കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്ക്: ഉടൻ വേണ്ടത് അടിയന്തര പരിഹാരവും ഒപ്പം ദീർഘകാല പദ്ധതികളും
● മംഗ്ളൂരു കെഎസ്ആർടിസി ബസുകളുടെ അനാവശ്യ ചുറ്റൽ ഒഴിവാക്കി ഗതാഗതഭാരം കുറയ്ക്കാം
● നായക്സ് റോഡ് വികസിപ്പിക്കാനും ബീച്ച് റോഡ് കുപ്പിക്കഴുത്ത് ഒഴിവാക്കാനും ഇടക്കാല പദ്ധതി
● അടുത്ത അമ്പത് വർഷത്തെ നഗരവളർച്ച മുൻകൂട്ടി കണ്ട് സമഗ്ര ഗതാഗത പദ്ധതികൾ വേണം
● ഔട്ടർ റിങ് റോഡ്, മേൽപ്പാലം എന്നിവയുടെ സാധ്യതകൾ പഠിക്കണമെന്ന് ആവശ്യം
നിസാർ പെറുവാഡ്
(KasargodVartha) കാസർകോട് നഗരത്തിലെ ട്രാഫിക് കുരുക്ക് ഇപ്പോൾ ഒരു സാധാരണ ഗതാഗതപ്രശ്നമല്ല. പീക്ക് സമയങ്ങളിൽ നഗരജീവിതത്തെ തന്നെ സ്തംഭിപ്പിക്കുന്ന വലിയൊരു പ്രതിസന്ധിയായി അത് വളർന്നിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്ക് ഇന്ന് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് എം ജി റോഡിൽ നുള്ളിപ്പാടി മുതൽ ചന്ദ്രഗിരി–പഴയ പ്രസ് ക്ലബ് ജങ്ഷൻ വരെയും, കറന്തക്കാട് മുതൽ നായന്മാർമൂല വരെയും, ബാങ്ക് റോഡിൽ കറന്തക്കാട് മുതൽ ക്ലോക്ക് ടവർ വരെയുമാണ് ഇപ്പോൾ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ഇത് ഇന്നലെ തുടങ്ങിയ പ്രശ്നമല്ല. നഗരത്തിൻ്റെ വളർച്ചയ്ക്കും വാഹനപ്പെരുപ്പത്തിനും അനുസരിച്ച് റോഡ് ശൃംഖല വികസിക്കാതിരുന്നതിൻ്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. അതിനാൽ പരിഹാരവും ഒറ്റത്തവണത്തെ ഒരു നടപടിയായിരിക്കരുത്. ഉടൻ ആശ്വാസം നൽകുന്ന ഹ്രസ്വകാല നടപടികൾ, ഏതാനും വർഷങ്ങൾക്കുള്ളിൽ നടപ്പാക്കാവുന്ന ഇടക്കാല പദ്ധതികൾ, അടുത്ത അമ്പത് വർഷത്തെ നഗരവളർച്ച മുൻകൂട്ടി കാണുന്ന ദീർഘകാല ട്രാഫിക് ആൻ്റ് മൊബിലിറ്റി പ്ലാൻ (Traffic & Mobility Plan) - ഈ മൂന്ന് തലങ്ങളിലായാണ് കാസർകോടിൻ്റെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരം തേടേണ്ടത്.
ആദ്യം, കുരുക്ക് അഴിക്കാനുള്ള അടിയന്തര നടപടികൾ
വലിയ പദ്ധതികൾ യാഥാർഥ്യമാകുന്നതുവരെ കാസർകോട്ടുകാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടക്കണമെന്നില്ല. താരതമ്യേന ചെറിയ ഇടപെടലുകളിലൂടെ തന്നെ ചില പ്രധാന കുപ്പിക്കഴുത്തുകൾക്ക് (Bottlenecks) ഉടൻ ആശ്വാസം നൽകാൻ കഴിയും.
