Road Repairs | ഒടുവിൽ അധികൃതർ കണ്ണ് തുറന്നു; കാസർകോട് - കാഞ്ഞങ്ങാട് റോഡിലെ കുഴിയടക്കാൻ 25 ലക്ഷം രൂപ അനുവദിച്ചു
എൻ എ നെല്ലിക്കുന്ന് എംഎൽഎയാണ് വിഷയം ശനിയാഴ്ച ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചത്
കാസർകോട്: (KasaragodVartha) ചന്ദ്രഗിരി-കാഞ്ഞങ്ങാട് റോഡിലെ അപകടകരമായ കുഴികൾ മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് താത്കാലിക ആശ്വാസം. റോഡിലെ കുഴികൾ ശരിയാക്കുന്നതിന് സർകാർ 25 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂടീവ് എൻജിനീയർ അറിയിച്ചു. ടെൻഡർ നടപടികളായി. ഓഗസ്റ്റ് ഒന്നിന് ടെൻഡർ തുറക്കും. എൻ എ നെല്ലിക്കുന്ന് എംഎൽഎയാണ് വിഷയം ശനിയാഴ്ച ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചത്.
മഴയത്ത് കൂടുതൽ ദുരിതം:
മഴക്കാലത്ത് ഈ റോഡിന്റെ ദുരവസ്ഥ മൂർച്ഛിച്ചിരുന്നു. ഇത് സംബന്ധിച്ച് കാസർകോട് വാർത്ത നേരത്തെ റിപോർട് ചെയ്‌തിരുന്നു. ചെമനാട് പാലത്തിന് മുമ്പുള്ള ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ടത് യാത്രക്കാർക്ക് ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത് ഏറെ ദുഷ്‌കരമാണ്.
മാസങ്ങളോളം പ്രശ്നം ഉന്നയിച്ചിട്ടും അധികൃതർ ഗൗരവമായി എടുത്തില്ലെന്ന ആക്ഷേപമുണ്ട്. മുമ്പും പല തവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും അടുത്ത മഴയിൽ റോഡ് വീണ്ടും തകരുന്ന സ്ഥിതിയാണ് ഉള്ളത്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാതെ, കുഴിയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിച്ചത് പരിഹാസത്തിനും വിമർശനത്തിനും ഇടയാക്കിയിരുന്നു.
വൈകിയാണെങ്കിലും അധികൃതർ അനുകൂല നിലപാട് സ്വീകരിച്ചത് ജനങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട്. എന്നിരുന്നാലും 25 ലക്ഷം രൂപ മതിയാകുമോ എന്നതിൽ സംശയങ്ങൾ ഉയർന്നു കഴിഞ്ഞു. പ്രശ്നം പൂർണമായി പരിഹരിക്കുന്നതിന് സർകാർ കൂടുതൽ തുക അനുവദിക്കേണ്ടതുണ്ടെന്നാണ് അഭിപ്രായം. കൂടാതെ, റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നും ശാസ്ത്രീയ രീതിയിലുള്ള നടപടികൾ കൈക്കൊള്ളണമെന്നും കണ്ണിൽ പൊടിയിടുന്ന രീതിയിലുള്ള നടപടികളല്ല ആവശ്യമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.