Achievement | വെറും 2 വയസിൽ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ കുഞ്ഞുബാലൻ; അത്ഭുതം തീർത്ത് എസ്ദാൻ മുഹമ്മദ്
രൂപങ്ങൾ, ഭക്ഷണം, പഴങ്ങൾ, നിറങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ തുടങ്ങി വിവിധ തരം ചിത്രങ്ങളാണ് എസ്ദാൻ തിരിച്ചറിഞ്ഞത്
കാസർകോട്: (KasargodVartha) വെറും രണ്ട് വയസിൽ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ കുഞ്ഞുബാലൻ. തായലങ്ങാടിയിലെ മുഹമ്മദ് ഫൈസൽ - ഫാത്വിമ അബ്ദുൽ ഹകീം ദമ്പതികളുടെ മകൻ എസ്ദാൻ മുഹമ്മദ് ആണ് അഭിമാനമായത്.
54 ചിത്രങ്ങൾ വെറും നാല് മിനിറ്റും 50 സെകൻഡും കൊണ്ട് തിരിച്ചറിഞ്ഞ് പേര് പറഞ്ഞാണ് ഈ കൊച്ചുമിടുക്കൻ ഈ നേട്ടം കൈവരിച്ചത്. രൂപങ്ങൾ, ഭക്ഷണം, പഴങ്ങൾ, നിറങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ തുടങ്ങി വിവിധ തരം ചിത്രങ്ങളാണ് എസ്ദാൻ തിരിച്ചറിഞ്ഞത്.
2022 ഫെബ്രുവരി 10-ന് ജനിച്ച എസ്ദാൻ മുഹമ്മദ് ഫൈസൽ, വെറും രണ്ട് വയസും നാല് മാസവും പിന്നിട്ട കാലയളവിൽ തന്നെ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിന്റെ 'ഐബിആർ ആചീവർ’ എന്ന ബഹുമതി നേടിയത് ഏറെ സന്തോഷം പകരുന്ന നേട്ടമാണെന്ന് മാതാപിതാക്കൾ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
ചെറിയ പ്രായത്തിൽ ഇത്രയും അറിവ് നേടിയെടുക്കാൻ എസ്ദാനിന് കഴിഞ്ഞത് മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും കൊണ്ടാണ്. ദുബൈയിലാണ് എസ്ദാൻ മുഹമ്മദും കുടുംബവും താമസിക്കുന്നത്. ദുബൈയിൽ ബാങ്കറാണ് പിതാവ് മുഹമ്മദ് ഫൈസൽ. സംരംഭകയും എതിർത്തോട് സ്വദേശിനിയുമായ മാതാവ് ഫാത്വിമ അബ്ദുൽ ഹകീമും വിവിധ മേഖലകളിൽ തന്റെ സർഗപ്രതിഭ തെളിയിച്ചിട്ടുണ്ട്.