city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Nature | ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ കേരളത്തിലെ ഏറ്റവും വലിയ കാവ് കാസർകോടിന് സ്വന്തം

Kammadam Kavu Myristica Swamp, rare ecosystem, Kasargod, Kerala
KasargodVartha Photo

● കമ്മാടം കാവിൽ അപൂർവമായ മിറിസ്റ്റിക്ക ചതുപ്പുകൾ കാണാം.
● ഈ കാവിൽ അഞ്ച് ചെറു അരുവികൾ ഉത്ഭവിക്കുന്നുണ്ട്.
● വേനൽക്കാലത്ത് പോലും കമ്മാടം കാവിൽ തണുപ്പ് അനുഭവപ്പെടുന്നു.
● വിലമതിക്കാനാവാത്ത ജൈവവൈവിധ്യമാണ് കമ്മാടം കാവിൻ്റെ പ്രത്യേകത.

കുഞ്ഞിക്കണ്ണൻ മുട്ടത്ത്
 

ചിറ്റാരിക്കാൽ: (KasargodVartha) ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ കേരളത്തിലെ ഏറ്റവും വലിയ കാവ് കാസർകോടിന് സ്വന്തം. വേനൽ ചൂടിൽ കേരളം ചുട്ടുപൊള്ളുമ്പോഴും കമ്മാടം കാവിലെത്തുന്നവർക്ക് ചുട് എന്താണെന്ന് പോലും അറിയില്ല. 54.76 ഏക്കർ ആണ് കമ്മാടം കാവിന്റെ വലിപ്പം. കാസർകോട് ജില്ലയിലെ ഭീമനടി വില്ലേജിലാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. പലതരത്തിലുള്ള നശിപ്പിക്കൽ ഭീഷണികൾ കമ്മാടം കാവ് നേരിടുന്നുണ്ട്.

Kammadam kav

കമ്മാടത്ത് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ഈ കാവ് വളരെയേറെ ജൈവവൈവിധ്യ പ്രാധാന്യമുള്ളതാണ്. പലതരം സസ്യങ്ങളാലും ജന്തുക്കളാലും സമ്പന്നമാണ് ഈ കാവ്. നീലേശ്വരത്തുനിന്നും 25 കിലോമീറ്റർ കിഴക്കോട്ടുമാറിയാണ് കമ്മാടം കാവ് സ്ഥിതിചെയ്യുന്നത്. അപൂർവമായ മിറിസ്റ്റിക്ക ചതുപ്പ് കമ്മാടം കാവിലുണ്ട്. അർധഹരിതവനത്തിന്റെ പ്രത്യേകതകൾ ഉള്ള ഈ കാവിൽ ഇരുമുള്ള്, ഈട്ടി, വീട്ടി- വൈനാവ്, വെൺതക്ക് തുടങ്ങിയ ഘനമരങ്ങൾ വളരുന്നുണ്ട്. കാവിനുള്ളിൽ ഈറ്റക്കാടുകളും ഉണ്ട്. മലയണ്ണാൻ, വേഴാമ്പൽ എന്നിവയും വനദേവത എന്ന ചിത്രശലഭയിനത്തെയും ഈ കാവിൽ കാണാം.

A butterfly called Vanadevata

A butterfly called Vanadevata

കാവിനുള്ളിൽ നിന്ന് അഞ്ചോളം കൊച്ചരുവികൾ ഉത്ഭവിക്കുന്നുണ്ട്. കാവിൽ എത്തുന്ന ഏതൊരാൾക്കും ഇവിടെനിന്ന് തിരിച്ചു പോകാൻ ഒരിക്കലും തോന്നില്ല. മിറിസ്റ്റിക്ക ചതുപ്പ് സസ്യകുടുംബത്തിലെ വിവിധ സസ്യങ്ങൾ ഇവിടെ കാണപ്പെടുന്നു. ഭൂമിക്കു മുകളിലേക്ക് ഉയർന്നു നിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകളാണ് ഇവയുടെ പ്രത്യേകത. ഈ വേരുകൾ റ പോലെ അന്തരീക്ഷത്തിലേക്ക് ഉയർന്നു നിൽക്കുന്നു. വേരുകളിലൂടെയാണ് ഇവയുടെ ശ്വസനപ്രക്രിയ നടക്കുന്നത്. ഈ വേരുകൾ നീ റൂട്ട് (Knee Root) എന്നറിയപ്പെടുന്നു.

 Kammadam Bhagavathy Temple

മണൽ കലർന്ന എക്കൽ മണ്ണുള്ള ശുദ്ധജല ആവാസമേഖലയാണ് ഈ ചതുപ്പുകളുടെ മറ്റൊരു പ്രത്യേകത. ജൂൺ മുതൽ ജനുവരി വരെ വെള്ളക്കെട്ടുള്ള ചതുപ്പിൽ മറ്റു മാസങ്ങളിൽ ഈർപ്പം നിറഞ്ഞിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 150 മുതൽ 300 മീറ്റർ വരെ ഉയരത്തിലാണ് ഈ ചതുപ്പു വനങ്ങൾ സാധാരണയായി കാണപ്പെടുന്നത്. ഈ വൈവിധ്യം കൊണ്ടാണ് ഇത്തവണത്തെ ചിത്രകലാ ക്യാംപ് കമ്മാടം കാവിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രശസ്ത ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ കാസർകോട് വാർത്തയോട് പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ കാവായ കമ്മാടം കാവിൽ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്രകാർ കേരള സംഘടിപ്പിക്കുന്ന 'കമ്മാടം; കാവറിഞ്ഞ് വരയും വർത്തമാനവും' ചിത്രകലാ ക്യാംപ് മാർച്ച് എട്ടിന് രാവിലെ 10 മുതൽ നാലു മണി വരെ നടക്കും. ജലസ്രോതസ്സുകളും കാവുകളും കുന്നുകളും ഇല്ലാതായി കൊണ്ടിരിക്കുന്ന കാലത്ത് കാവുകളുടെ പ്രസക്തി ചിത്രകാരന്മാർ കാൻവാസിൽ പകർത്തും. വിവിധ ജില്ലകളിൽ നിന്നായി മുപ്പതോളം ചിത്രകാരന്മാർ പങ്കെടുക്കും. പരിസ്ഥിതി പ്രവർത്തകൻ ഡോ. ഇ ഉണ്ണികൃഷ്ണൻ, പരിസ്ഥിതി ഡോക്യുമെൻ്ററി സംവിധായകൻ ജയേഷ് പാടിച്ചാൽ എന്നിവർ സംബന്ധിക്കും.

ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!

Kammadam Kavu, the largest sacred grove in Kerala, is located in Kasaragod. Spanning 54.76 acres, it's rich in biodiversity, featuring unique Myristica swamps and diverse flora and fauna. Threats to its preservation are ongoing. An art camp, 'Kammadam; Kavarinju Varayum Varthamanavum,' will be held on March 8th to highlight the grove's significance, with 30 artists participating.

#KammadamKavu #SacredGrove #Biodiversity #KeralaNature #Kasargod #ArtCamp

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia