Protest | അവകാശങ്ങൾ നേടിയെടുക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഏതറ്റംവരെയും പോരാടുമെന്ന് രാജു അപ്സര; 4ന് പാർലമെന്റ് മാർച്ച്
● ചെറുകിട വ്യാപാരികളെ സർക്കാർ നയങ്ങൾ ദ്രോഹിക്കുന്നു എന്ന് ആരോപണം.
● ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്ന് ആവശ്യം.
● വാടകയ്ക്കുള്ള ജിഎസ്ടി പൂർണമായി പിൻവലിക്കണമെന്നും വ്യാപാരികൾ .
കാസർകോട്: (KasargodVartha) ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോരാടാൻ സമിതി സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി നാലിന് നടക്കുന്ന പാർലമെൻ്റ് മാർച്ചുമായി ബന്ധപ്പെട്ട് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, വാടകയ്ക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി. പൂർണമായി പിൻവലിക്കുക, കുത്തക വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ പാർലമെൻ്റ് മാർച്ച് നടത്തുന്നതെന്ന് രാജു അപ്സര കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡൻ്റ് കെ. അഹ്‌മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.കെ. ബാപ്പു ഹാജി, ബാബു കോട്ടയിൽ, ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി, ട്രഷറർ മാഹിൻ കോളിക്കര, പി.പി. മുസ്‌തഫ, എ.എ. അസീസ്, രേഖ മോഹൻദാസ്, കെ. സത്യകുമാർ സംസാരിച്ചു.
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ നീലേശ്വരം യൂണിറ്റിനെയും സിനിമാ സംവിധായകയും നടിയുമായ ആദിത്യ ബേബിയെയും ചടങ്ങിൽ അനുമോദിച്ചു. ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീമിന്റെ ഭാഗമായുള്ള ചെക്ക് വിതരണവും ചടങ്ങിൽ നടന്നു.
ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എ എ അസീസ് നന്ദിയും പറഞ്ഞു.
#TradersProtest #ParliamentMarch #GST #OnlineTrade #KeralaTraders #BusinessNews