Incident | പുത്തന്‍ ഥാര്‍ അമിതവേഗതയില്‍ മൈതാനത്തില്‍ വട്ടം കറക്കി; പിന്നാലെ തീപ്പിടിച്ച് ആളിക്കത്തി, റീല്‍സ് എടുക്കാനുള്ള അഭ്യാസപ്രകടനത്തിനിടെ യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
● വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്പള പച്ചമ്പളയിലാണ് സംഭവം.
● ഹൊസങ്കടി സ്വദേശിനിയായ യുവതിയുടെ പേരിലാണ് വാഹനം.
● ഉപ്പളയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്.
● മോടോര്‍ വാഹനവകുപ്പും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നു.
കുമ്പള: (KasargodVartha) രജിസ്‌ട്രേഷന്‍ പോലും ആകാത്ത പുത്തന്‍ ഥാര്‍ അമിതവേഗതയില്‍ മൈതാനത്തില്‍ വട്ടം കറക്കി റീല്‍സ് എടുക്കാനുള്ള അഭ്യാസപ്രകടനം നടത്തിയതിന് പിന്നാലെ വാഹനത്തിന് തീപ്പിടിച്ച് നിന്നുകത്തി. ജീപിലുണ്ടായിരുന്ന യുവാക്കള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വ്യാഴാഴ്ച (12.12.2024) ഉച്ചയ്ക്ക് 12 മണിയോടെ ബന്തിയോട് പച്ചമ്പളയിലാണ് സംഭവം. ഹൊസങ്കടി സ്വദേശിനിയായ യുവതിയുടെ പേരിലാണ് ഈ വാഹനം വാങ്ങിയിരുന്നത്. ഏതാനും യുവാക്കള്‍ ഈ ഥാറുമായി മൈതാനത്തില്‍ എത്തുകയും അഭ്യാസപ്രകടനത്തിനിടെ ഥാറിന്റെ ബോണറ്റില്‍നിന്നും പുക ഉയരുകയും പിന്നാലെ തീപ്പിടിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ് ഉപ്പളയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. വാഹനം പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തെ കുറിച്ച് ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാര്‍ കാസര്‍കോട്‌വാര്‍ത്തയോട് പ്രതികരിച്ചു.
മോടോര്‍ വാഹനവകുപ്പും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി വിവരമുണ്ട്. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് കുറ്റകരമാണെങ്കിലും പലപ്പോഴും പരാതി ഇല്ലാത്തതിനാല്‍ കേസ് നടപടികളിലേക്ക് കടക്കാറില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടിയിലേക്ക് നീങ്ങാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
#TharSUVAccident #StuntGoneWrong #DangerousDriving #CarFire #IndiaNews #KeralaNews #Kasargod