Tragedy | കാഞ്ഞങ്ങാട്ട് 3 സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു; അപകടത്തിൽപ്പെട്ടത് കോട്ടയത്ത് നിന്ന് വിവാഹ ചടങ്ങിന് എത്തിയവർ
● ശനിയാഴ്ച സന്ധ്യയ്ക്ക് 7.30 മണിയോടെയായിരുന്നു അപകടം.
● കോയമ്പത്തൂർ - ഹിസാർ വണ്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്.
● പൊലീസ് സ്ഥലത്തെത്തി.
കാഞ്ഞങ്ങാട്: (KasargodVartha) റെയിൽവേ സ്റ്റേഷന് സമീപം മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ചിന്നമ്മ (70), എയ്ഞ്ചല (30), ആലീസ് തോമസ് (60) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച സന്ധ്യയ്ക്ക് 7.30 മണിയോടെയായിരുന്നു അപകടം. മലബാർ എക്‌സ്പ്രസിൽ പോകാനായി റെയിൽവേ സ്റ്റേഷനിലേക്ക് വന്നതായിരുന്നു ഇവർ. ഇതിനിടയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂർ - ഹിസാർ എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം സംഭവിച്ചത്.
വിവരം അറിഞ്ഞ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നു.
#KanhangadTrainAccident #KeralaNews #Tragedy #IndiaNews #RailwaySafety