തുല്യതാ കോഴ്‌സ്: അധ്യാപകര്‍ക്ക് ദ്വിദിന പരിശീലനം
Jul 20, 2012, 16:15 IST
![]() |
പത്താംതരം തുല്യതാ കോഴ്‌സ് അധ്യാപകര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യുന്നു. |
കാസര്‍കോട്: ഡയറ്റ് കാസര്‍കോട്, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്താതരം തുല്യതാ കോഴ്‌സ് അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു.
പത്താംതരം തുല്യതാ കോഴ്‌സ് മലയാളം മാധ്യമം പഠനകേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. ഈ വര്‍ഷം പത്താംതരം തുല്യതാ കോഴ്‌സ് ഗ്രേഡിംഗ് സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. പഠിതാക്കളുടെ അഭിരുചി, ക്ലാസിലെ ഹാജര്‍, പാഠ്യേതര വിഷയങ്ങള്‍ എന്നിവ പരിഗണിച്ച് നല്‍കുന്ന ഇന്റേണല്‍ മാര്‍ക്ക് പഠിതാക്കളുടെ പരീക്ഷാ വിജയത്തിന് അടിത്തറ പാകും. ഈ വര്‍ഷത്തെ പത്താംതരം തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ രീതി വന്നതോടുകൂടി രജിസ്‌ട്രേഷന് വളരെ ആവേശത്തോടുകൂടിയാണ് പഠിതാക്കള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഏഴാം ക്ലാസ് ജയിച്ചിട്ടുള്ള; എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ തോറ്റിട്ടുള്ള 17 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ പത്താംതരം ഗ്രേഡിംഗ് സമ്പ്രദായത്തില്‍ തോറ്റവരെ പരിഗണിക്കുന്നില്ല. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് കോഴ്‌സ് ഫീസ് തികച്ചും സൗജന്യമാണ്. രജിസട്രേഷന്‍ ജൂലൈ 31ന് അവസാനിക്കും.
പരിശീലന പരിപാടിയില്‍ ഡയറ്റ് ഫാക്കല്‍റ്റി അംഗവും സീനിയര്‍ ലക്ചററുമായ എം.ജലജാക്ഷി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, ഭാഷാ ന്യൂനപക്ഷ കോര്‍ഡിനേറ്റര്‍ ഷാജുജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടി.പി.പ്രദീപ് കുമാര്‍, എം.സി.രാമചന്ദ്രന്‍, എന്‍.വി.സുരേന്ദ്രന്‍, ജോസ് ജോണ്‍, കെ.പ്രവീണ്‍ കുമാര്‍, കെ.നാരായണന്‍, അഹമ്മദ് ഷെറീഫ് കെ.എ, കെ.ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.
Keywords: Tenth level course, Teacher training, Kasaragod