Coastal Protection | കാസർകോട്ടെ തീരമേഖലകളിൽ 'ടെട്രാ പോഡ്' പദ്ധതിക്ക് നിലവിളി; അധികൃതർ കനിയുമോ?
● ഇത് ചിലവേറിയതും യൂറോപ്യൻ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിപ്പിച്ചെടുത്ത ശാസ്ത്രീയവും ശാശ്വതവുമായ പദ്ധതിയാണ്.
● ഇവിടങ്ങളിൽ ഇതുവരെ ഉണ്ടാക്കിയ തീരസംരക്ഷണ പദ്ധതികൾക്കൊന്നും നിലനിൽപ്പുണ്ടായിട്ടില്ല.
● അധികൃതർ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷയിലാണ് തീരമേഖല.
കാസർകോട്: (KasargodVartha) അടുത്ത കാലവർഷത്തിന് മുമ്പെങ്കിലും ജില്ലയിലെ തീര മേഖലയിലെ കടലാക്രമണം ചെറുക്കാൻ ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി തീരസംരക്ഷണത്തിന് തീരത്ത് പാകിയ പദ്ധതികൾക്കൊന്നും നിലനിൽപ്പില്ലാത്ത സാഹചര്യത്തിലാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൊണ്ടുള്ള 'ടെട്രാപോഡുകൾ'' കൊണ്ടുള്ള തീര സംരക്ഷണ പദ്ധതി നടപ്പിലാക്കണമെന്ന ആ വശ്യമുയരുന്നത്.
ഇത് ചിലവേറിയതും യൂറോപ്യൻ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിപ്പിച്ചെടുത്ത ശാസ്ത്രീയവും ശാശ്വതവുമായ പദ്ധതിയാണ്. എല്ലാവർഷവും കടൽക്ഷോഭത്തിൽ ദുരിതം അനുഭവിക്കാനും, മാറി താമസിക്കാനും കഴിയില്ലെന്ന തിരിച്ചറിവിലാണ് പ്രദേശവാസികൾ ഈ നിർദേശം മുന്നോട്ട് വെക്കുന്നത്. ജില്ലയിൽ മഞ്ചേശ്വരം മുതൽ തൃക്കണ്ണാട് വരെയുള്ള തീരമേഖല കഴിഞ്ഞ കുറെ വർഷങ്ങളായി രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. ഇവിടെ വീടും,സ്ഥലവും നഷ്ടപ്പെട്ടവരേറെയാണ്.
ഇവിടങ്ങളിൽ ഇതുവരെ ഉണ്ടാക്കിയ തീരസംരക്ഷണ പദ്ധതികൾക്കൊന്നും നിലനിൽപ്പുണ്ടായിട്ടില്ല. കുമ്പള തീരമേഖലയിൽ പാകിയ കരിങ്കൽ കൊണ്ടുള്ള കടൽഭിത്തി ഇപ്പോൾ എവിടെയും കാണാൻ കഴിയില്ല. എല്ലാം കടലെടുത്തു. കോയിപ്പാടിയിലും, ചേരങ്കയിലും സ്ഥാപിച്ചിട്ടുള്ള 'ജിയോ ബാഗ്' കൊണ്ടുള്ള കടൽ ഭിത്തി രണ്ടുവർഷം പിടിച്ചുനിന്നു. ഇപ്പോൾ അതും തകർച്ചയെ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് തീരദേശവാസികൾ ടെട്രാ പോഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. അധികൃതർ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷയിലാണ് തീരമേഖല.
#Kasaragod #CoastalProtection #TetraPods #CoastalDefense #EnvironmentalSolutions #SeaErosion