മണലെടുപ്പ്: വലിയപറമ്പ് ദ്വീപിന്റെ നിലനില്‍പ്പിന് ഭീഷണി
Apr 25, 2012, 10:48 IST
തൃക്കരിപ്പൂര്‍: വലിയപറമ്പിന്റെ സംരക്ഷണ ഭിത്തി തകര്‍ത്തുകൊണ്ട് കടല്‍ക്കരയില്‍ നിന്നും അനധികൃത മണലെടുപ്പ്. ദ്വീപിന്റെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തിക്കൊണ്ട് ഇടയിലെക്കാട്- വലിയപറമ്പ പാലം നിര്‍മ്മാണത്തിനായാണ് ഈ പകല്‍ക്കൊള്ള. വലിയപറമ്പിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെയാണ് അനധികൃത മണലെടുപ്പ് നടക്കുന്നത്. വികസന സമിതിയുടെ നേതൃത്വത്തിലാണ് വലിയപറമ്പിന്റെ കടലോരത്ത് നിന്നും മണലെടുക്കുന്നത്.
![]() |
കടല്‍ക്കരയില്‍ നിന്നും കുഴിച്ചെടുത്ത മണല്‍ പാലം സൈറ്റില്‍ കൂട്ടിയിട്ട നിലയില്‍ |
മണലെടുപ്പ് മൂലം പല ഭാഗങ്ങളിലും വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പാലം നിര്‍മ്മാണത്തിന് ലവണാംശമുള്ള കടല്‍ക്കരയിലെ മണല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന അറിവുണ്ടായിട്ടും ജന പ്രതിനിധികളടക്കമുള്ള വികസന സമിതി നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ ആരും തന്നെ മുന്നോട്ട് വന്നിട്ടില്ല. ട്രാക്ടറിലും മഹീന്ദ്രാ പിക്അപ്പ് വണ്ടിയിലുമായി കടല്‍ക്കരയില്‍ നിന്നും കുഴിച്ചെടുക്കുന്ന മണല്‍ വലിയപറമ്പ നാഗാലയത്തിന് സമീപം പാലം സൈറ്റില്‍ കൂട്ടിയിട്ട നിലയിലാണ്. ഒരു ലോഡിന് 450 രൂപ തോതിലാണ് വികസന സമിതി നേതാക്കള്‍ പാലം കരാറുകാരന് കടല്‍മണല്‍ വില്‍ക്കുന്നത്. മണലെടുക്കുന്നതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലമെടുക്കുന്നതിനുള്ള മൂന്ന് ലക്ഷം രൂപയുടെ ആവശ്യത്തിനാണത്രെ സ്വന്തം നാടിന്റെ സംരക്ഷണ കവചമായി നിലകൊള്ളുന്ന മണല്‍ത്തിട്ട നശിപ്പിക്കാന്‍ ഇക്കൂട്ടര്‍ തുനിഞ്ഞിറങ്ങിയത്.
2005ല്‍ ആരംഭിച്ച പാലം നിര്‍മ്മാണം എസ്റിമേറ്റ് തുക വര്‍ദ്ധിപ്പിക്കണമെന്നിവശ്യപ്പെട്ട് കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് എല്‍ ഡി എഫ് സര്‍ക്കാര്‍ എസ്റിമേറ്റ് പുതുക്കി തുക വര്‍ദ്ധിപ്പിച്ചെങ്കിലും പ്രവൃത്തി ഇഴയുകയാണ്. നാലാമത്തെ സ്പാനിന്റെ പ്രവര്‍ത്തി നടന്നു വരികയാണ്. കടലിനും കായലിനും ഇടയില്‍ 24 കിലോമീറ്റര്‍ നീണ്ട് കിടക്കുന്ന വലിയപറമ്പ് ഗ്രാമ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കടലും പുഴയുമായുള്ള അകലം കേവലം അമ്പത് മീറ്ററിനും നൂറ് മീറ്ററിനും ഇടയിലാണ്.
![]() |
കടല്‍ക്കരയില്‍ നിന്നും മണല്‍ കുഴിച്ചെടുത്ത് വാഹനത്തില്‍ നിറയ്ക്കുന്നു |
ഇവിടങ്ങളില്‍ വര്‍ഷങ്ങളായുള്ള മണലെടുപ്പ് മൂലം തിട്ടകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ തുടച്ചയായുള്ള മണലെടുപ്പ് പ്രദേശത്ത് കടലാക്രമണം വര്‍ദ്ധിക്കുവാനുള്ള സാധ്യത ഏറെയാണ്. വലിയപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കലാസമിതിയോ ക്ളബ്ബുകളോ രാഷ്ട്രീയ യുവജന സംഘടനകളോ ദ്വീപിന്റെ സംരക്ഷണത്തിന് കത്തിവെയ്ക്കുന്ന നിയമ വിരുദ്ധ നടപടിക്കെതിരെ പ്രതികരിക്കണമെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ നിയമപാലകരും റവന്യൂ അധികൃതരും ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Keywords: Valiyaparamba, Bridge, Sand, Trikaripur, Kasaragod