-
എം ജി റോഡിലെ കുപ്പിക്കഴുത്ത് അഴിക്കണം: എം ജി റോഡിലെ ഏറ്റവും ഇടുങ്ങിയ ഭാഗങ്ങളിലൊന്നായ, ഈയിടെ അപകടത്തിൽ ഒരു യുവാവിന് ദാരുണമായി ജീവൻ നഷ്ടപ്പെട്ട പ്രദേശത്ത് റോഡിൻ്റെ അരികിലുള്ള ഫുട്പാത്തിൻ്റെ ഉയർന്ന കേർബ് (Kerb) ഗതാഗതത്തിന് കൂടുതൽ വീതി ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. മിലൻ തിയറ്ററിന് സമീപം ദേശീയപാത സർവീസ് റോഡിൽ ചെയ്തിരിക്കുന്നതുപോലെ, ഫുട്പാത്തും റോഡും ഒരേ നിലവാരത്തിലാക്കുന്ന രീതിയിൽ ഈ ഭാഗം പുനഃക്രമീകരിക്കാനാകുമോ എന്ന് അടിയന്തരമായി പരിശോധിക്കണം. സുരക്ഷയും കാൽനടയാത്രക്കാരുടെ അവകാശവും സംരക്ഷിച്ചുകൊണ്ട് സാങ്കേതികമായി സാധ്യമെങ്കിൽ ചെറിയ തോതിലെങ്കിലും അധിക വീതി ലഭിക്കും. ആ ഭാഗത്തെ കുപ്പിക്കഴുത്തിന് അതിലൂടെ ഒരു പരിധിവരെ ശമനം ലഭിച്ചേക്കാം.
-
ചന്ദ്രഗിരി റോഡിൽ നിന്ന് ബദൽ വഴി സജ്ജമാക്കണം: ചന്ദ്രഗിരി റോഡിൽ നിന്ന് പ്രസ് ക്ലബ് ജങ്ഷനിൽ കയറാതെ മുൻസിപ്പൽ ഓഫീസ് വഴി പഴയ ബസ് സ്റ്റാൻഡിലേക്ക് എത്തുന്ന റോഡ് ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. ഈ റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണം. നിലവിൽ മുഴുവൻ വാഹനങ്ങളും പ്രസ് ക്ലബ് ജങ്ഷനിലേക്ക് മാത്രം എത്തിച്ചേരേണ്ട സാഹചര്യം മാറിയാൽ, ഗതാഗതത്തിൻ്റെ ഒരു ഭാഗമെങ്കിലും ഈ ബദൽവഴിയിലേക്ക് തിരിച്ചുവിടാൻ സാധിക്കും. ഒരു പ്രധാന ജങ്ഷനിലെ സമ്മർദം കുറയ്ക്കാൻ ഒരു നല്ല ബദൽവഴി പലപ്പോഴും വലിയ പദ്ധതിയേക്കാൾ വേഗത്തിൽ ഫലം നൽകും.
-
നുള്ളിപ്പാടിയിൽ സർവീസ് റോഡിന് പുതിയ മെർജിങ് പോയിൻ്റ്: ബസ് സ്റ്റാൻഡിൽ നിന്ന് വിദ്യാനഗർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് നുള്ളിപ്പാടിയുടെ ആരംഭത്തിൽ തന്നെ പ്രധാന ഹൈവേയിലേക്ക് പ്രവേശിക്കാൻ സൗകര്യം ഒരുക്കണം. സാങ്കേതികമായും സുരക്ഷാപരമായും ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചും ഇത് ചെയ്താൽ, എല്ലാ വാഹനങ്ങളും നിലവിലുള്ള ഭാഗങ്ങളിലൂടെ വീണ്ടും മുന്നോട്ട് പോയി വീണ്ടും തിരക്കിലേക്ക് ചേരേണ്ട സാഹചര്യം കുറയും. പ്രത്യേകിച്ച് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് നായന്മാർമൂല വരെ സർവീസ് റോഡിലുള്ള ഗതാഗതഭാരത്തിന് ഒരു പരിധിവരെ ആശ്വാസമാകാം.
-
മംഗ്ളൂരു കെഎസ്ആർടിസി ബസുകളുടെ ചുറ്റൽ പുനഃപരിശോധിക്കണം: നഗരത്തിലെ ട്രാഫിക് കുറയ്ക്കാൻ പൊതുഗതാഗത സംവിധാനത്തിനുള്ളിൽ തന്നെ ചില പുനഃക്രമീകരണങ്ങൾ സാധ്യമാണ്. മംഗ്ളൂരിലേക്കുള്ള കെഎസ്ആർടിസി (KSRTC) ബസുകൾ നഗരത്തിൽ ഒന്നിലധികം തവണ ചുറ്റി സഞ്ചരിക്കുന്ന നിലവിലെ സംവിധാനത്തിന് പകരം, മംഗ്ളൂരിൽ നിന്ന് വരുന്ന ബസുകൾ കറന്തക്കാട് വഴി തിരിഞ്ഞ് കാസർകോട് കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുന്ന സംവിധാനം പരിഗണിക്കാവുന്നതാണ്. പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകേണ്ട യാത്രക്കാർക്ക്, അതേ ടിക്കറ്റ് ഉപയോഗിച്ച് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിനെ സ്പർശിച്ച് മംഗ്ളൂരിലേക്ക് പോകുന്ന അടുത്ത സർവീസിൽ കയറാൻ സൗകര്യം ഒരുക്കാം. (മംഗ്ളൂരു സ്റ്റേറ്റ് ബാങ്ക് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന യാത്രക്കാർക്ക് ജ്യോതി സ്റ്റോപ്പിൽ നിന്ന് സമാനമായ രീതിയിൽ കർണാടക ആർടിസി ഒരുക്കിയിട്ടുള്ള സൗകര്യത്തിൻ്റെ മാതൃക ഇവിടെ പഠിക്കാവുന്നതാണ്). ഇതുവഴി നഗരത്തിലൂടെയുള്ള ബസുകളുടെ അനാവശ്യ ചുറ്റൽ കുറയുകയും ഗതാഗതഭാരത്തിന് ആശ്വാസമാകുകയും ചെയ്യും. ഒപ്പം യാത്രാദൂരം കുറയുന്നതിനാൽ ഇന്ധനച്ചെലവിലും കെഎസ്ആർടിസിക്ക് ഗണ്യമായ ലാഭമുണ്ടാകാം. മാസത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ഇന്ധനലാഭത്തിലൂടെ ചെലവ് ചെറുക്കാനുള്ള സാധ്യതയും ബന്ധപ്പെട്ടവർ കണക്കാക്കി പരിശോധിക്കേണ്ടതാണ്. സർക്കാർ ഗതാഗത സംവിധാനങ്ങൾ ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് സ്വകാര്യ ബസുകൾക്കും മികച്ച മാതൃകയാകും.
-
നിരോധിത ഹെവി വാഹനങ്ങൾക്കെതിരെ സിസിടിവി നിരീക്ഷണം: ദേശീയപാത ഒഴിവാക്കി ചന്ദ്രഗിരി റോഡിലേക്ക് നഗരത്തിലൂടെ കടന്നുപോകുന്ന നിരോധിതമോ അനാവശ്യമായതോ ആയ ഹെവി വാഹനങ്ങൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെങ്കിൽ, അത് തടയാൻ സ്ഥിരം പൊലീസ് സാന്നിധ്യം മാത്രം ആശ്രയിക്കേണ്ടതില്ല. സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇത്തരം വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുകയും, നിയമലംഘനം രേഖപ്പെടുത്തി നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഒരു സ്ഥിരം സംവിധാനം ഒരുക്കാം. ഇതുവഴി പൊലീസിൻ്റെ അംഗബലക്കുറവ് ഒരു തടസ്സമാകാതെ നിയമനടപടി കൂടുതൽ കാര്യക്ഷമമാക്കാം.
ഇടക്കാലത്തേക്ക് ചില നിർണായക പദ്ധതികൾ
അടിയന്തര നടപടികൾ ട്രാഫിക് കുരുക്കിന് താൽക്കാലിക ആശ്വാസം നൽകും. എന്നാൽ നഗരത്തിൻ്റെ നിലവിലുള്ള റോഡ് ശൃംഖലയിലെ അടിസ്ഥാനപരമായ ചില പോരായ്മകൾ പരിഹരിക്കാതെ പ്രശ്നം വീണ്ടും രൂക്ഷമാകും.
-
നായക്സ് റോഡ് വികസിപ്പിക്കണം: എം ജി റോഡിന് സമാന്തരമായി ഗതാഗതം പങ്കിടാൻ കഴിയുന്ന നായക്സ് റോഡ് വികസിപ്പിക്കണം. പ്രധാന റോഡിലേക്ക് മാത്രം എല്ലാ വാഹനങ്ങളെയും തള്ളിവിടുന്ന സാഹചര്യം മാറാൻ സമാന്തര റോഡുകളുടെ ശേഷി വർധിപ്പിക്കൽ അനിവാര്യമാണ്.
-
ബാങ്ക് റോഡ്–ബീച്ച് റോഡ് കുപ്പിക്കഴുത്ത് ഒഴിവാക്കണം: ബാങ്ക് റോഡിൽ നിന്ന് ബീച്ച് റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ബോട്ടിൽനെക്ക് (Bottleneck) കാസർകോട് നഗരത്തിലെ പ്രധാന ഗതാഗതപ്രശ്നങ്ങളിലൊന്നാണ്. വളരെ ചെറിയ ദൂരത്തിലെ വീതിക്കുറവ് പോലും പിന്നിലേക്കുള്ള ഗതാഗതത്തെ തടഞ്ഞുനിർത്തുന്നു. ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഈ കുപ്പിക്കഴുത്ത് ഒഴിവാക്കാനുള്ള പദ്ധതി ഇടക്കാല മുൻഗണനയായി ഏറ്റെടുക്കണം.
-
റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര സുഗമമാക്കണം: എം ജി റോഡിൽ നിന്ന് ഫോർട്ട് റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കണം. റെയിൽവേ സ്റ്റേഷനിലേക്കെത്തുന്നവർ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൂടെ തന്നെ പോകേണ്ടിവരുന്നത് കുറയ്ക്കാൻ കഴിയുമെങ്കിൽ നഗരഗതാഗതത്തിനും യാത്രക്കാർക്കും ഒരുപോലെ ആശ്വാസമാകും. റെയിൽവേ സ്റ്റേഷനിലേക്ക് എം ജി റോഡിൻ്റെ മധ്യഭാഗത്ത് നിന്ന് ബദൽ റോഡുകളുടെ സാധ്യത പരിശോധിക്കാം.
കാസർകോടിന് അടുത്ത അമ്പത് വർഷത്തേക്കുള്ള ദീർഘദർശനം വേണം
ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഉയരുന്നത്. ഇന്നത്തെ ട്രാഫിക് കുരുക്ക് മാത്രം പരിഹരിക്കാൻ നാം പദ്ധതിയിടണമോ, അതോ അടുത്ത തലമുറകൾക്ക് വീണ്ടും ഇതേ പ്രശ്നം ഉണ്ടാകാതിരിക്കാൻ ഇന്നുതന്നെ നഗരത്തിൻ്റെ ഗതാഗതഭാവി രൂപകൽപ്പന ചെയ്യണമോ? കാസർകോട് മുൻസിപ്പാലിറ്റി മുൻകൈയെടുത്ത് നാറ്റ്പാക് (NATPAC) പോലുള്ള വിദഗ്ധ സ്ഥാപനത്തിൻ്റെ സഹായത്തോടെ അടുത്ത 50 വർഷത്തെ നഗരവളർച്ച മുൻനിർത്തിയുള്ള സമഗ്ര ട്രാഫിക് ആൻ്റ് മൊബിലിറ്റി പ്ലാൻ തയ്യാറാക്കണം. ഇത് ഒരു റോഡ് എവിടെ വേണം എന്നതിൻ്റെ പട്ടിക മാത്രമാകരുത്. ജനസംഖ്യ, വാഹനവളർച്ച, നഗരവികസനത്തിൻ്റെ ദിശ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരമേഖലകൾ, പാർക്കിങ്, പൊതുഗതാഗതം, കാൽനടയാത്ര, ചരക്കുഗതാഗതം - എല്ലാം ഉൾക്കൊള്ളുന്ന സമഗ്ര മൊബിലിറ്റി സ്റ്റഡി (Mobility study) ആയിരിക്കണം. ആ പഠനത്തിൽ താഴെപ്പറയുന്ന പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകേണ്ടതാണ്.
