city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ ശരിയായ രീതിയില്‍ സര്‍വീസ് ചെയ്തുനല്‍കിയില്ല; ഉടമ പരാതിയുമായി ഉപഭോക്തൃ കോടതിയില്‍ എത്തി

കാസര്‍കോട്: (www.kasargodvartha.com 08/01/2015) കാര്‍ ശരിയായ രീതിയില്‍ സര്‍വീസ് ചെയ്തു നല്‍കാതിരിക്കുകയും കാര്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തതിനെതുടര്‍ന്ന് ഉടമ പരാതിയുമായി ഉപഭോക്തൃ കോടതിയിലെത്തി. കീഴൂരിലെ അബ്ദുര്‍ റഹ്മാന്റെ മകനും ഗള്‍ഫുകാരനുമായ കെ.എ. ഇബ്രാഹിം ഖലീലാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. ഖലീലിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 14 എം. 1738 നമ്പര്‍ ആള്‍ട്ടോ കാര്‍ അപകടത്തില്‍പെട്ട ശേഷം ശരിയായി റിപ്പയര്‍ ചെയ്തു നല്‍കിയിലെന്നാണ് പരാതി. മാരുതി കമ്പനിയുടെ അംഗീകൃത സര്‍വീസ് ഡീലര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

ഖലീല്‍ ഗള്‍ഫിലായിരുന്നതിനാല്‍ സുഹൃത്ത് കീഴൂരിലെ മുഹമ്മദ് അഷ്‌ക്കറാണ് കാര്‍ ഉപയോഗിച്ചുവന്നിരുന്നത്. ഇക്കഴിഞ്ഞ 2014 ജൂണ്‍ 11ന് ഖലീലിന്റെ സഹോദരന്‍ കാര്‍ ഒടിച്ചുപോകുമ്പോള്‍ പൊയിനാച്ചിയില്‍വെച്ച് മരത്തിലിടിച്ച് കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നിരുന്നു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം മാരുതി കമ്പനിയുടെ തന്നെ ഇന്‍ഷുറന്‍സ് കവറേജിനായി സര്‍വീസ് സെന്ററില്‍ എത്തിച്ച കാറിന് 45,000 രൂപയുടെ നഷ്ടം ഉണ്ടായിരുന്നതായി എസ്റ്റിമേറ്റ് ഉണ്ടാക്കുകയായിരുന്നു.

ഇതില്‍ 8,000 രൂപ കാര്‍ ഉടമ അടയ്‌ക്കേണ്ടി വരുമെന്നാണ് പറഞ്ഞത്. പിന്നീട് ഫോണില്‍ വിളിച്ച് കാറിന്റെ അപ്രോണിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ഇത് മാറ്റാന്‍ 50,000 രൂപ ആകുമെന്നും ഇതില്‍ 25,000 രൂപ ഉടമ അടയ്‌ക്കേണ്ടി വരുമെന്നും അറിയിച്ചിരുന്നു. അപ്രോണ്‍ മാറ്റാന്‍ ഉടമ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം കാര്‍ ഏറ്റുവാങ്ങാന്‍ പോയപ്പോള്‍ അപ്രോണ്‍ മാറ്റേണ്ടി വന്നില്ലെന്നും ഇത് ശരിയാക്കിയിട്ടുണ്ടെന്നും നേരത്തെ അറിയിച്ച 8,000 രൂപ കൂടാതെ 3,450 രൂപകൂടി അധികം ആയിട്ടുണ്ടെന്നും പറഞ്ഞ് ഈ ഇനത്തില്‍ ആകെ 11,450 രൂപ കാറുടമ സര്‍വീസ് സെന്ററില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

