കാഹളം ഉയര്‍ന്നു; താഴെ തട്ടിലെ അധികാര കേന്ദ്രം പിടിക്കാന്‍ ബലാബലത്തിനൊരുങ്ങി മുന്നണികള്‍
കാസര്‍കോട്: (www.kasargodvartha.com 07.11.2020) തദ്ദേശ തെരെഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ താഴെ തട്ടിലെ അധികാര കേന്ദ്രങ്ങള്‍ പിടിക്കാന്‍ മുന്നണികള്‍ തമ്മില്‍
ബലാബലത്തിനൊരുങ്ങി.
38പഞ്ചായത്തുകളും മൂന്നു നഗരസഭകളും, അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുമാണ് വിധിയെഴുതേണ്ടത്. കാസര്‍കോട് ജില്ലയില്‍ മൂന്നാം ഘട്ടമായ ഡിസംബര്‍ 14 ന് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു കഴിഞ്ഞു.
നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കുന്നതോടെ ഇനി ത്രിതല പഞ്ചായത്തുകളുടെ ഭരണം അഡ്മിനിസ്‌ട്രേറ്റീവ് സമിതികളാണ് കൈയ്യാളുക.
2015 നവംബര്‍ 12നാണ് നിലവിലുള്ള ഭരണസമിതികള്‍ അധികാരമേറ്റത്. അധികാര വികേന്ദ്രീകരണം താഴെ തട്ടിലേക്ക് നിശ്ചയിച്ചതോടെ നാടും നഗരങ്ങളും വികസന കുതിപ്പിലാണ്. അധികാര വികേന്ദ്രീകരണം താഴെ തട്ടിലെത്തിച്ചത് യു ഡി എഫ് ആണെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈമാറിയത് തങ്ങളുടെ ഗവണ്‍മെന്റാണെന്ന് എല്‍ ഡി എഫും അവകാശപ്പെടുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീറും വാശിയും ഉണ്ടാക്കുന്ന തെരെഞ്ഞെടുപ്പാണെന്ന പ്രത്യേകത കൂടി തദ്ദേശ തെരെഞ്ഞടുപ്പിനുണ്ട്.
മഹാത്മജിയുടെ സ്വപ്നം പൂവണിയിപ്പിച്ചു കൊണ്ടാണ് പഞ്ചായത്തീരാജ് ബില്‍ അവതരിപ്പിച്ചത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിലൂടെ അധ:സ്ഥിത വിഭാഗങ്ങള്‍ക്കും അധികാര കേന്ദ്രങ്ങളില്‍ എത്താനായി.
സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്ത് നീക്കിവെച്ചതോടെ സ്ത്രീകളും കൂടുതലായി പൊതുരംഗത്തേക്ക് കടന്നു വരാന്‍ ഇടയാക്കി.
കാസര്‍കോട് ജില്ലയില്‍ 38 പഞ്ചായത്തുകളൂം മൂന്ന് നഗരസഭകളും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളൂം ജില്ലാ പഞ്ചായത്തുമാണുള്ളത്. മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, മംഗല്‍പ്പാടി, പൈവളിഗെ, പുത്തിഗെ, കുമ്പള, എന്‍മകജെ, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍, ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തുര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, ചെമ്മനാട്, ഉദുമ, പളളിക്കര, പുല്ലൂര്‍-പെരിയ, അജാനൂര്‍, മടിക്കൈ, പനത്തടി, ബളാല്‍, കള്ളാര്‍, കയ്യൂര്‍-ചീമേനി, കോടോംബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി, പിലിക്കോട്. ചെറുവത്തൂര്‍ ,തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ പഞ്ചായത്തുകളും നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളും, നീലേശ്വരം കാഞ്ഞങ്ങാട്, കാറഡുക്ക, കാസര്‍കോട് മഞ്ചേശ്വരം, ബ്ലോക്കു പഞ്ചായത്തുകളും കാസര്‍കോട് ജില്ലാ പഞ്ചായത്തുമാണ് ജില്ലയിലുള്ളത്.
ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളാണുള്ളത്. തിരഞ്ഞെടുപ്പിന് മുന്നണികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. മുന്നണികള്‍ തമ്മിലുള്ള സീറ്റ് വിഭജനം ഏറെകുറെ പൂര്‍ത്തിയായതായാണ് വിവരം.
സ്ഥാനാര്‍ഥി നിര്‍ണയവും താമസിയാതെ നടക്കുന്നതോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് ജില്ല എടുത്തെറിയപ്പെടും. തെരെഞ്ഞടുപ്പ് ഒരുക്കങ്ങള്‍ ഇതിനകം മുന്നണികള്‍ ആരംഭിച്ചു കഴിഞ്ഞു.
യു ഡി എഫിന് വേണ്ടി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കേരള കോണ്‍ഗ്രസ് നേതാക്കളായ ജോണി നെല്ലൂര്‍, പി ജെ ജോസഫ് തുടങ്ങിയ നേതാക്കള്‍ കണ്‍വന്‍ഷനെത്തിയിരുന്നു.
ബി ജെ പിക്ക് കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, എ പി അബ്ദുല്ല കുട്ടി തുടങ്ങിയവര്‍ എത്തിയിരുന്നു. എല്‍ ഡി എഫിന്റെ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തും. രാഷ്ട്രീയ വിഷയങ്ങളെക്കാള്‍ നാട്ടിലെ വികസന കാര്യങ്ങളായിരിക്കും തദ്ദേശ തെരെഞ്ഞടുപ്പില്‍ ചര്‍ച്ച ചെയ്യുക.
ജില്ലാ പഞ്ചായത്തും കാസര്‍കോട് നഗരസഭ. മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ 20 പഞ്ചായത്തുകള്‍ യുഡിഎഫാണ് ഭരിക്കുന്നത്. മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകള്‍ എന്‍ഡിഎ സഖ്യവും. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭയും ബാക്കി ബ്ലോക്ക് പഞ്ചായത്തും 15 പഞ്ചായത്തുകളും എല്‍ ഡി എഫും ഒരു പഞ്ചായത്ത് സ്വതന്ത്രനുമാണ് ഭരിക്കുന്നത്.
Keywords: Kasaragod, News, Election, Political party, BJP, UDF, LDF, Leader, The fronts are ready to use force to capture the center of power at the grassroots level.