Allegation | താന്‍ വ്യാജ ഡോക്ടര്‍ അല്ലെന്നും പാരമ്പര്യ വൈദ്യനെന്നും ജമാലുദ്ദീന്‍; കള്ളകേസിൽ കുടുക്കിയതിന് പിന്നില്‍ ആശുപത്രി ലോബികളും ഡോക്ടര്‍മാരുടെ സംഘടനകളുമെന്നും ആരോപണം
● പച്ചിലംപാറയില്‍ നടത്തിയ കാംപിനെതിരെയായിരുന്നു പരാതി.
● സര്‍കാറിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
● ഐഎസ്ഒ സര്‍ടിഫികറ്റോട് കൂടിയാണ് മരുന്ന് നല്‍കുന്നത്.
● രോഗികള്‍ക്ക് ഫിസിയോതെറാപിയും യോഗയും പറഞ്ഞുകൊടുക്കുന്നു.
കാസര്‍കോട്: (KasargodVartha) താന്‍ വ്യാജ ഡോക്ടര്‍ അല്ലെന്നും പാരമ്പര്യ വൈദ്യനെന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായതിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ജമാലുദ്ദീന്‍ (Jamaluddin) പ്രസ്താവനയില്‍ പറഞ്ഞു.
തന്നെ കള്ളകേസിൽ കുടുക്കിയതിന് പിന്നില്‍ ആശുപത്രി ലോബികളും ഡോക്ടര്‍മാരുടെ സംഘടനകളുമെന്നും വൈദ്യന്‍ ആരോപിക്കുന്നു. മംഗല്‍പാടി പച്ചിലംപാറ എന്ന സ്ഥലത്ത് നടത്തിയ കാംപിനെതിരെ വ്യാജ ഡോക്ടര്‍ വ്യാജ മരുന്ന് നല്‍കുന്നുവെന്ന പേരില്‍ മഞ്ചേശ്വരം പൊലീസില്‍ ചിലര്‍ നല്‍കിയ പരാതിയില്‍ പൊലീസ് എനിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളം സര്‍കാറിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഐഎസ്ഒ (International Organization for Standardization) സര്‍ടിഫികറ്റോട് കൂടി വേദനക്ക് നല്‍കുന്ന തൈലത്തിന്റെ പേരിലാണ് വ്യാജ ഡോക്ടര്‍ എന്ന നിലയില്‍ തെറ്റായ പരാതി നല്‍കി കേസെടുപ്പിച്ചതെന്ന് ജമാലുദ്ദീന്‍ പറയുന്നു.
താന്‍ ഒരിക്കലും എവിടെയും ഡോക്ടറെന്ന് അവകാശപ്പെടുകയോ, ഓഫീസിലോ, ലറ്റര്‍ പാഡിലൊ രേഖപ്പെടുത്തുകയോ ചെയ്തിട്ടുമില്ല, ഒരു പാരമ്പര്യ വൈദ്യന്‍ എന്ന നിലയില്‍ വേദനകള്‍ക്ക് പുറമെ, പുരട്ടുന്ന മരുന്നുകള്‍ മാത്രമാണ് നല്‍കി വരുന്നത്.
ഇതിന് പുറമെ പരമ്പരാഗതമായി പഠിച്ച നാഡീ ഞരമ്പുകളുടെ ചലനാവസ്ഥയെ കുറിച്ച് പഠിച്ച അറിവുകള്‍ അടിസ്ഥാനമാക്കി ഞരമ്പുകളുടെ രക്തയോട്ടം മനസിലാക്കി ചില ഫിസിയോതെറാപിയും യോഗയും രോഗികള്‍ക്ക് പറഞ്ഞ് കൊടുക്കാറുണ്ട്. അത് നിയമവിരുദ്ധവുമല്ല.
വസ്തുത ഇതായിരിക്കെ താന്‍ നല്‍കുന്ന തൈലത്തില്‍ നൂറ് കണക്കിന് ആളുകള്‍ക്ക് സുഖം പ്രാപിക്കുന്നത് കണ്ട അലോപതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെയും, ചില ഒറ്റപ്പെട്ട അസൂയാലുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും കാസര്‍കോട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തപ്പോള്‍ തന്നെ കോടതി ജാമ്യം നല്‍കി വിട്ടയക്കുകയാണ് ഉണ്ടായത്. തെറ്റിദ്ധാരണാപരമായ രീതിയില്‍ പ്രചാരണം നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണ കുറിപ്പ് നല്‍കുന്നതെന്നും ജമാലുദ്ദീന്‍ പറയുന്നു.
#traditionalmedicine #Kerala #quackery #medicalconspiracy #Ayurveda #alternativemedicine #legalbattle #Jamaluddin