കാറിന്റെ പണികള്‍ കഴിഞ്ഞ് നല്‍കിയ ശേഷം ഡാഷ് ബോര്‍ഡിലും സൈഡ് മിററിലും ബംബറിലും സീറ്റ് കവറിലും പെയ്ന്റ് പറ്റിപ്പിടിച്ചതിനാല്‍ ഇത് കളയാന്‍ ടിന്നര്‍ ഉപയോഗിച്ച് തുടച്ചപ്പോള്‍ കാറിന് നിറവ്യത്യാസം സംഭവിച്ചു. എഞ്ചിന്‍ സ്ഥിതിചെയ്യുന്ന അപ്രോണ്‍ മാറ്റാത്തതിനാല്‍ കാര്‍ ഒരു വശത്തേക്ക് വലിഞ്ഞുപോവുകയും ഓടിക്കാന്‍ പ്രയാസമായിത്തീരുകയും ചെയ്തു. ഇതേ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ കാര്‍ ശരിയാവണ്ണം പ്രവര്‍ത്തന സജ്ജമാക്കാന്‍ 50,000 രൂപയെങ്കിലും ഇനിയും വേണ്ടിവരുമെന്നാണ് പിന്നീട് പറഞ്ഞത്. ഈ നഷ്ടം ഇന്‍ഷുറന്‍സ് കമ്പനി നല്‍കില്ലെന്നും സര്‍വീസ് സെന്ററില്‍ നിന്നും അറിയിച്ചു.

വീണ്ടും കാര്‍ സര്‍വീസിന് നല്‍കുമ്പോള്‍ ഒരു ആള്‍ട്ടോ കാറും പിന്നീട് ഒരു ഓമ്‌നി വാനും പകരം ഒടിക്കാന്‍ നല്‍കിയി. ഇതിനിടയില്‍ രണ്ട് ദിവസത്തിന് ശേഷം ഓമ്‌നി വാന്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് അഷ്‌ക്കറിനെ സര്‍വീസ് സെന്റര്‍ അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. ബിസിനസ് ആവശ്യാര്‍ത്ഥം ബാംഗ്ലൂരിലായതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഓമ്‌നി എത്തിക്കാമെന്ന് അറിയിച്ചെങ്കിലും ഒരു പോലീസുകാരനേയും കൂട്ടി അഷ്‌ക്കറിന്റെ വീട്ടില്‍പോയി ഓമ്‌നി അഷ്‌ക്കര്‍ മോഷ്ടിച്ചുകൊണ്ടുപോയെന്ന് പറഞ്ഞ് വീട്ടില്‍ അനധികൃതമായി പരിശോധന നടത്തിയതായും പരാതിയുണ്ട്.

ഓമ്‌നി മറ്റൊരു സ്ഥലത്താണ് പാര്‍ക്ക് ചെയ്തിരുന്നത്. കാര്‍ ശരിയായി സര്‍വീസ് നടത്താതെ നല്‍കിയതിനാല്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് രണ്ട് മാസത്തിന് ശേഷം കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ എസ്.ഐ. മുമ്പാകെ നിയമ പരമായി കാര്‍ ഉടമ സര്‍വീസ് സെന്റര്‍ അധികൃതരില്‍ നിന്നും ഏറ്റുവാങ്ങുകയായിരുന്നു.

കാര്‍ നല്‍കി രണ്ട് ദിവസത്തിന് ശേഷം ഇതേ കാര്‍ രാത്രി വഴിക്ക് വെച്ച് ബ്രേക്ക് ഡൗണായി കിടന്നിരുന്നു. മാരുതിയുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ മെക്കാനിക്ക് എത്തുമെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിവരെ റോഡരികില്‍ ഉടമയെ കാത്തുനിര്‍ത്തി. പിന്നീട് ആരും എത്താത്തതിനാല്‍ കാര്‍ കെട്ടിവലിച്ചാണ് വീട്ടിലെത്തിച്ചത്.

പിറ്റേദിവസം കസ്റ്റമര്‍ സെറ്ററില്‍ നിന്നും വീണ്ടുംവിളിച്ച് ക്ഷമ ചോദിച്ച് കാര്‍ അണങ്കൂരിലെ മറ്റൊരു സര്‍വീസ് സെന്ററില്‍ നിന്നും മെക്കാനിക്ക് എത്തി കാര്‍ അവിടേയ്ക്ക് എത്തിക്കുകയായിരുന്നു. അവിടെവെച്ചാണ് ബ്രേക്കും മറ്റു തകരാറും പരിഹരിച്ചത്.
കാര്‍ ശരിയായ രീതിയില്‍ സര്‍വീസ് ചെയ്തുനല്‍കിയില്ല; ഉടമ പരാതിയുമായി ഉപഭോക്തൃ കോടതിയില്‍ എത്തി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia