Sighting | പിലിക്കോടും പടന്നയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ; കാൽപ്പാടുകൾ കണ്ടെത്തി; കാമറകൾ സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ
● വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല
● സിസിടിവിയിൽ പുലി ഓടിപ്പോകുന്നത് പതിഞ്ഞിട്ടുണ്ട്
● വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി
തൃക്കരിപ്പൂർ: (KasargodVartha) പിലിക്കോട് പഞ്ചായതിലെ മാങ്കടവത്ത് കൊവ്വലിലും പടന്നയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ വെളിപ്പെടുത്തിയതിനെ തുടർന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പടന്ന റഹ്‌മാനിയ്യ മദ്രസ ജംഗ്ഷനില്‍ വെച്ചാണ് ആദ്യം പുലിയെ കണ്ടതായി വെളിപ്പെടുത്തൽ ഉണ്ടായത്. പ്രദേശത്തെ യുവാക്കാള്‍ ആണ് പഴയ മദ്രസ സ്ഥിതി ചെയ്ത കെട്ടിടത്തിന് സമീപത്ത് പുലിയെ കണ്ടതായി അറിയിച്ചത്.
വിമാനത്താവളത്തില്‍ പോയി മടങ്ങിയെത്തിയതായിരുന്നു ഇവർ. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതരും പൊലീസും പ്രദേശവാസികളും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്ഥലത്തെ വി പി അസീസിൻ്റെ വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ 4.15 ന് പുലി ഓടിപ്പോകുന്നതും കാട്ടിലേക്ക് മറയുന്നതും സിസിടിവി ദൃശ്യത്തിൽ ഉണ്ട്.
ഇതിന് പിന്നാലെ പിലിക്കോട് പഞ്ചായതിലെ 15-ാം വാര്‍ഡായ മാങ്കടവത്ത് കൊവ്വലിൽ തൊഴിലുറപ്പ് തൊഴിലാളികൾ പുലിയെ കണ്ടതായി വെളിപ്പെടുത്തി. പുലി അവശനിലയിലായിരുന്നുവെന്നും ഇവർ പറഞ്ഞു. പുലിയുടെതെന്ന് കരുതുന്ന കാല്‍പ്പാടുകളും കണ്ടെത്തി. പുലിലെ അവസാനമായി കണ്ടെന്ന് പറയുന്ന മങ്കടവത്ത് കൊവ്വലിൽ രണ്ടിടത്തായി വൈകീട്ടോടെ കാമറകൾ സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ അശ്റഫും കാഞ്ഞങ്ങാട് ഫോറസ്റ്റ് റേൻജ് ഓഫീസർ കെ രാഹുലും കാസർകോട് വാർത്തയോട് പറഞ്ഞു.
സെക്ഷന്‍ ഓഫീസര്‍ കെ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി റിപോർട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കാമറകൾ വെക്കാൻ തീരുമാനിച്ചത്. ഡിഎഫ്ഒയും റേൻജ് ഓഫീസറും സ്ഥലം സന്ദർശിക്കും.
#tigerspotted #Kerala #wildlife #forest #conservation #CCTV