city-gold-ad-for-blogger

കടലെടുക്കുന്ന തൃക്കണ്ണാട്: സംസ്ഥാന പാതയും ക്ഷേത്രവും അപകടത്തിൽ, നാട്ടുകാർ സമരത്തിൽ!

Coastal erosion threatening state highway in Thrikkannad
Photo: Special Arrangement

● ക്ഷേത്ര ഭരണസമിതി താത്കാലിക സംരക്ഷണം നൽകി.
● തോണികൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥ.
● നാട്ടുകാർ അര മണിക്കൂറോളം റോഡ് ഉപരോധിച്ചു.
● ബേക്കൽ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി.

കോട്ടിക്കുളം: (KasargodVartha) തൃക്കണ്ണാട് സംസ്ഥാന പാതയ്ക്ക് വെറും അഞ്ച് മീറ്റർ അടുത്ത് വരെ കടൽ അടിച്ചുകയറിയതോടെ രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. അധികൃതരുടെ അനാസ്ഥയാണ് സ്ഥിതി ഇത്രയധികം വഷളാക്കിയതെന്ന് ആരോപിച്ചായിരുന്നു സമരം. കോട്ടിക്കുളം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ കൊടുങ്ങല്ലൂർ മണ്ഡപവും കടൽക്ഷോഭ ഭീഷണിയിലാണ്.

കോട്ടിക്കുളം കൊടുങ്ങല്ലൂർ മണ്ഡപത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അടിത്തട്ടിലേക്ക് കടൽ തിരമാലകൾ ശക്തമായി അടിച്ചുകയറി. മണ്ഡപത്തിന്റെ ചുമരിന് താഴെ കടൽത്തിരകൾ തുരന്നു കയറിയതോടെ ഏത് നിമിഷവും മണ്ഡപം തകർന്നു വീഴുമെന്ന സ്ഥിതിയായി. 

ഇത് മനസ്സിലാക്കിയ കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര ഭരണസമിതി മണ്ണ് മാന്തിയും ട്രിപ്പറും വിളിച്ച് അടിയന്തര നടപടിയെന്ന നിലയിൽ മണ്ഡപത്തിന് പിന്നിൽ ചെത്തുകല്ലുകൾ പാകി താത്കാലിക സംരക്ഷണം നൽകി.

തോണികൾ പാർക്ക് ചെയ്തിരുന്ന സ്ഥലം വരെ കടൽ കയറിക്കൊണ്ടിരിക്കുകയാണ്. തോണികൾ വെക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. സംസ്ഥാന പാതയുടെ അഞ്ച് മീറ്റർ അകലെ വരെ കടൽ എത്തിയതോടെയാണ് ക്ഷുഭിതരായ ജനങ്ങൾ ഉച്ചയ്ക്ക് 12 മണിമുതൽ അര മണിക്കൂറോളം റോഡ് ഉപരോധിച്ചത്. 

റോഡ് ഗതാഗതം സ്തംഭിച്ചതോടെ ബേക്കൽ പോലീസ് സ്ഥലത്തെത്തി. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ബേക്കൽ സബ് ഇൻസ്പെക്ടർ ഉറപ്പുനൽകിയതിനെത്തുടർന്ന് റോഡ് ഉപരോധം താത്കാലികമായി പിൻവലിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം കാസർകോട് കളക്ടറേറ്റ് ചേമ്പറിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് തീരദേശവാസികൾ വ്യക്തമാക്കി.

തൃക്കണ്ണാട്ടെ കടൽക്ഷോഭത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: Thrikkannad faces severe coastal erosion, threatening highway and temple.

#KeralaCoastalErosion #Thrikkannad #CoastalCrisis #BekalPolice #TempleThreat #LocalProtest

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia