Flyover | 'കാസർകോട് ജനറല്‍ ആശുപത്രിക്ക് മുന്‍വശം മേല്‍പാലം പണിയണം'; ആവശ്യവുമായി വ്യാപാരികൾ
'നഗരത്തിലെത്തുന്ന ബസുകള്‍ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും ആശുപത്രിക്ക് മുന്‍വശമുള്ള റോഡില്‍ വെച്ചാണ്'
കാസര്‍കോട്: (KasaragodVartha) ജനറല്‍ ആശുപത്രിക്ക് മുന്‍വശം മേല്‍പാലം പണിയണമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായ ജനറല്‍ ആശുപത്രിയിലേക്ക് എത്തുന്ന രോഗികളും സഹായികളും വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് റോഡ് മുറിച്ച് കടക്കുന്നത്. നഗരത്തിലെത്തുന്ന ബസുകള്‍ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും ആശുപത്രിക്ക് മുന്‍വശമുള്ള റോഡില്‍ വെച്ചാണ്.
നടപ്പാത കയ്യേറി നടക്കുന്ന കച്ചവടവും രാവിലെയും വൈകുന്നേരവുമുള്ള സ്‌കൂള്‍ കുട്ടികളുടെ യാത്രയും മൂലം ഏറെ തിരക്കേറിയ സ്ഥലമാണിവിടം. ഈ റോഡിന് കുറുകെ അടിപ്പാതയോ മേല്‍പാലമോ നിര്‍മ്മിച്ച്, ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സുഖമമായ സഞ്ചാരത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ആവശ്യം ഉന്നയിച്ച് എൻ എ നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ കലക്ടർ, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയര്‍, നഗരസഭ സെക്രട്ടറി എന്നിവർക്ക് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി.