സ്കൂള്‍ പരിസരത്ത് പുകയില ഉല്പന്ന വിപണനം കര്‍ശനമായി തടയും
May 28, 2012, 16:37 IST

കാസര്‍കോട്: സ്കൂളുകളുടെ പരിസരത്ത് പുകയില ഉല്പന്നങ്ങളുടെ വിപണനം കര്‍ശനമായി തടയാന്‍ ഇതുസംബന്ധിച്ചു ചേര്‍ന്ന ജില്ലാതല ഉന്നതതല യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അദ്ധ്യക്ഷത വിഹിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 400 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്പന്നം വില്‍ക്കാന്‍ പാടില്ല. ഇത്തരം കച്ചവടങ്ങള്‍ക്കെതിരെ നിയമം കര്‍ശനമായി നടപ്പിലാക്കും. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഒഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ അടങ്ങിയ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി നിയമം നടപ്പാക്കിയത് സംബന്ധിച്ച മോണിറ്ററിംഗ് നടത്തും.
സ്കൂള്‍ പരിസരത്ത് പുകയില ഉല്പന്നങ്ങളുടെ വില്പന നിരോധിച്ചതിന് പുറമെ ഇത്തരം ഉല്പന്നങ്ങളുടെ പരസ്യവും നിരോധിച്ചിട്ടുണ്ട്. സ്കൂള്‍ പരിസരത്ത് പുകയില വില്പന തടയുന്നതിന് സ്കൂള്‍തല പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. പ്രധാന അധ്യാപകന്‍, അധ്യാപക രക്ഷാകര്‍തൃ സമിതി അംഗങ്ങള്‍, അതാത് പോലീസ് സ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരിക്കും. പുകയില ഉല്പന്നങ്ങളുടെ വിപണനം തടയുന്നത് സംബന്ധിച്ച് പ്രധാന അധ്യാപകര്‍ പരാതി ലഭിച്ചാല്‍ 15 ദിവസത്തിനകം യോഗം വിളിച്ചു ചേര്‍ത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. ഓരോ സ്കൂളിലും ലഭിച്ച പരാതികളില്‍ എടുത്ത നടപടികള്‍ ഡിഡിഇ ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
പാന്‍ മസാലയും വില്‍ക്കരുത്
പാന്‍ മസാല വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച നിയമം കര്‍ശനമായി നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. ഫുഡ് സേഫ്റ്റി ആന്റ് സ്റാന്റേര്‍ഡ്സ്-പ്രൊഹിബിഷന്‍ ആന്റ് റസ്ട്രിക്ഷന്‍ ഓണ്‍ സെയില്‍സ് റഗുലേഷന്‍ നിയമമനുസരിച്ച് പാന്‍ മസാല വില്‍പ്പന ചെയ്തവര്‍ക്ക് തടവു ശിക്ഷയും, പിഴയും ചുമത്തുന്നതാണ്.
സ്കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ തന്നെ പുകയില ഉല്പന്നം, പാന്‍ മസാല എന്നിവയുടെ ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്ന പരിപാടികള്‍ എല്ലാ സ്കൂളുകളുലും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പോലീസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ഓരോ സ്കൂളിലെയും ഹെഡ്മാസ്റര്‍മാര്‍ക്കും, ഒരു അധ്യാപകനും സബ്ജില്ലാ തലത്തില്‍ പ്രത്യോക പരിശീലന ക്ളാസുകള്‍ സംഘടിപ്പിക്കും. പുകയില പാന്‍ മസാല ഉപയോഗം മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍, വില്‍പ്പന നടത്തിയാലുള്ള നിയമ നടപടി എന്നിവയെക്കുറിച്ച് ക്ളാസുകള്‍ സംഘടിപ്പിക്കും. ചെറുകിട കച്ചവടക്കാര്‍ക്കും ഇത്തരത്തില്‍ പ്രത്യോക ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിക്കും. ജില്ലയിലെ അണ്‍എയ്ഡഡ് സ്കൂളിലും ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
യോഗത്തില്‍ അസിസ്റന്റ് പോലീസ് സൂപ്രണ്ട് ടി.കെ.ഷിബു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ എം.സി.വിമല്‍രാജ്, ഇ.മോഹനന്‍ മറ്റു വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Keywords: Tobaco, Banned, School, Kasaragod