Theatre | ഓർമയിൽ കാടുള്ള മൃഗം; നാടകത്തിൽ ഇരിയണ്ണിയുടെ അഭിനയതികവ്
● ഈ നാടകത്തിലെ സി കെ നിഥീനയാണ് മികച്ച നടി
● ഇരിട്ടിയിലെ അനൂപ് രാജാണ് നാടകം സംവിധാനം ചെയ്തത്
ഉദിനൂർ: (KasargodVartha) ഇവിടെ ഒരു മത്സരമേയല്ല ഒരു നാടകോത്സവം തന്നെയായിരുന്നു. കിനാത്തിലെ നാട്ടകം വേദിയിൽ കലോത്സവ അവസാന ദിവസം അരങ്ങേറിയ ഹൈസ്കൂൾ, ഹയർ സെകൻഡറി വിഭാഗം മലയാളം നാടകങ്ങൾ നാടകം കളിക്കുകയായിരുന്നില്ല, മറിച്ച് പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ കലാകാരൻമാർ നാടകത്തിലൂടെ ജനസമക്ഷം വെച്ചത് പുതിയ കാഴ്ചകളാണ്.
നാടകം കാണാനെത്തിയവരോട് നേരിട്ട് സംസാരിക്കുകയായിരുന്നു എന്ന വിലയിരുത്തൽ പ്രേക്ഷകർ നടത്തിയപ്പോൾ അത് എക്കാലവും ഓർമിച്ച് വെക്കാവുന്ന ചരിത്രമായിരുന്നു പ്രേക്ഷകർക്ക്. മനുഷ്യരുടെ ത്വരയിൽ എല്ലാവരെയും അടിമകളാക്കുന്നത് എക്കാലവും തുടരില്ല തിരിച്ചടി നേരിടും എന്ന സന്ദേശവുമായി ഇരിയണ്ണി ഗവ. ഹൈസ്കൂൾ അവതരിപ്പിച്ച ഓർമയിൽ കാടുള്ള മൃഗം എന്ന നാടകം ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.
കൂട്ടിലടക്കപ്പെടുന്ന മനുഷ്യൻ്റെ അടിമയായ പട്ടിയോട് കാട്ടിൽ നിന്നെത്തുന്ന കുറുക്കൻ സ്വാതന്ത്ര്യത്തിൻ്റെ ബോധത്തെക്കുറിച്ച് പറഞ്ഞപ്പോൾ പട്ടിക്കുണ്ടാവുന്ന തിരിച്ചറിവും തുടർന്നുണ്ടാവുന്ന സംഭവങ്ങളും ലളിതമായ ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചാണ് ഇരിയണ്ണി തിരുവനന്തപുരം വേദിയിലേക്ക് ടികറ്റ് ഉറപ്പിച്ചത്.
ഈ നാടകത്തിലെ സി കെ നിഥീനയാണ് മികച്ച നടി. ഇരിട്ടിയിലെ അനൂപ് രാജാണ് നാടകം സംവിധാനം ചെയ്തത്. പരാതികളേതുമില്ലാതെ മികച്ച വേദിയായിരുന്നു സംഘാടക സമിതി പ്രാദേശിക സംഘത്തിൻ്റെ സഹായത്തോടെ ഒരുക്കിയിരുന്നത്. നാടകത്തിനെത്തിയ 3000 പേർക്ക് നാട്ടുകാർ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണവും നൽകി നാട് നാട്ടകത്തിൽ നാടക പ്രേമികളുടെ പ്രശംസയും പിടിച്ച് പറ്റി.