-
നഗരത്തെ ചുറ്റുന്ന ഔട്ടർ റിങ് റോഡ്: കാസർകോടിൻ്റെ ദീർഘകാല ഗതാഗതപരിഹാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ആശയം ഒരു ഔട്ടർ റിങ് റോഡ് (Outer Ring Road) ആയിരിക്കും. തിരുവനന്തപുരം, എറണാകുളം തുടങ്ങിയ നഗരങ്ങളിൽ ഔട്ടർ റിങ് റോഡുകൾ യാഥാർഥ്യമായതോടെ നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്ക് വലിയ രീതിയിൽ കുറഞ്ഞ അനുഭവമുണ്ട്. ഒരു പ്രാഥമിക ആശയമായി, പെരുമ്പള പാലം കടന്ന ശേഷം ചന്ദ്രഗിരി പുഴയുടെ തീരത്തുകൂടി മുന്നോട്ട് പോയി, ചന്ദ്രഗിരി പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന വിധത്തിൽ റെയിൽവേ സ്റ്റേഷൻ–ക്ലോക്ക് ടവർ മേഖലകളെ ചുറ്റി, റെയിൽവേ ഓവർബ്രിഡ്ജ് കടന്ന് പള്ളം–നെല്ലിക്കുന്ന് വഴി ബീരന്ത് ബയൽ ദേശീയപാത സർവീസ് റോഡ് വരെ എത്തുന്ന ഒരു സാധ്യതാപാത പഠിക്കാം. അവിടെ നിന്ന് അടുക്കത്ത് ബയൽ അണ്ടർപാസ് വഴി മറുവശത്തേക്ക് കടന്ന്, കശുവണ്ടി ഫാക്ടറി റോഡ് വഴി എസ്പി ഓഫീസിന് മുന്നിലൂടെ വിദ്യാനഗറോ ബി സി റോഡോ ടച്ച് ചെയ്യാതെ നായന്മാർമൂല ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന ഒരു പുറം റോഡ് ശൃംഖലയുടെ സാധ്യതയും പരിശോധിക്കണം. ഇത് അന്തിമ അലൈൻമെൻ്റ് സംബന്ധിച്ച നിർദേശമല്ല. വിദഗ്ധ പഠനത്തിലൂടെ സാങ്കേതികമായും പരിസ്ഥിതി, ഭൂമി, ചെലവ്, പ്രായോഗികത എന്നിവയുടെ അടിസ്ഥാനത്തിലും തീരുമാനിക്കേണ്ട ഒരു പ്രാഥമിക ആശയമാണ്. എന്നാൽ ഇത്തരമൊരു റിങ് റോഡ് വന്നാൽ തെക്ക്, വടക്ക്, കിഴക്ക് ഭാഗങ്ങളിൽ നിന്ന് വരുന്ന നിരവധി വാഹനങ്ങൾക്ക് കാസർകോട് ടൗൺ സ്പർശിക്കാതെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ കഴിയും. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർക്കും മാലിക് ദീനാർ പള്ളിയിലേക്ക് എത്തുന്നവർക്കും ഉൾപ്പെടെ വലിയ സൗകര്യമാകാം.
-
പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രസ് ക്ലബ് ജങ്ഷൻ വരെ മേൽപ്പാലം: പുതിയ ബസ് സ്റ്റാൻഡ് മുതൽ പ്രസ് ക്ലബ് ജങ്ഷൻ വരെയുള്ള ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴിയിൽ ഫ്ലൈഓവർ (Flyover) എന്ന സാധ്യതയും ദീർഘകാല പഠനത്തിൻ്റെ ഭാഗമായി പരിശോധിക്കണം. വാഹനങ്ങളുടെ യഥാർഥ ഗതാഗതഭാരം, ജങ്ഷനുകളുടെ സ്വഭാവം, ദേശീയപാതാ ഘടന, ചെലവ്, ഭൂമി, നഗരസൗന്ദര്യം എന്നിവയെല്ലാം വിലയിരുത്തിയ ശേഷമേ ഇതിൻ്റെ പ്രായോഗികത തീരുമാനിക്കാവൂ. എന്നാൽ ഇന്നത്തെ ഗതാഗതക്കുരുക്കിൻ്റെ പശ്ചാത്തലത്തിൽ ഈ സാധ്യത പഠനത്തിൽ ഉൾപ്പെടേണ്ടതുണ്ട്.
-
ചന്ദ്രഗിരി ഭാഗത്തുനിന്ന് നുള്ളിപ്പാടിയിലേക്ക് നേരിട്ടുള്ള പുതിയ റോഡ്: ചന്ദ്രഗിരി പാലം കഴിഞ്ഞ ഉടനെ വലതുവശത്തേക്ക് തിരിഞ്ഞ്, പ്രസ് ക്ലബ് ജങ്ഷൻ സ്പർശിക്കാതെ നേരിട്ട് നുള്ളിപ്പാടിയിൽ കെയർവെൽ ആശുപത്രിക്ക് മുമ്പുള്ള ഭാഗത്ത് എത്തിച്ചേരുന്ന പുതിയ റോഡിൻ്റെ സാധ്യത പരിശോധിക്കണം. ഇത്തരമൊരു ബദൽവഴി യാഥാർഥ്യമായാൽ പ്രസ് ക്ലബ് ജങ്ഷനിലേക്കുള്ള ഗതാഗതഭാരത്തിൻ്റെ ഒരു ഭാഗം മാറ്റിവിടാൻ സാധിക്കും.
