Unusual | മുട്ടയിട്ട തള്ളക്കോഴി അഹങ്കാരിയായി മാറി നിന്നു; പൂവന്‍ ആ ദൗത്യം ഏറ്റെടുത്തപ്പോള്‍ വിരിഞ്ഞത് 3 കുഞ്ഞുങ്ങള്‍!

● ഉദിനൂരിലെ കരപ്പാത്ത് കുഞ്ഞിക്കോരൻ്റെ വീട്ടിലാണ് ഈ അപൂർവ്വ സംഭവം നടന്നത്.
● നാല് മുട്ടയിട്ടതിൽ മൂന്ന് മുട്ടകൾ പൂവൻ കോഴി വിരിയിച്ചു.
● 21 ദിവസമെടുത്താണ് മുട്ട വിരിഞ്ഞത്.
● നാട്ടുകാർക്ക് കൗതുകമായി മാറിയിരിക്കുകയാണ് ഈ കാഴ്ച.
തൃക്കരിപ്പൂര്‍: (KasargodVartha) മുട്ടയിട്ട തള്ളക്കോഴി അഹങ്കാരിയായി മാറി നിന്നത് കാരണം പൂവന്‍ കോഴി ആ ദൗത്യം ഏറ്റെടുത്തപ്പോള്‍ വിരിഞ്ഞത് മൂന്ന് കുഞ്ഞുങ്ങള്‍. ഉദിനൂരിലാണ് ഈ കൗതുക കാഴ്ച. തന്റെ ചൂടില്‍ വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളെ സ്‌നേഹത്തില്‍ പൊതിയുകയാണ് ഈ പൂവന്‍ കോഴി.
സാധാരണ പിടക്കോഴികളാണ് മുട്ടയിട്ട് അടയിരിക്കാറ്. എന്നാല്‍ ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ കാലിച്ചാന്‍ ദേവസ്ഥാനത്തിന് സമീപത്തെ മുന്‍ മില്‍മ ജീവനക്കാരന്‍ കരപ്പാത്ത് കുഞ്ഞിക്കോരന്റെ വീട്ടിലാണ് പൂവന്‍കോഴി അടയിരുന്ന് വിപ്ലവം സൃഷ്ടിച്ചത്.
കുഞ്ഞിക്കോരന്റെ വീട്ടിലെ പിടക്കോഴികള്‍ എന്നും മുട്ടയിടാറുണ്ടെങ്കിലും അടയിരിക്കുന്ന സ്വഭാവമില്ല. രണ്ടും മുട്ടയിട്ടശേഷം എന്തെങ്കിലും കൊത്തിപ്പറിച്ച് കറങ്ങും. മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടിലെ പൂവന്‍ കോഴി എപ്പോഴും കൂട്ടിലിരിക്കുന്നത് കണ്ട് ഒരു കൗതുകത്തിന് നാല് മുട്ടകള്‍ വീട്ടുകാര്‍ വെച്ചത്.
അതിനുശേഷം കോഴി കൂട്ടിന് പുറത്ത് ഇറങ്ങിയില്ല. പൂവന്‍ കോഴി മുട്ടയ്ക്ക് മേലെ അടയിരുന്നു. എന്തു സംഭവിക്കും എന്ന് അറിയാന്‍ 21 ദിവസം എണ്ണി കുഞ്ഞിക്കോരനും കുടുംബവും കാത്തുനിന്നു. 15 ദിവസം കഴിഞ്ഞപ്പോള്‍ ആകാംഷയായി. 21-ാമത്തെ നാല് മുട്ടകളില്‍ മൂന്നെണ്ണം വിരിഞ്ഞു. ഒരെണ്ണം ബുധനാഴ്ച രാവിലെ കൂട്ടില്‍ ചത്ത നിലയിലും കണ്ടു. മുട്ട വിരഞ്ഞത് കണ്ട വീട്ടുകാരും പ്രദേശവാസികളും അത്ഭുതപ്പെട്ടു.
നാട്ടില്‍ ആദ്യത്തെ സംഭവം ആയിരുന്നു ഇത്. കോഴിക്കുഞ്ഞുങ്ങളെ ചിറകിനുള്ളില്‍ ഒളിപ്പിച്ച് പൂവനും എല്ലാവരെയും നോക്കി ഇങ്ങനെ ഇരുന്നു. കരിവെള്ളൂരില്‍ നിന്നും മുട്ട കൊണ്ടുവന്ന് വിരയിച്ചെടുത്ത രണ്ടു പൂവനിലൊന്നാണ് അടയിരുന്ന പൂവന്‍ എന്ന് കുഞ്ഞിക്കോരന്‍ പറഞ്ഞു. കോഴി കുഞ്ഞുങ്ങളെ ചിറകില്‍ ഒളിപ്പിക്കുന്നത് കാണുമ്പോള്‍ അറിയാം അതിന്റെ സ്‌നേഹമെന്നും ഇനിയും പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നാട്ടിലെ ചര്‍ച്ച ഈ പൂവന്‍ കോഴിയാണ്. മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ കുഞ്ഞുങ്ങളെ ഇടക്ക് പിടക്കോഴികളും വന്നു നോക്കാറുണ്ട്. ശൗര്യം കൂടിയ ഇനമാണ് അങ്കക്കോഴികള്‍ ആ വിഭാഗത്തിലെ കോഴിയാണ് കുഞ്ഞുങ്ങളെ സ്‌നേഹം കൊണ്ട് പൊതിയുന്നത്.
ഈ കൗതുക വാർത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവയ്ക്കുമല്ലോ?
Rooster in Thrikkaripur hatched three eggs after the hen refused to sit on them. This unusual event occurred at Karappath Kunjikkora's house in Udinoor, surprising locals.
#Thrikkaripur #Rooster #HatchingEggs #AnimalStory #KeralaNews #Unusual