ഫുട്പാത്തുകള്‍ കൈയ്യേറി വ്യാപാരം കൊഴുക്കുന്നു; കാല്‍നട യാത്രക്കാര്‍ റോഡില്‍, ഗതാഗതം സ്തംഭിച്ച് നഗരം
Apr 12, 2018, 13:40 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2018) നഗരത്തില്‍ ഫുട്പാത്തുകള്‍ കൈയ്യേറി വ്യാപാരം കൊഴുക്കുന്നു. ഇതുമൂലം കാല്‍നട യാത്രക്കാര്‍ റോഡിലൂടെ യാത്ര ചെയ്യുന്നതിനാല്‍ ഗതാഗതം സ്തംഭിക്കുന്നു. കാസര്‍കോട് നഗരത്തിലാണ് ഫുട്പാത്ത് കൈയ്യേറിയുള്ള വ്യാപാരം കൊഴുക്കുന്നത്. പലയിടത്തും ഫുട്പാത്തിന്റെ സ്ലാബുകള്‍ ഇളകിയിരിക്കുന്നതു കാരണം വഴിയാത്രക്കാര്‍ ഓടയില്‍ വീണ് അപകടത്തില്‍പെടുന്നതും പതിവായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോളിയടുക്കത്തെ മാപ്പിളപ്പാട്ട് ഗാനരചയിതാവ് ഹമീദ് കോളിയടുക്കത്തിന് തകര്‍ന്ന ഓവുചാലില്‍ വീണ് കൈക്ക് പരിക്കേറ്റിരുന്നു.
നേരത്തെ ഫുട്പാത്ത് കച്ചവടത്തിന് പ്രത്യേക കേന്ദ്രം ഉണ്ടാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. പോലീസും നഗരസഭ അധികൃതരും ഇതിനുവേണ്ട ചില സ്ഥലങ്ങള്‍ കണ്ടിരുന്നുവെങ്കിലും ഒരു തുടര്‍ നടപടിയും പിന്നീടുണ്ടായില്ല. അനധികൃത വാഹന പാര്‍ക്കിംഗും നഗരത്തില്‍ ഗതാഗത സ്തംഭനത്തിന് കാരണമാകുന്നുണ്ട്. ഇതുകൂടാതെയാണ് ഫുട്പാത്ത് കൈയ്യേറിയുള്ള വ്യാപാരവും നടക്കുന്നത്.
ഫുട്പാത്തിന് കമ്പിവേലിയുണ്ടാക്കി വേര്‍തിരിച്ചാല്‍ ഫുട്പാത്ത് കൈയ്യേറിയുള്ള വ്യാപാരം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ഇത്തരത്തില്‍ കമ്പിവേലി ഉണ്ടാക്കിയാണ് കാല്‍നട യാത്ര സുഗമമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Footpath, Traffic block, Trading in Footpath; Traffic block in Kasaragod Town.