-
എം ജി റോഡിനെയും ദേശീയപാത സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൾ: എം ജി റോഡിൽ നിന്ന് ദേശീയപാത സർവീസ് റോഡിലേക്ക് കൂടുതൽ കാര്യക്ഷമമായ ലിങ്ക് റോഡുകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും വേണം. ഒരു പ്രധാന റോഡിൽ മാത്രം എല്ലാ വാഹനങ്ങളും കുടുങ്ങാതെ, ഒന്നിലധികം വഴികളിലൂടെ ഗതാഗതം വിതരണം ചെയ്യാനുള്ള ശൃംഖലയാണ് ഒരു വളരുന്ന നഗരത്തിന് ആവശ്യം.
-
പഴയ ബസ് സ്റ്റാൻഡിൽ മൾട്ടി-ലവൽ കാർ പാർക്കിങ്: പഴയ ബസ് സ്റ്റാൻഡിൽ നിലവിലുള്ള കെട്ടിടത്തിൻ്റെ ഭാവി പുനർവികസനത്തിൻ്റെ ഭാഗമായി ഒരു മൾട്ടി-ലവൽ കാർ പാർക്കിങ് (Multi-level car parking) സ്ട്രക്ചർ എന്ന ആശയവും പരിഗണിക്കണം. റോഡരികിലെ അനിയന്ത്രിത പാർക്കിങ് കുറയ്ക്കാനും നഗരഹൃദയത്തിലെ വ്യാപാരസ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും എത്തുന്ന വാഹനങ്ങൾക്ക് ക്രമബദ്ധമായ പാർക്കിങ് സൗകര്യം നൽകാനും ഇതുവഴി കഴിയും. നഗരങ്ങളിൽ സ്ഥലപരിമിതി രൂക്ഷമാകുമ്പോൾ കുറഞ്ഞ സ്ഥലത്ത് കൂടുതൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ ഇത്തരം ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ അനിവാര്യമാണ്.
പുതിയ മെർജിങ് പോയിൻ്റുകളും നിർദേശങ്ങളും
മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പുറമെ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ ചില അടിയന്തര നിർദേശങ്ങൾ കൂടി നടപ്പിലാക്കേണ്ടതുണ്ട്:
-
ദേശീയപാതയിലേക്കുള്ള മെർജിങ് പോയിൻ്റ് ഒന്ന് കൂടി വേണം. വടക്ക് ഭാഗത്ത് ഇപ്പോഴുള്ളത് അടുക്കത്ത്ബയലിൽ നഗര ഹൃദയത്തിൽ നിന്ന് കുറെ മാറിയാണ്. അത് കഴിഞ്ഞ് കശുവണ്ടി ഫാക്ടറി റോഡിനടുത്ത് സർവീസ് റോഡ് ലെവൽ വരുന്ന ഇടത്ത് ഒരു മെർജിങ് പോയിൻ്റ് കൂടി അത്യാവശ്യമാണ്.
-
കാസർകോട് നഴ്സിങ് ഹോം കഴിഞ്ഞ് തെക്കോട്ട് വരുമ്പോൾ സർവീസ് റോഡ് വീതി കൂട്ടാൻ ഒരു 200 മീറ്റർ നീളത്തിൽ റോഡ് പുറമ്പോക്ക് അവിടെയുണ്ട്. അതുപോലെ സർവീസ് റോഡിൽ നിന്ന് ടൗണിലേക്ക് എം ജി റോഡിലേക്ക് കടക്കുന്ന സ്ഥലത്ത് ഫാത്തിമ ആർക്കേഡ് മുതൽ സിറ്റി മാൾ വരെ 100 മീറ്ററോളം സർവീസ് റോഡ് വീതി കൂട്ടാൻ സ്ഥലമുണ്ട്. ഇത് പ്രയോജനപ്പെടുത്തണം.
-
കോട്ടക്കൽ ആര്യവൈദ്യശാലയ്ക്ക് മുൻപിൽ ഫുട്പാത്ത് പൂർണമായും മുടക്കിയുള്ള ഇലക്ട്രിക് പോസ്റ്റുകൾ അടിയന്തരമായി നീക്കം ചെയ്യുക. ഇത് കാൽനടയാത്രക്കാരെ പൂർണമായും ബ്ലോക്ക് ചെയ്യുന്നുണ്ട്.
