High Court Ruling | പാർസൽ ഷവർമയിൽ സമയവും തീയതിയും: ഹൈകോടതി ഉത്തരവിനെ തുടർന്ന് ഹോട്ടലുകളിൽ നോട്ടീസ് പതിച്ചു തുടങ്ങി
● ഹൈകോടതി ഉത്തരവിന്റെ പ്രകാരം, ഷവർമ പാക്കറ്റുകളിൽ സമയം, തീയതി രേഖപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.
● ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശ പ്രകാരം ഹോട്ടലുകളിൽ നോട്ടീസ് പതിച്ച് ഹോട്ടൽ ഉടമകൾ.
● പാഴ്‌സൽ ഭക്ഷണത്തിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ കൂടുതൽ സമയം വെച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം, ഹോട്ടലുകൾ ശ്രദ്ധിക്കും.
കാസർകോട്: (KasargodVartha) ഷവർമ പാർസൽ കൊടുക്കുന്നുണ്ടെങ്കിൽ സമയവും, തീയതിയും രേഖപ്പെടുത്തണമെന്നുള്ള ഹൈകോടതി നിർദേശം ഷവർമ വില്പനശാലകൾ പാലിച്ചു തുടങ്ങി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശപ്രകാരമാണ് ഷവർമ വില്പനയുള്ള ഹോട്ടലുകൾ ഉപഭോക്താക്കൾക്ക് നിബന്ധനകൾ അറിയിച്ചുകൊണ്ട് ഹോട്ടലുകളിൽ നോട്ടീസ് പതിച്ചിരിക്കുന്നത്.
ഷവർമ പാക്കറ്റുകളിൽ സമയവും, തീയതിയും രേഖപ്പെടുത്തണമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ ഹോട്ടലുടമകൾ ഇത് നോട്ടീസിൽ ഒതുക്കി. ഇത് മതിയെന്ന നിലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കണ്ണടച്ചു. കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ ഷവർമ കഴിച്ചു മരിച്ച സംഭവത്തിലായിരുന്നു കോടതി ഭക്ഷ്യസുരക്ഷയിൽ നടപടി കടിപ്പിച്ച് ഉത്തരവിട്ടത്.
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യവകുപ്പ് ഉറപ്പാക്കാത്തതാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് മാതാവ് നൽകിയ പരാതി തീർപ്പാക്കി കൊണ്ടാണ് ഹൈകോടതി ഒരു മാസം മുൻപ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്പോൾ ഹോട്ടലുകളിൽ സ്ഥാപിച്ചിട്ടുള്ള നോട്ടീസുകളിൽ കുഴിമന്തി, അൽഫാം, ഷവർമ തുടങ്ങിയവയോടൊപ്പം നൽകുന്ന തണുത്ത വിഭവങ്ങളായ മയോണൈസ്, കെച്ചപ്പ്, ചട്ണി എന്നിവ എത്രയും പെട്ടെന്ന് ഉപയോഗിക്കണമെന്നും, ഭക്ഷണം ഒന്നിൽ കൂടുതൽ തവണ ചൂടാക്കുകയോ വീണ്ടും തണുപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
പാഴ്‌സൽ വാങ്ങുന്ന ഭക്ഷണങ്ങൾ കൂടുതൽ സമയം വെച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഹോട്ടൽ ഉടമകൾ ഉത്തരവാദികളല്ല എന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മയോണൈസ് പോലുള്ളവ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, പാഴ്‌സൽ ഭക്ഷണം ഒരു മണിക്കൂറിനുള്ളിൽ കഴിക്കണമെന്നും പുതിയ അറിയിപ്പുകളിൽ പറയുന്നു. ഈ നിർദേശങ്ങൾ പാലിക്കണമെന്ന് ഹോട്ടൽ ഉടമകൾ ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നുമുണ്ട്.
#Shawarma #FoodSafety #HighCourtOrder #ParcelFood #Kasargod #HealthAdvisory