Allegation | ‘മുളിയാറിൽ പുലികൾ പെറ്റു പെരുകുന്നു'; കൂട്ടത്തോടെ പിടികൂടി ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യം
● മുളിയാർ പഞ്ചായത്തിൽ പുലി ആക്രമണങ്ങൾ പതിവായി.
● വനം വകുപ്പ് പുലികളുടെ സാന്നിധ്യം മറച്ചുവെക്കുന്നുവെന്ന് ആരോപണം.
● വനം സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യം.
ബോവിക്കാനം: (KasargodVartha) മുളിയാർ പഞ്ചായത്തിൽ പുലികൾ പെറ്റുപെരുകുന്നതായി ആക്ഷേപം. വനം വകുപ്പിന്റെ നിഷ്ക്രിയത്വം കാരണം ജനജീവനം ദുരിതത്തിലായെന്നാണ് വിമർശനം. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പുലികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഇവിടെ ഇല്ലാത്തതിനാൽ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇവ കടന്നുവരുന്നത് വലിയ ആശങ്കയാണ്. പ്രത്യേകിച്ച് സ്കൂൾ കുട്ടികൾ അടക്കമുള്ളവർ അതിരാവിലെയും രാത്രിയിലും സഞ്ചരിക്കുന്നതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്.
ഇതിനിടെ, പഞ്ചായത്തിലെ ജരിയണ്ണി, കാനത്തൂർ നെയ്യങ്കയം, പാനൂർ, ബേപ്പ്, ബാവിക്കര, നസ്രത്ത് നഗർ, ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിൽ നാലോളം പുലികളും, പുലി കുഞ്ഞുങ്ങളുടെയും സാന്നിധ്യം കണ്ടെത്തിയത് വനം വകുപ്പ് രഹസ്യമാക്കി വെച്ചിരിക്കുകയാണെന്ന് മുളിയാർ പീപ്പിൾസ് ഫോറം യോഗം ആരോപിച്ചു. മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പുലികളെ കൂട്ടത്തോടെ കൂട് വെച്ച് പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കുക, ബാക്കിയുള്ള ആറ് കിലോമീറ്റർ ദൂരത്ത് സോളാർ വേലി സ്ഥാപിക്കുക, കൃഷിക്കാർക്ക് നഷ്ടപരിഹാരം വർധിപ്പിച്ച് സമയബന്ധിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. യോഗത്തിൽ പ്രസിഡന്റ് ബി അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം, ഉപദേശക സമിതി ചെയർമാൻ കെ.ബി മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ ശരീഫ് കൊടവഞ്ചി, അബ്ദുൽ റഹിമാൻ മാസ്റ്റർ,സാദത്ത് മുതലപ്പാറ, എബി കുട്ടിയാനം എന്നിവർ സംസാരിച്ചു.
#MuliyarTigerAttack #KeralaWildlife #ForestDepartment #HumanWildlifeConflict