Danger | ദേശീയപാതയിലെ തെക്കിൽ പാലത്തില്‍ വൻ അപകട സാധ്യത; കോൺക്രീറ്റ് ബീം ഏതു സമയത്തും തകര്‍ന്നു വീഴാറായ നിലയില്‍
* ദിനംപ്രതി ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നു
ചെര്‍ക്കള: (KasargodVartha) ദേശീയപാത തെക്കില്‍ പാലത്തില്‍ വൻ അപകട സാധ്യത. കോൺക്രീറ്റ് ബീം ഏതു സമയത്തും തകര്‍ന്നു വീഴാറായ നിലയിലായിരിക്കുകയാണ്. പാലത്തിൻ്റെ കമാനത്തിനോട് ബന്ധിപ്പിച്ച കോൺക്രീറ്റ് ബീമാണ് മധ്യത്തിലായി തകര്‍ന്ന്, കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നത്.
ദിനംപ്രതി ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയിലെ പാലത്തിലാണ് യാത്രക്കാരുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന അപകട സാധ്യത നിലനില്‍ക്കുന്നത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി, നിലവിലുള്ള പാലത്തിൻ്റെ സമീപത്ത് പുതിയ പാലത്തിനുള്ള നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതിൻ്റെ പണി പൂര്‍ത്തിയാകാൻ ഇനിയും സമയമെടുക്കും.
വാഹനഗതാഗതം വഴിതിരിച്ചു വിടാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ബീം ബലപ്പെടുത്തുകയോ പൊളിച്ചു മാറ്റുകയോ മാത്രമാണ് പോംവഴിയെന്ന് യാത്രക്കാര്‍ പറയുന്നു. പിഡബ്ള്യൂഡി ദേശീയപാത വിഭാഗം അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കാൻ പോകുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.