city-gold-ad-for-blogger

കെ പി സി സിയിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും പരിഗണിക്കുന്ന നേതാക്കളില്‍ തിരുവനന്തപുരം സ്വദേശിയും; കോണ്‍ഗ്രസില്‍ വിവാദം

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.10.2017) കെപിസിസിയിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്ന് പരിഗണിക്കപ്പെടുന്ന നേതാക്കളുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശിയും ഉള്‍പ്പെട്ടത് കോണ്‍ഗ്രസിനകത്ത് വിവാദത്തിന് തിരികൊളുത്തി. കാസര്‍കോട് ജില്ലയിലെ 11 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 11 നേതാക്കളാണ് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളായി നിലവിലുള്ളത്. ഇവരില്‍ ഏഴുപേര്‍ ഐ വിഭാഗക്കാരും നാലുപേര്‍ എ ഗ്രൂപ്പുകാരുമാണ്.

മഞ്ചേശ്വരത്ത് പ്രഭാകര ചൗട്ട, കുമ്പളയില്‍ അഡ്വ. എ സുബ്ബയ്യറായ്, കാറഡുക്ക ബ്ലോക്കില്‍ നിന്ന് കെ നീലകണ്ഠന്‍, മൂളിയാറില്‍ പി ഗംഗാധരന്‍ നായര്‍, കാസര്‍കോട്ട് എന്‍ എ മുഹമ്മദ്, ഉദുമയില്‍ നിന്ന് അഡ്വ. സി കെ ശ്രീധരന്‍, കാഞ്ഞങ്ങാട്ട് കോടോത്ത് ഗോവിന്ദന്‍ നായര്‍, നീലേശ്വരത്ത് പി സി രാമന്‍, എളേരിയില്‍ കരിമ്പില്‍ കൃഷ്ണന്‍, ബളാലില്‍ കെ കെ നാരായണന്‍, തൃക്കരിപ്പൂരില്‍ കെ വെളുത്തമ്പു എന്നിവരായിരുന്നു നിലവില്‍ അംഗങ്ങള്‍. ഇവരില്‍ കോടോത്ത് ഗോവിന്ദന്‍ നായരും, കെ വെളുത്തമ്പുവും മരണപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും ഒഴിവുകളുണ്ട്.

അനാരോഗ്യം മൂലം വിശ്രമജീവിതം നയിക്കുന്ന പി സി രാമന് പകരം നീലേശ്വരത്തും പുതിയ കെപിസിസി അംഗത്തെ കണ്ടെത്തേണ്ടതുണ്ട്. ഈ മൂന്ന് ഒഴിവുകളിലേക്ക് കാഞ്ഞങ്ങാട്ട് അവസാന പട്ടികയില്‍ ഇടം നേടിയിട്ടുള്ളത് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാന പ്രസിഡണ്ട് ജി വി ഹരിയാണ്. തിരുവനന്തപുരം സ്വദേശിയായ ഹരി രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. കാഞ്ഞങ്ങാട്ടെ ഒഴിവില്‍ മുന്‍ ഡിസിസി സെക്രട്ടറി അഡ്വ. പി കെ ചന്ദ്രശേഖരന്‍ അടക്കമുള്ളവരെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന പട്ടികയില്‍ ജി വി ഹരി സ്ഥാനം പിടിക്കുകയായിരുന്നു. വെളുത്തമ്പുവിന് പകരം തൃക്കരിപ്പൂരില്‍ കെ പി കുഞ്ഞിക്കണ്ണനാണ് അന്തിമ പട്ടികയിലുള്ളത്. നീലേശ്വരത്ത് മുന്‍ ഡിസിസി സെക്രട്ടറി തൃക്കരിപ്പൂരിലെ കെ വി ഗംഗാധരനും അന്തിമപട്ടികയില്‍ ഇടം നേടി.

മുളിയാറില്‍ നിലവിലുള്ള പി ഗംഗാധരന്‍നായര്‍ക്ക് പുറമെ മകള്‍ ധന്യ സുരേഷിന്റെ പേരും ഉമ്മന്‍ചാണ്ടി നല്‍കിയ പട്ടികയിലുണ്ട്. യുവജന - സ്ത്രീ പ്രാതിനിധ്യമാണ് ധന്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. നിലവില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയാണ് ധന്യ. കെപിസിസി അംഗമായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഡിസി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വരും. മറ്റിടങ്ങളില്‍ നിലവിലുള്ള അംഗങ്ങളെ നിലനിര്‍ത്താന്‍ തന്നെയാണ് എ- ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുള്ളത്. കാസര്‍കോട്ട് എന്‍ എ മുഹമ്മദിന് പകരം പി എ അഷ്‌റഫലിയുടെ പേരാണ് ലിസ്റ്റിലുള്ളത്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പെരിയയിലെ എ ഗോവിന്ദന്‍ നായരുടെ പേര് അവസാന നിമിഷം വെട്ടിമാറ്റുകയായിരുന്നു.

കെ പി സി സിയിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും പരിഗണിക്കുന്ന നേതാക്കളില്‍ തിരുവനന്തപുരം സ്വദേശിയും; കോണ്‍ഗ്രസില്‍ വിവാദം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Congress, Thiruvananthapuram native in District KPCC list, controversy

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia