ആഭ്യന്തരമന്ത്രിയുടെ വാക്കിന് വിലയില്ലേ? തിരക്കുള്ള റോഡില്‍ നിയമം ലംഘിച്ച് ട്രാഫിക് പോലീസിന്റെ വാഹന പരിശോധന
Mar 16, 2016, 19:45 IST
കാസര്‍കോട്: (www.kasargodvartha.com 16/03/2016) നിയമം ലംഘിച്ചോടുന്ന വാഹനങ്ങളെ പിടികൂടാന്‍ തിരക്കേറിയ റോഡില്‍ നിയമം ലംഘിച്ച് ട്രാഫിക് പോലീസിന്റെ വാഹന പരിശോധന. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, കറന്തക്കാട്, പ്രസ് ക്ലബ്ബ് ജംങ്ഷന്‍, റെയില്‍വെ സ്‌റ്റേഷന്‍ റോഡ്, പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ എന്നിവിടങ്ങളിലെ തിരക്കുള്ള സ്ഥലങ്ങളിലാണ് രാവിലെയും, വൈകുന്നേരങ്ങളിലും ട്രാഫിക് പോലീസ് വാഹന പരിശോധന നടത്തുന്നത്.
പുതിയ ബസ് സ്റ്റാന്‍ഡ് ഐ ഡി ബി ഐ ബാങ്കിന് മുന്‍ വശത്തെ യു ടേണിന് അടുത്തായാണ് പോലീസ് സ്ഥിരമായി വാഹന പരിശോധന നടത്തുന്നത്. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പുറത്തേക്ക് വരുന്നതും ഇതിനടുത്തുകൂടിയാണ്. കൂടാതെ ദേശീയ പാതയിലൂടെ ചരക്കു ലോറികളും മറ്റും കൂട്ടമായെത്തുന്നതോടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈ തിരക്കിനിടയില്‍ നിയമം ലംഘിച്ചോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നിയമം ലംഘിച്ചതിന്റെ പേരില്‍ പിടികൂടുന്ന വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിടാന്‍ പോലും സ്ഥലമില്ലെന്നതും വസ്തുതയാണ്. മാത്രമല്ല, റോഡിലേക്ക് ജീപ്പ് കയറ്റി വെച്ചാണ് പരിശോധന നടത്തുന്നത്. www.kasargodvartha.com
മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി പിന്നില്‍ നിന്നും വന്ന ബസിടിച്ച് മരിച്ചത് ഈ സ്ഥലത്ത് വെച്ചായിരുന്നു. ഇവിടെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറാതിരിക്കാനായി യാത്രക്കാരെ ഇറക്കിവിടുന്നതും പതിവാണ്. ഇതില്‍ കെ എസ് ആര്‍ ടി സി ബസുകളാകട്ടെ നടുറോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. പരാതികളോ, അപകടങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രം ഒന്നു രണ്ടു ദിവസം ഒരു പോലീസുകാരനെ ഇവിടെ ഡ്യൂട്ടിക്കായി നിര്‍ത്താറുണ്ട്. പിന്നെ പഴയത് പോലെ തന്നെ കാര്യങ്ങള്‍ നടക്കും. www.kasargodvartha.com
തിരക്കുള്ള റോഡുകളിലും, വളവുകളിലും മറ്റും വാഹന പരിശോധന നടത്താന്‍ പാടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ നഗ്ന ലംഘനമാണ് കാസര്‍കോട് നഗരത്തില്‍ നടക്കുന്നത്. ഏറെ തിരക്കുള്ള കറന്തക്കാടും സമാന സ്ഥിതിയാണ്. ഇവിടെ സ്ഥിരമായി ട്രാഫിക് പോലീസ് പരിശോധന നടത്താറുണ്ട്. ദേശീയ പാതയിലെ ഈ തിരക്കുള്ള റോഡിലെ പരിശോധന വലിയ അപകടത്തിന് വഴിയൊരുക്കും. നേരത്തെ നിയമം ലംഘിച്ചോടുന്ന വാഹനങ്ങളുടെ നമ്പര്‍ കുറിച്ചെടുത്ത് പിഴയടക്കാനുള്ള നോട്ടീസ് വീട്ടിലേക്ക് അയക്കുന്ന രീതി പോലീസ് സ്വീകരിച്ചിരുന്നു. www.kasargodvartha.com
പ്രസ് ക്ലബ്ബ് ജംങ്ഷനിലും നിയമം ലംഘിച്ചാണ് ട്രാഫിക് പോലീസിന്റെ വാഹന പരിശോധന. യാത്രക്കാര്‍ തിരക്കിട്ട് പോകുന്ന റെയില്‍വെ സ്‌റ്റേഷന്‍ റോഡിലും പോലീസിന്റെ വാഹന പരിശോധന നടക്കുന്നുണ്ട്. പലപ്പോഴും വളവുകള്‍ തിരിഞ്ഞോ, കയറ്റം കയറിയോ എത്തുമ്പോഴോ ആണ് പോലീസ് ജീപ്പ് ശ്രദ്ധയില്‍ പെടുന്നത്. പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കളിനോട് ചേര്‍ന്ന റോഡരികിലും ട്രാഫിക് പോലീസിന്റെ പരിശോധന ഉണ്ടാവാറുണ്ട്. മിക്കപ്പോഴും പരിശോധന കണ്ട് മറ്റു വശങ്ങളിലേക്ക് പെടുന്നനെ വാഹനങ്ങള്‍ തിരിക്കാന്‍ ശ്രമിക്കുന്നതും, അമിത വേഗതയില്‍ വിടുന്നതും അപകടത്തിന് വഴിവെക്കാറുണ്ട്.

Keywords : Kasaragod, Police, Vehicle, Natives, Road, Accident, Traffic Police, Traffic police inspection in busiest road.