Wildlife Attack | ഇരിയണ്ണിയില്‍ മരത്തിന് മുകളില്‍നിന്നും പുലി യുവതിക്ക് നേരെ ചാടി; രക്ഷപ്പെട്ടത് സാഹസികമായി; കൂടും കാമറയും സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ
● ഇരിയണ്ണിയിൽ പുലി ആക്രമണം
● വനംവകുപ്പ് അലർട്ട്
● പ്രദേശവാസികൾ ആശങ്കയിൽ
കാസര്‍കോട്: (KasargodVartha) മുളിയാര്‍ റിസര്‍വ് വനത്തിന് സമീപത്തെ ഇരിയണ്ണിയില്‍ മരത്തിന് മുകളില്‍നിന്നും പുലി യുവതിക്ക് നേരെ ചാടി. ഇവര്‍ സാഹസികമായാണ് പുലിയുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
ഇതിന് മുന്‍പും ഇരിയണ്ണിയിലും തൊട്ടടുത്ത പ്രദേശമായ കാനത്തൂര്‍, ബീട്ടിയടുക്കം ഭാഗങ്ങളിലും പുലിയെ കണ്ടതായി പ്രദേശവാസികളും വാഹനയാത്രക്കാരും വെളിപ്പെടുത്തിയിരുന്നു. ഈ ഭാഗത്ത് പുലിയുള്ള കാര്യം സ്ഥിരീകരിച്ചിരുന്നുവെന്ന് ജില്ലാ വനംവകുപ്പ് ഓഫീസര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇരിയണ്ണി ടൗണിന് സമീപത്തെ ആയുര്‍വേദ ആശുപത്രി, എല്‍പി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്കടുത്താണ് രാവിലെ വീട്ടമ്മ പുലിയെ കണ്ടത്. ഇവര്‍ നിലവിളിച്ചതോടെ, പുലി മറ്റൊരു ഭാഗത്തേക്ക് ഓടി മറയുകയും ഇവര്‍ പെട്ടെന്ന് വീട്ടിലേക്ക് തന്നെ മടങ്ങുകയുമായിരുന്നു. കുറ്റിയടുക്കം ഭാഗത്തേക്കാണ് പുലി പോകാന്‍ സാധ്യതയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സംഭവത്തില്‍ 120 ഓളം കുട്ടികള്‍ പഠിക്കുന്ന ഇരിയണ്ണി എല്‍പി സ്‌കൂളിലെ രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനാധ്യാപിക രജിത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും വാഹനത്തിലാണ് വരുന്നതെന്നും കുറച്ച് കുട്ടികള്‍ മാത്രമാണ് നടന്ന് സ്‌കൂളിലെത്തുന്നതെന്നും അധ്യാപിക പറഞ്ഞു. നടന്നുവരുന്ന കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരിച്ച് കൊണ്ടുപോകാനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരം ഇരുട്ടുന്ന സമയത്താണ് ഇതിനുമുന്‍പ് പുലിയെ പലയിടത്തും കണ്ടിരുന്നത്. പകല്‍ വെളിച്ചത്തില്‍ പുലിയെ കാണുത്തത് ഇത് ആദ്യമായാണ്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായിട്ടുണ്ട്. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തിന് സമീപം കാമറും കൂടും സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. വനംവകുപ്പ് റേഞ്ച് ഓഫീസര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ പലതവണ ഈ ഭാഗത്ത് പുലിയെ കണ്ടതായി സമീപവാസികള്‍ വെളിപ്പെടുത്തി.
മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് ഉദ്യോഗസ്ഥന്റെ കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. മടിക്കേരി ഭാഗത്തെ കോളജില്‍ പഠിക്കുന്ന മകളെ ബസില്‍ വരുമ്പോള്‍, ബോവിക്കാനത്ത് ഇറങ്ങിയാല്‍ കൂട്ടികൊണ്ട് വരാന്‍ പോകുന്ന വഴിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ കാട്ടുപോത്ത് ഇടിച്ച് തെറിപ്പിച്ചത്. ഭാഗ്യം കൊണ്ടാണ് നിസാര പരുക്കുകളോടെ ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്. ആക്രമണത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നിരുന്നു.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പലയിടത്തും സുരക്ഷാ വേലികള്‍ ഇല്ലാത്തതും വനത്തിന് നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത് എന്നതും ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പുലിഭീഷണി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികള്‍.
#tigerattack #kasargod #wildlife #kerala #india #safety #wildlifeconservation