-
അനധികൃത ബസ് സ്റ്റോപ്പുകൾക്കെതിരെ കർശന നടപടി ആവശ്യമാണ്. പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ വിദ്യാനഗർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ സ്മാർട്ട് ബസാറിൻ്റെ അടുത്ത് ആളുകളെ ഇറക്കി വിട്ടു പോകുന്നത് ഗതാഗത തടസ്സത്തിനും പ്രായമായവർക്കും സ്ത്രീകൾക്കും അപകടകരമായി റോഡ് മുറിച്ചു കടക്കുന്ന അവസ്ഥയിലേക്കും നയിക്കുന്നു. ട്രാഫിക് പൊലീസ് അടിയന്തരമായി ഇടപെടണം.
ഭരണകൂടത്തിൻ്റെ കൂട്ടായ ഇടപെടലുകൾ വേണം
ഒരു നഗരത്തിൻ്റെ ഭാവി, കുരുക്കിൽ കുടുങ്ങിക്കിടക്കരുത്. കാസർകോട് നഗരത്തിൻ്റെ ട്രാഫിക് പ്രശ്നം പരിഹരിക്കാൻ ഒരു പുതിയ റോഡ് മാത്രം മതി എന്നോ ഒരു ഫ്ലൈഓവർ മാത്രം മതിയെന്നോ കരുതുന്നത് ശരിയല്ല. അതുപോലെ ദീർഘകാല മാസ്റ്റർപ്ലാൻ തയ്യാറാകുന്നതുവരെ ഒന്നും ചെയ്യാനാവില്ല എന്ന സമീപനവും ശരിയല്ല. ഇന്ന് ചെയ്യാൻ കഴിയുന്നത് ഇന്ന് ചെയ്യണം. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ചെയ്യേണ്ടത് ഇപ്പോൾ തന്നെ ആസൂത്രണം ചെയ്യണം. അടുത്ത അമ്പത് വർഷത്തെ പദ്ധതികൾക്കായി ഇന്നുതന്നെ വിദഗ്ധ പഠനം ആരംഭിക്കണം.
മുൻസിപ്പാലിറ്റിക്ക് മാത്രമായി ഒറ്റക്ക് ചെയ്യാവുന്ന കാര്യമല്ലിത്. സ്റ്റേറ്റ് പിഡബ്ല്യുഡി (PWD), മോട്ടോർ വാഹന വകുപ്പ് (Motor Vehicle Department), പൊലീസ്, ടൗൺ പ്ലാനിങ് (Town planning), ജില്ലാ ഭരണകൂടം, സ്ഥല കെട്ടിട ഉടമകൾ, വാഹനങ്ങൾ ഓടിക്കുന്നവർ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരെല്ലാം കൂടി കൂട്ടായി സഹകരിച്ചു ചെയ്യേണ്ട പ്രവൃത്തികളാണിവ. എങ്കിലും ഇവ ഏകോപിക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്തം നഗരസഭയ്ക്കും രണ്ടാമതായി സ്ഥലം എംഎൽഎക്കുമാണ്.
കാസർകോട് എംഎൽഎ ആയ കല്ലട്ര മാഹിൻ സത്യപ്രതിജ്ഞ എടുത്ത ഉടൻ ഇക്കാര്യത്തിൽ മുൻകൈ എടുത്തു യോഗങ്ങൾ നടത്തിവരുന്നു എന്നത് ശുഭോദർക്കമാണ്. സ്ഥലമെടുപ്പിന് സ്റ്റേറ്റ് പിഡബ്ല്യുഡി കാലങ്ങളായി ഫണ്ട് നീക്കിവെക്കാത്ത പ്രശ്നങ്ങളൊക്കെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒപ്പം പിഡബ്ല്യുഡി മന്ത്രിയെ നേരിട്ട് അടുത്ത മാസം പകുതിക്ക് മുൻപ് കാസർകോട്ടെത്തിച്ച് യോഗം ചേർന്ന് ചർച്ച ചെയ്ത് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ട് പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കാനാണ് അദ്ദേഹത്തിൻ്റെ പ്ലാൻ.
കാസർകോട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഷാഹിന സലീം, വൈസ് ചെയർപേഴ്സൺ കെ എം ഹനീഫ എന്നിവരെ നേരിൽ കണ്ട് സംസാരിച്ചപ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്ക് നീക്കുന്ന ശ്രമങ്ങൾക്കാണ് അവർ ഏറ്റവും മുന്തിയ പരിഗണന നൽകുന്നതെന്നും, ഒരുപാട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇക്കാര്യത്തിൽ നൽകുന്ന ഫലപ്രദമായ ഏത് നിർദേശങ്ങളും സ്വീകരിച്ചു മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. ഇക്കാര്യത്തിൽ എംഎൽഎ നൽകുന്ന പിന്തുണ അവർ എടുത്തുപറഞ്ഞു.
ഇന്ന് കാസർകോട് നേരിടുന്ന ചോദ്യം, ‘ഇപ്പോഴത്തെ ജാം എങ്ങനെ മാറ്റാം?’ എന്നത് മാത്രമല്ല. യഥാർഥ ചോദ്യം ഇതാണ്: ‘ഇനി വളരാൻ പോകുന്ന കാസർകോട് നഗരത്തെ, ഭാവിയിലെ ട്രാഫിക് കുരുക്കിൽ നിന്ന് എങ്ങനെ രക്ഷിക്കാം?’. അതിൻ്റെ ഉത്തരം താൽക്കാലിക പാച്ച്‌വർക്കിലല്ല. ശാസ്ത്രീയമായ പഠനത്തിലും, ഘട്ടംഘട്ടമായ പദ്ധതികളിലും, ഇന്നത്തെ പ്രശ്നത്തിനും നാളത്തെ കാസർകോടിനും ഒരുപോലെ ഉത്തരം നൽകുന്ന ദീർഘവീക്ഷണത്തിലുമാണ്.
കാസർകോട് ഗതാഗത പരിഹാരങ്ങൾ: സംശയങ്ങളും മറുപടിയും
-
കാസർകോട് നഗരത്തിലെ ട്രാഫിക് പരിഹാരത്തെ എത്ര ഘട്ടങ്ങളായാണ് തരംതിരിക്കാവുന്നത്?
ഉത്തരം: ഉടൻ ആശ്വാസം നൽകുന്ന അടിയന്തര നടപടികൾ, ഇടക്കാല പരിഹാരങ്ങൾ, അടുത്ത 50 വർഷത്തെ നഗരവളർച്ച കണക്കിലെടുത്തുള്ള ദീർഘകാല ദർശനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ട്രാഫിക് പരിഹാരം കാണേണ്ടത്.
-
എം ജി റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള പ്രധാന നിർദേശം എന്താണ്?
ഉത്തരം: എം ജി റോഡിലെ ഫുട്പാത്തിൻ്റെ ഉയർന്ന കേർബ് (Kerb) മാറ്റുകയും, ദേശീയപാത സർവീസ് റോഡിലേതുപോലെ ഫുട്പാത്തും റോഡും ഒരേ നിലവാരത്തിലാക്കി കൂടുതൽ വീതി കണ്ടെത്തുകയും ചെയ്യുക എന്നതാണ് പ്രധാന നിർദേശം.
-
എന്താണ് ദീർഘകാല പരിഹാരമായി നിർദേശിക്കുന്ന ഔട്ടർ റിങ് റോഡ്?
ഉത്തരം: പെരുമ്പള പാലം മുതൽ ചന്ദ്രഗിരി, റെയിൽവേ സ്റ്റേഷൻ, നെല്ലിക്കുന്ന് വഴി ദേശീയപാത വരെ നഗരത്തെ പൂർണമായും ചുറ്റിക്കടന്നുപോകുന്ന ഒരു പുറം റോഡ് ശൃംഖലയാണിത്. ഇത് വരുന്നതോടെ വലിയ വാഹനങ്ങൾക്ക് നഗരം സ്പർശിക്കാതെ കടന്നുപോകാനാകും.
കാസർകോട് നഗരത്തിൻ്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട ഈ നിർണായക ലേഖനം നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. നഗരത്തിലെ കൂടുതൽ വാർത്തകളും മാറ്റങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ട്രാഫിക് പ്രശ്നപരിഹാരത്തിനുള്ള നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Urgent and long-term plans are needed to solve Kasaragod traffic congestion.
#KasaragodCity #TrafficSolutions #KasaragodNews #OuterRingRoad #KasargodVartha #KallatraMahin #KeralaPWD #AparnaNews






