city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 29 മുതല്‍; സംസ്ഥാനതല ഉദ്ഘാടനം ബേക്കലില്‍

കാസര്‍കോട്: വിനോദ സഞ്ചാര വകുപ്പ് കേരളത്തിന്റെ പരമ്പരാഗത - നാടോടി - ആദിവാസി - അനുഷ്ഠാന - ക്ലാസിക്കല്‍ കലാരൂപങ്ങളുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കുമായി ആവിഷ്‌കരിച്ച ഉത്സവത്തിന്റെ ഏഴാമത് പരിപാടി ഡിസംബര്‍ 29 മുതല്‍ ജനുവരി 19 വരെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ 14 ജില്ലകളിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. 280 വേദികളിലായി ആയിരത്തിലേറെ കലാകാരന്‍മാര്‍ 300 ലേറെ കലാരൂപങ്ങള്‍ അവതരിപ്പിക്കും. കേരളത്തിന്റെ പൈതൃക കലയായി യുനെസ്‌കോ അംഗീകരിച്ച മുടിയേറ്റ്, സിനിമയിലേയ്ക്കുള്ള പ്രഥമ പദവിന്യാസമെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള തോല്‍പ്പാവക്കൂത്ത്, കേരളത്തിന്റെ തനതു ചിത്രകലാവഴക്കമായ കളമെഴുത്ത്, കണ്ണകീപുരാവൃത്തതിന്റെ സംഗീതാവിഷ്‌ക്കാരമായ തോറ്റംപാട്ട്, ഭക്തിയുടെ മതേതരമാനമായ ശാസ്താംപാട്ട്, പരിസ്ഥിതിയുടെ ഉദാത്താവിഷ്‌കാരമായ സര്‍പംപാട്ടും തിരിയുഴിച്ചിലും, കേരള സംസ്‌കാരത്തിന്റെ ആദിപ്രരൂപമായ പടയണി, വര്‍ണപൊലിമയുടെ ദൃശ്യവിസ്മയമായ തെയ്യാട്ടവും തിറയാട്ടവും എന്നിങ്ങനെ ഈണവും വാദ്യവും ആട്ടവുമെല്ലാം ഊടും പാവുമിടുന്ന സായംസന്ധ്യകളാണ് കേരള ടൂറിസം വകുപ്പ് ഒരുക്കുന്നത്.

വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 29 മുതല്‍; സംസ്ഥാനതല ഉദ്ഘാടനം ബേക്കലില്‍

നാട് മറക്കാന്‍ തുടങ്ങിയ നാട്ടുപഴമകളാണ് ഇന്ന് നമ്മുടെ ഒസ്യത്തെന്ന തിരിച്ചറിവ് ഏറി വരികയാണ്. ഓര്‍മപ്പെടുത്തലിന്റെ ഗൃഹാതുരത്വം സമൃദ്ധിയുടെ പൂക്കാലങ്ങളായി വിടരണം. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ക്കു മലയാളിയുടെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിയാന്‍ കൂടിയുള്ള അവസരമായി ഈ ഉത്സവകാലം മാറും.

വിനോദ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് ആകര്‍ഷിക്കാന്‍ കൂടിയുള്ള അവസരമായാണ് ഉത്സവത്തെ ഒരുക്കുന്നത്. വിനോദ സഞ്ചാര പ്രാമൂഖ്യമുള്ള സ്ഥലങ്ങളില്‍ത്തന്നെയാണ് വിവിധ കലാപ്രദര്‍ശനങ്ങളുടെ വേദികളൊരുക്കുന്നത്.

ഉത്സവത്തിന്റെ  സംസ്ഥാനതല  ഉദ്ഘാടനത്തിന് ബേക്കല്‍ വേദിയാകും. ഡിസംബര്‍ 26ന് വൈകുന്നേരം ആറ് മണിക്ക് ഉത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ നിര്‍വഹിക്കും. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എം.പി കലാകാരന്‍മാരെ ആദരിക്കും.

ഉദ്ഘാടനത്തിന് ശേഷം പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന റിഥം ഓഫ് കേരള (കേരളീയ കലകളുടെ മഹോത്സവം) അരങ്ങേറും. ബേക്കലിന്റെ പ്രകൃതി സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള 8 വേദികളിലായി തനിമയാര്‍ന്ന കലാരൂപങ്ങള്‍ അവതരിപ്പിക്കും. അരീന, ത്രസ്റ്റ്, പ്രൊസനീയം, ഏറുമാടം, സാന്‍വിച്ച് തിയ്യറ്റര്‍, ഓപ്പണ്‍എയര്‍ തിയ്യേറ്റര്‍ സ്‌പെയ്‌സസ് - എന്നിവിടങ്ങളില്‍ വെളിച്ച ക്രമീകരണത്തിന്റേയും സംഗീതത്തിന്റേയും അര്‍ത്ഥയുക്തമായ പശ്ചാത്തലത്തിലാണ് ഉത്സവ കാഴ്ചകള്‍ അരങ്ങേറുക. ഓരോ കലാരൂപത്തേയും പ്രേക്ഷകര്‍ക്ക് ലളിതമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള രംഗാവതരണം ഇടതടവില്ലാതെ ഉണ്ടാകും.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഉത്സവക്കാഴ്ചകളുടെ തനിമ നിലനിര്‍ത്തുന്ന ചടുലമായ ദൃശ്യതാളങ്ങളാണ് ഈ അവതരണത്തിനായി ഒരുങ്ങുന്നത്. ആദ്യം താളത്തിന്റെ അവതരണവും തുടര്‍ന്ന് താളവും ദൃശ്യവും ചേര്‍ന്ന അവതരണങ്ങളും ഒടുവില്‍ 24 ഓളം കലാരൂപങ്ങള്‍ സമന്വയിപ്പിച്ച് പ്രത്യേകം ചിട്ടപ്പെടുത്തിയ പ്രകൃതിയുടെ നന്മയ്ക്കായുള്ള ഗാനത്തിന്റെ കോറിയോഗ്രാഫിയും എട്ട് വേദികളിലായി ഒരുമിച്ച്  അരങ്ങേറും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്സവക്കാഴ്ചകള്‍ക്ക് കേരളത്തിന്റെ താളവും ദൃശ്യവും തിയ്യറ്റര്‍ ദൃശ്യ സാധ്യതകളും ഇഴചേര്‍ന്ന അര്‍ത്ഥപൂര്‍ണമായ ദൃശ്യവിരുന്ന് പ്രേക്ഷകരെ നിര്‍വ്യതിയിലാഴ്ത്തും.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി. കുഞ്ഞിരാമന്‍, ഡി.ടി.പി.സി സെക്രട്ടറി നാഗേഷ് തെരുവത്ത്, ഡി.ടി.പി.സി മെമ്പര്‍ പി.കെ. ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Press meet, Tourism, Festival, Kerala, Bekal, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia