Tragedy | 'പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി'; 2 വയസുകാരന് ദാരുണാന്ത്യം

● കുമ്പള ഭാസ്കര നഗറിലാണ് സംഭവം
● അൻവർ - മഅറൂഫ ദമ്പതികളുടെ മകൻ അനസ് ആണ് മരിച്ചത്
● പിതാവ് ഗൾഫിലാണ്.
കുമ്പള: (KasargodVartha) പിസ്തയുടെ തൊലി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ ദാരുണമായി മരിച്ചു. കുമ്പള ഭാസ്കര നഗറിലെ പ്രവാസിയായ അൻവർ - മഅറൂഫ ദമ്പതികളുടെ മകൻ അനസ് ആണ് മരിച്ചത്. വീട്ടിൽ വെച്ച് അനസ് പിസ്തയുടെ തൊലി എടുത്ത് കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
തൊലി തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് വീട്ടുകാർ ഉടൻതന്നെ ഒരു കഷണം കൈകൊണ്ട് പുറത്തെടുക്കുകയും തുടർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.
ഡോക്ടർമാർ കുട്ടിയെ പരിശോധിച്ചെങ്കിലും തൊണ്ടയിൽ പിസ്തയുടെ തൊലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ലെന്നാണ് പറയുന്നത്.
തുടർന്ന് വീട്ടിൽ എത്തിയെങ്കിലും ഞായറാഴ്ച പുലർച്ചെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് കുട്ടിയുടെ പിതാവ് അൻവർ ഗൾഫിലേക്ക് പോയത്.
അനസിന്റെ അപ്രതീക്ഷിതമായ വേർപാട് കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ഖബറടക്കം കുമ്പള ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. അനസിന് ആഇശ എന്നൊരു സഹോദരി കൂടിയുണ്ട്.
#Kumbala #Tragedy #ChildDeath #Pistachio #Accident #Kerala