Dr. R. Bindu | കാസർകോട് ജില്ലയിലെ ഐ ലീഡ് പദ്ധതി മാതൃകാപരമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
'ഐ ലീഡ് പദ്ധതി ആവിഷ്കരിച്ച ജില്ലാ കലക്ടറുടെ നടപടി അഭിനന്ദനീയം'
കാസർകോട്: (KasargodVartha) ജില്ലയിലെ ഐ ലീഡ് പദ്ധതി മാതൃകാപരമെന്ന് മന്ത്രി ഡോ. ആർ ബിന്ദു.
പെരിയ മഹാത്മാ മോഡൽ ബഡ്സ് (എം.സി.ആർ.സി)യിൽ 15 കുടുംബങ്ങൾക്ക് വരുമാനം നൽകുന്ന കൈത്തറി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തടസ്സരഹിത കേരളമെന്ന ലക്ഷ്യം നേടാൻ ഭൗതിക സൗകര്യങ്ങൾ മാത്രം മതിയാകില്ല, മറിച്ച് ഭിന്നശേഷിക്കാരുടെ കാര്യത്തിൽ ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വരണമെന്ന് മന്ത്രി പറഞ്ഞു. ഐ ലീഡ് പദ്ധതി ആവിഷ്കരിച്ച ജില്ലാ കലക്ടറുടെ നടപടി അഭിനന്ദനീയമാണെന്നും കൈത്തറി വരുമാനമാർഗമായി മാറട്ടെയെന്നും മന്ത്രി ആശംസിച്ചു. സാമൂഹിക ക്ഷേമ വകുപ്പ് പദ്ധതികൾ സുനീതി പോർട്ടലിൽ ലഭ്യമാണെന്നും അത് ഉപയോഗപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വിശിഷ്ടതിഥിയായി. സാമൂഹിക നീതിവകുപ്പ് മേധാവി ആര്യ പി രാജ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫാത്തിമത്ത് ഷംന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീത, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കാര്‍ത്ത്യായണി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിദ റാഷിദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ കുഞ്ഞികൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. എം.കെ.ബാബുരാജ്, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.വി.കരിയന്‍, എ.ഷീബ, ടി രാമകൃഷ്ണന്‍ നായര്‍, കെ.എസ്.എസ്. എം റീജിയണല്‍ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, പി.ടി.എ പ്രസിഡന്റ് മുസ്തഫ പാറപ്പള്ളി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍ സ്വാഗതവും മഹാത്മ ബഡ്‌സ് എം.സി.ആര്‍ .സി പെരിയ പ്രിന്‍സിപ്പാള്‍ ദീപ പെരൂര്‍ നന്ദിയും പറഞ്ഞു.
ഐ ലീഡ് പദ്ധതിയെക്കുറിച്ച്:
കാസർഗോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരും ഭിന്നശേഷിക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് ഐ ലീഡ് പദ്ധതി ആവിഷ്കരിച്ചത്. നൈപുണ്യ വികസനം, ഉപജീവന പിന്തുണ എന്നിവയിലൂടെ അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സമൂഹത്തിൽ സജീവമായി ഇടപെടാനും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രധാന ഘട്ടങ്ങൾ:
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനുള്ള ഗ്രാമസഭകൾ.
ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സർവേ.
സ്വയം സഹായ സംഘങ്ങൾ രൂപീകരണം.
ഉപജീവന മാർഗങ്ങൾക്കുള്ള പരിശീലനം.
കാസർഗോട് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം.
നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സഹായത്തോടെ ഷോപ്പ് സ്പേസ് നിർമ്മാണം.