പാലക്കുന്നിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി രണ്ടര ലക്ഷം രൂപ കൊള്ളയടിച്ചു
Dec 3, 2012, 13:24 IST

പാലക്കുന്ന്: കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ സ്വന്തം കാറില്‍ തട്ടിക്കൊണ്ടു പോയി രണ്ടര ലക്ഷം രൂപ കൊള്ളയടിച്ചു. പാലക്കുന്നിലെ കെ.വി. ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമ ഉദുമ ബേവൂരിയിലെ രവീന്ദ്രനെയാണ് തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ചത്. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. കാസര്‍കോട് ഭാഗത്ത് നിന്ന് വന്ന ഒരു സംഘം രവീന്ദ്രനെ പാലക്കുന്നില്‍ വെച്ച് സ്വന്തം കാറില്‍ കയറ്റുകയും നീലേശ്വരം ഭാഗത്തേക്ക് കാറോടിച്ചു പോവുകയുമായിരുന്നു.
കാര്യങ്കോട് പാലത്തില്‍ കാര്‍ നിര്‍ത്തി രവീന്ദ്രന്റെ പണം കൈക്കലാക്കിയ സംഘം രവീന്ദ്രനെ താഴെ ഇറക്കുകയും കാര്‍ ഓടിച്ചു പോവുകയും ചെയ്തു. രാത്രി തന്നെ രവീന്ദ്രന്‍ നാട്ടില്‍ തിരിച്ചെത്തി. സംഭവം സംബന്ധിച്ച് രവീന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. എങ്കിലും ഈ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമെന്ന് ബേക്കല്‍ എസ്.ഐ. രാജീവന്‍ പറഞ്ഞു. രവീന്ദ്രനെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടവരുണ്ട്.
പണമിടപാട് സംബന്ധിച്ച പ്രശ്‌നമാകാം രവീന്ദ്രന്റെ തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്നും അവര്‍ ആരൊക്കെയാണെന്നും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി രവീന്ദ്രന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords: Kidnap, Merchant, Car, Theft, Palakunnu, Police, Case, Bekal, Mobile-Phone, Kasaragod, Kerala.