Ramadan | ഇപ്പോഴേ ചുട്ടുപൊള്ളുന്നു; ഇത്തവണയും റമദാൻ വ്രതം പൊരിവെയിലിൽ; ആത്മീയതയുടെ കരുത്തിൽ സ്വീകരിക്കാനൊരുങ്ങി വിശ്വാസികൾ

● വിശ്വാസികൾ വ്രതത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.
● ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് വിദഗ്ധർ പറയുന്നു.
● സുബ്ഹി ബാങ്കിന് മുമ്പുള്ള ഭക്ഷണം ഒഴിവാക്കരുത്.
● നാരുകളടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
കാസർകോട്: (KasargodVartha) ഇത്തവണയും റമദാൻ വ്രതം പൊള്ളുന്ന ചൂടിലായിരിക്കും. വെന്തുരുകുന്ന പകൽ, വരാനിരിക്കുന്ന വേനലിന്റെ കാഠിന്യം ഏറ്റുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. അടുത്തമാസമാണ് റമദാൻ വ്രതം. പതിവിന് വിപരീതമായി ഫെബ്രുവരി പോലും അതിശക്തമായ ചൂടിനെയാണ് അഭിമുഖീകരിക്കുന്നത്.
നിലവിൽ മലയോര മേഖലകളിൽ പകൽ താപനില 32 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്. രാത്രി താപനില 23 മുതൽ 25 വരെയും. കടുത്ത ചൂടുകാരണം പുറം ജോലി സമയം സർക്കാർ ഇതിനകം തന്നെ ക്രമീകരിച്ചു ഉത്തരവിറക്കിയിട്ടുണ്ട്. ചൂടിനെ നേരിടാൻ സമഗ്രമായ നിർദ്ദേശങ്ങൾ ദുരന്തനിവാരണ അതോറിറ്റിയും ഇതിനകം തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞിട്ടുണ്ട്.
മാർച്ച് രണ്ട് അല്ലെങ്കിൽ മൂന്ന് തീയതികളിലായിരിക്കും വ്രതം ആരംഭിക്കാൻ സാധ്യത. റമദാനിനെ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. പുണ്യമായ 'ബറാത്ത് രാവ്' പിന്നിട്ടതോടെ വിശ്വാസികൾ നോമ്പുകാലത്തിലേക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. പരീക്ഷ കഴിയുന്നതോടെ ഞായറാഴ്ച മദ്രസകൾ അടക്കും. പിന്നീട് പള്ളി, മദ്രസകൾ, പരിസരങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടും. വീടുകളും റമദാനിനെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്. വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിലാണ് വീട്ടമ്മമാർ.
ചൂടുകാലമാണെന്നതിനാൽ റമദാനിൽ സുബ്ഹി ബാങ്കിന് മുമ്പായി വ്രതം തുടങ്ങുമ്പോഴുള്ള ഭക്ഷണം (അത്താഴം) ഒഴിവാക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു. കൂടാതെ കഴിക്കുന്ന ആഹാരം ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത് എന്ന് ഡോക്ടർമാർ പറയുന്നു, കാരണം ഇത് ദഹിക്കാൻ സമയമെടുക്കും. അതുകൊണ്ട് കൂടുതൽ നേരം വിശപ്പ് തോന്നില്ല. പഴങ്ങൾ, പയർ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ധാരാളമായി കഴിക്കുക. ഇവയെല്ലാം ദഹനം കുറയ്ക്കുമ്പോൾ കൂടുതൽ സമയം ഊർജം കിട്ടാൻ സഹായിക്കും. ശരീരത്തിൽ വെള്ളത്തിന്റെ കുറവുണ്ടാവാതിരിക്കാൻ അത്താഴ സമയത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
With Ramadan approaching in the midst of a heatwave, devotees are preparing to observe their fast with spiritual strength. Health tips are also being shared to manage the heat during fasting.
#Ramadan2025, #Heatwave, #Kasaragod, #SpiritualStrength, #FastingPreparation, #HealthTips