city-gold-ad-for-blogger

വില്ലേജ് ഓഫീസിൽ ഓഫീസറും ശുചീകരണ തൊഴിലാളിയും മാത്രം: സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ വന്നതോടെ തളങ്കരയിൽ ജനങ്ങൾ വലയുന്നു

Thalangara Village Office building Kasaragod
Photo: Special Arrangement

● 'എന്റെ ഭൂമി' പോർട്ടലിലെ സോഫ്റ്റ്‌വെയർ അപ്ഡേഷൻ സേവനങ്ങളെ ബാധിക്കുന്നു.
● പ്ലാൻ, പൊസഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ ഫീൽഡ് വർക്കുകൾ തടസ്സപ്പെട്ടു.
● താലൂക്ക് ഓഫീസിൽ നിന്ന് താൽക്കാലികമായി നിയമിച്ച ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ചു.
● ഭൂമി ഇടപാടുകൾക്കായി എത്തുന്ന സാധാരണക്കാർ വലിയ ദുരിതത്തിലാണ്.
● സ്കെച്ച് ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസർക്ക് ഓഫീസ് പൂട്ടി പോകേണ്ട അവസ്ഥ.

കാസർകോട്: (KasargodVartha) സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ തളങ്കര വില്ലേജ് ഓഫീസിന്റെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലായി. നിലവിൽ ഓഫീസിൽ വില്ലേജ് ഓഫീസറും ഒരു ശുചീകരണ തൊഴിലാളിയും മാത്രമാണുള്ളത്. ഇത് കാരണം വിവിധ ആവശ്യങ്ങളുമായി എത്തുന്ന സാധാരണക്കാർ വലിയ ദുരിതത്തിലാണ്.

ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട സമ്പൂർണ്ണ വിവരങ്ങൾ ‘എന്റെ ഭൂമി’ സംയോജിത വെബ് പോർട്ടലിൽ ഉൾപ്പെടുത്തിയതോടെയാണ് തളങ്കര വില്ലേജ് ഓഫീസിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കിയത്. 

കുമ്പള ഗ്രാമപഞ്ചായത്തിലെ ഉജാർ ഉൾവാർ വില്ലേജ് ഓഫീസിന് ശേഷം സംയോജിത പോർട്ടലിലേക്ക് മാറിയ രണ്ടാമത്തെ വില്ലേജ് ഓഫീസാണ് തളങ്കര. എന്നാൽ ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഡിജിറ്റലൈസേഷന്റെ ഗുണഫലം നാട്ടുകാർക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.

വില്ലേജ് ഓഫീസറെ കൂടാതെ രണ്ട് വില്ലേജ് ഫീൽഡ് ഓഫീസർമാർ, ഒരു വില്ലേജ് അസിസ്റ്റന്റ്, ഒരു സ്വീപ്പർ എന്നീ തസ്തികകളാണ് ഇവിടെയുള്ളത്. എന്നാൽ പരിചയസമ്പന്നനായ ഒരു ഫീൽഡ് ഓഫീസർ തീവ്ര വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ബിഎൽഒ ആയി മൂന്ന് മാസത്തോളമായി ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.  മറ്റൊരു വില്ലേജ് ഫീൽഡ് ഓഫീസർ അപകടത്തെ തുടർന്ന് ചികിത്സയിലുമാണ്. ഇവർക്ക് ഫീൽഡ് വർക്കിൽ ആവശ്യത്തിന് പരിചയമില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

ഒരു മാസം മുൻപ് നിയമിതയായ വില്ലേജ് അസിസ്റ്റന്റ് ഗർഭിണിയാണ്. ഇവർക്കും ഫീൽഡ് ജോലികളിൽ പരിചയക്കുറവുണ്ട്. പനി കാരണം നിലവിൽ ഇവർ അവധിയിലാണ്. ഫീൽഡ് ഓഫീസർമാരില്ലാത്തതിനാൽ മൂന്ന് മാസം മുൻപ് തിരുവനന്തപുരത്ത് നിന്നും സ്ഥാനക്കയറ്റത്തോടെ വില്ലേജ് ഓഫീസറായി ചുമതലയേറ്റ വനിതാ വില്ലേജ് ഓഫീസർ പ്രേമലതയ്ക്ക് ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങളൊന്നും യഥാസമയം ചെയ്തു നൽകാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പ്രശ്നങ്ങൾ താലൂക്ക് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് ഓഫീസിലെ ഫീൽഡ് ഓഫീസറെ താൽക്കാലികമായി ഇവിടെ നിയമിച്ചെങ്കിലും 15 ദിവസത്തിനുള്ളിൽ തിരിച്ചുവിളിച്ചു.

ഡിജിറ്റൽ സർവ്വേ പൂർത്തിയായതോടെ ഭൂമിയുമായി ബന്ധപ്പെട്ട സർവ്വേ, റവന്യൂ, രജിസ്‌ട്രേഷൻ സേവനങ്ങൾ ഒരൊറ്റ പോർട്ടലിലൂടെ ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ട ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കിയതോടെയാണ് തളങ്കര വില്ലേജ് ഓഫീസും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയത്. 

റവന്യൂ വകുപ്പിലെ കരമടവ്, പ്ലാൻ സംബന്ധിച്ച സേവനങ്ങൾ, രജിസ്‌ട്രേഷൻ വകുപ്പിലെ പേൾ സംവിധാനത്തിലൂടെയുള്ള ഭൂമി കൈമാറ്റം, വില്പന, സർവ്വേ വകുപ്പ് വഴി ലഭ്യമാകുന്ന പ്ലാനുകൾ, പഴയ റവന്യൂ രേഖകൾ എന്നിവ ഇതിലൂടെ ലഭ്യമാകും. എന്നാൽ ജീവനക്കാരുടെ അഭാവം മൂലം ഈ ആധുനിക സംവിധാനത്തിന്റെ ഗുണം തളങ്കരയിലെ ജനങ്ങൾക്ക് ലഭിക്കാത്തതാണ് പ്രധാന ആശങ്ക.

പുതിയ സംവിധാനം നിലവിൽ വന്നപ്പോൾ സോഫ്റ്റ്‌വെയർ അപ്ഡേഷൻ കാരണം വെബ്സൈറ്റ് (എൻ്റെ ഭൂമി (dot) കേരള (dot) ജിഒവി (dot) ഇൻ) ലഭ്യമാകാത്തത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് വില്ലേജ് ഓഫീസർ പ്രതികരിച്ചു. 

പഴയ നികുതി രസീതുമായി വരുന്നവരുടെ സർവ്വേ നമ്പർ, തണ്ടപ്പേര് എന്നിവയിൽ മാറ്റമുള്ളതിനാൽ പഴയ രേഖകൾ പരിശോധിക്കേണ്ടി വരുന്നു. 'എന്റെ ഭൂമി' പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ സേവനങ്ങൾ സാധ്യമാകൂ എന്നതിനാൽ കാലതാമസം നേരിടുന്നുണ്ടെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. 

സ്കെച്ച്, പൊസഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് സ്ഥലം സന്ദർശിക്കേണ്ടി വരുമ്പോൾ, ജീവനക്കാരില്ലാത്തതിനാൽ ഓഫീസ് പൂട്ടി പോകേണ്ട അവസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വാർത്ത ഷെയർ ചെയ്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തൂ. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Article Summary: Staff shortage causes issues at Thalangara Village Office after digitalization.

#Kasaragod #VillageOffice #Digitalization #Thalangara #RevenueDepartment #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia