Accident | ഖലീൽ ഹൗസിൽ ഇത് രണ്ടാമത്തെ വാഹനാപകട മരണം; കണ്ണീരോടെ കുടുംബം; ഫൗസിയ മരിച്ചത് മകളുടെ കുഞ്ഞിന്റെ സുന്നത് കല്യാണം കൂടാൻ പോകുമ്പോൾ
ഫൗസിയയുടെ പിതാവ് അബ്ദുല്ല ഹാജി ഏതാനും വർഷം മുമ്പ് ബെംഗ്ളൂറിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു
കാഞ്ഞങ്ങാട്: (KasaragodVartha) ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ ബസ് പിറകോട്ട് എടുക്കുമ്പോൾ അപകടത്തിൽ പെട്ട് മരിച്ച വീട്ടമ്മയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫൗസിയ (53) ആണ് ദാരുണമായി മരിച്ചത്.
ഒഴിഞ്ഞവളപ്പിലെ ഖലീൽ ഹൗസിൽ ഇത് രണ്ടാമത്തെ വാഹനാപകട മരണമാണ് സംഭവിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പടന്നക്കാട് കരുവളത്ത് ബൈകും ലോറിയും കൂട്ടിയിടിച്ച് ഫൗസിയയുടെ ഏറ്റവും ഇളയ സഹോദരൻ നിസാമുദ്ദീൻ (22) മരണപ്പെട്ടിരുന്നു. ഈ അപകടത്തിന്റെ നടുക്കം നിലനിൽക്കെയാണ് ഫൗസിയയും ഇപ്പോൾ ബസ് ഇടിച്ച് മരിച്ചിരിക്കുന്നത്.
ചീമേനിയിൽ വിവാഹിതയായ മകൾ ഫാഇസയുടെ കുഞ്ഞിന്റെ സുന്നത്ത് കല്യാണത്തിൽ പങ്കെടുക്കാൻ സഹോദരന്റെ എട്ടുവയസുള്ള മകളോടൊപ്പം പോകുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്. കാലിൽ ടയർ കയറി തുടയെല്ല് പൊട്ടി ഗുരുതരാവസ്ഥയിലെ ഫൗസിയയെ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാവുങ്കാലിൽ എത്തിയപ്പോൾ നിലഗുരുതരമായതിനാൽ തൊട്ടടുത്ത സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച് അൽപ സമയത്തിനകം തന്നെ മരണം സംഭവിച്ചു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തുടർന്ന് ഒഴിഞ്ഞവളപ്പ് അൽഫലാഹ് മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഫൗസിയയുടെ പിതാവ് അബ്ദുല്ല ഹാജി ഏതാനും വർഷം മുമ്പ് ബെംഗ്ളൂറിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇതും കുടുംബത്തിന് തീരാ ദുഖ:മായിരുന്നു.