city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശുചിത്വ കേരള മിഷന്റെ സമ്പൂര്‍ണ ശുചി മുറി നിര്‍മാണത്തില്‍ വൻ തട്ടിപ്പ് നടന്നെന്ന് ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 13/04/2017) ശുചിത്വ കേരള മിഷന്റെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തില്‍ നടത്തിയ ശുചി മുറി നിര്‍മാണത്തില്‍ വന്‍ തട്ടിപ്പ് നടന്നതായി ആക്ഷേപമുയര്‍ന്നു. സി പി എം നേതാവായ എന്‍ ടി ലക്ഷ്മി പ്രസിഡന്റായിരുന്ന ഭരണ സമിതി പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കാവശ്യമായ ശുചി മുറികള്‍ നിര്‍മിക്കാന്‍ വെള്ളരിക്കുണ്ട് സ്വദേശിക്ക് കരാറു നല്‍കിയതാണ് വിവാദമായത്.

ഒരു ശുചി മുറിക്ക് 15,400 രൂപയാണ് ഉപഭോക്താവിന് നല്‍കുന്നത്. ഇതില്‍ 12,000 രൂപ ശുചിത്വമിഷന്‍ നല്‍കുമ്പോള്‍ 3,400 രൂപ പഞ്ചായത്തിന്റെ വിഹിതമായി നല്‍കുന്നതാണ്.

ശുചിത്വ കേരള മിഷന്റെ സമ്പൂര്‍ണ ശുചി മുറി നിര്‍മാണത്തില്‍ വൻ തട്ടിപ്പ് നടന്നെന്ന് ആക്ഷേപം


നൂറ് ശുചി മുറികള്‍ നിര്‍മിക്കാനായിരുന്നു കരാര്‍ നല്‍കിയത്. ടിന്‍ ഷീറ്റ് കൊണ്ട് മറച്ച ഒരു ചതുരശ്ര മീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഇടുങ്ങിയ ശുചി മുറിയാണ് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. കേവലം ഒരു കോല്‍ മാത്രം ആഴമുള്ള രണ്ടടിയോളം വശവുമുള്ള ചതുരാകൃതിയായ കുഴിയാണ് ഇതിനായി നിര്‍മിച്ചത്.

കമ്പി ഉപയോഗിക്കാതെ കുഴിക്ക് മീതെ കാട്ടു കമ്പുകള്‍, തെങ്ങിന്റെ മട്ടല്‍ എന്നിവ നിരത്തി അതിന് മീതെ നേരിയ കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്താണ് കുഴികള്‍ അടച്ചിരിക്കുന്നത്. ക്ലോസറ്റ് വെച്ചിരിക്കുന്ന തറയുടെ വശങ്ങളില്‍ സിമന്റ് തേക്കുകയും ചെയ്തിട്ടില്ല. ശുചി മുറിയുടെ കുഴി ചെറുതായതിനാല്‍ അടുത്ത മഴക്കാലത്ത് തന്നെ കുഴിയില്‍ വെള്ളം നിറഞ്ഞ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാകും.

സര്‍ക്കാര്‍ അനുവദിച്ച തുകയുടെ പകുതിപോലും ചെലവഴിക്കാതെയാണ് ശുചി മുറി നിര്‍മിച്ചിരിക്കുന്നത്. ശുചി മുറി നിര്‍മിക്കാന്‍ കോളനികളിലെത്തിയ സംഘം വീട്ടുകാരോട് ചെങ്കല്ല്, മണല്‍, മെറ്റല്‍ എന്നിവ ചോദിച്ച് വാങ്ങി ശുചിമുറി നിര്‍മാണത്തിന് ഉപയോഗിച്ചു. കൂടാതെ പണിക്കൂലി നല്‍കാം എന്ന് വാഗ്ദാനം നല്‍കി അവരെ പണിക്കും കുട്ടി. എന്നാല്‍ വീട്ടുകാരില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ക്ക് വിലയോ അവര്‍ക്ക് പണിക്കൂലിയോ നല്‍കിയില്ല.

ഭിത്തിക്കായി ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകള്‍ തറയില്‍ നിന്നും രണ്ടിഞ്ചോളം പൊക്കിയാണ് ഉറപ്പിച്ചിരിക്കുന്നത്. അതിനാല്‍ സ്വകാര്യത നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വീട്ടുകാര്‍ പറയുന്നു.നിരവധി സ്ഥലങ്ങളില്‍ ശുചി മുറികളുടെ തറ മിനുക്കുകയോ ഷീറ്റുകള്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ്    ഫ്രൈയിം തറയില്‍ ഉറപ്പിക്കുകയോ ചെയ്തിട്ടില്ല നല്ലൊരു കാറ്റ് വീശിയാല്‍ എല്ലാം തകര്‍ന്ന് പോകുന്ന അവസ്ഥയാണുള്ളത്.

കുറ്റിക്കോല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ തലപ്പാറ, കാവിന്റടി മൊട്ട, എന്നീ വിടങ്ങളിലെ മുഴുവന്‍ ശുചി മുറികള്‍ ഉള്‍പ്പെടെ എല്ലാ വാര്‍ഡിലുമായി നൂറോളം ശുചി മുറികള്‍ നിര്‍മിക്കാനായിരുന്നു കരാര്‍. കുറ്റിക്കോലിനെ സമ്പൂര്‍ണ ശുചി മുറി പഞ്ചായത്തായി പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഏജന്‍സിയെ പണി ഏല്‍പ്പിച്ചതില്‍ മുപ്പതോളം ശുചി മുറികളുടെ നിര്‍മാണം ഇനിയും പുര്‍ത്തിയായിട്ടുമില്ല. കരാര്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പഞ്ചായത്ത് പാലിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കൊട്ടേഷന്‍ ക്ഷണിക്കാതെയാണ് ഈ കരാറുകാരന് ശുചി മുറികള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.

കുറ്റിക്കോല്‍ പഞ്ചായത്തിലെ ഒരു സി പി എം അംഗം വഴിയാണ് കരാറുകാരന്‍ ശുചി മുറികളുടെ നിര്‍മാണ കരാര്‍ നേടിയെടുത്തതെന്ന് ആക്ഷേപമുണ്ട്. അഞ്ച് ലക്ഷത്തോളം രൂപ പഞ്ചായത്ത് അധികൃതരില്‍ നിന്നും കൈപ്പറ്റിയ കരാറുകാരന്‍ ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്.

ശുചി മുറി നിര്‍മാണത്തില്‍ പാവപ്പെട്ട ആദിവാസികള്‍ക്കവകാശപ്പെട്ട പണം കരാറുകാരന്‍ തട്ടിയെടുത്ത നടപടിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ അബ്രാഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ബന്ധപ്പെട്ടവരില്‍ നിന്നും വിശദീകരണം തേടി.


Keywords:   Kasaragod, Public Toilet, Contractors, Cheating, Fraud, Construction plan,  CPM,  Worker, Toilet construction: Complaint against project.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia