിർമാണ പ്രവർത്തനങ്ങൾ കാരണം നിലവിലുള്ള ഗതാഗത നിയന്ത്രണം ഒക്ടോബർ അഞ്ച് വരെ തുടരുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഈ കാലയളവിൽ വാഹനങ്ങൾ ദേശീയപാത വഴി തിരിഞ്ഞു പോകണം.
സെപ്റ്റംബർ 19 മുതൽ ഈ റോഡ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ചന്ദ്രഗിരി പാലത്തിലടക്കം ഈ പാതയിലെ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ ജനജീവിതത്തെ ദുസഹമാക്കിയിരുന്നു. മഴക്കാലത്ത് റോഡ് തകർന്ന് കുഴികൾ രൂപപ്പെടുന്നത് ഇവിടെ സാധാരണമാണ്.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാതെ അധികൃതർ അലംഭാവം കാട്ടുന്നത് പ്രദേശവാസികളിൽ നിന്ന് വിമർശനത്തിന് വഴിവെച്ചിരുന്നു. കുഴികളിൽ വീണ് അപകടങ്ങൾ ദിനംപ്രതി സംഭവിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇതിനിടയിലാണ് രണ്ടാഴ്ച മുമ്പ് അറ്റകുറ്റപണികൾ ആരംഭിച്ചത്.
#Kasargod #roadconstruction #trafficupdate #Kerala #localnews #infrastructure