'സമൂഹത്തിന് ഗുണം വരുത്തുന്നവര്‍ക്ക് ഗുണം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല'
Apr 1, 2013, 18:44 IST
കാസര്‍കോട്: സമൂഹത്തിന് മൊത്തം ഗുണം വരുത്തുന്ന ക്ഷേത്ര സ്ഥാനികര്‍ക്ക് ഗുണം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഉത്തരമലബാര്‍ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്ര സ്ഥാനികരുടെ വേതനം ഒമ്പത് മാസമായി മുടങ്ങിയിരിക്കുകയാണ്. 2,500 ഓളം സ്ഥാനികരില്‍ 1,159 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വേതനം ലഭിക്കുന്നത്. 2011 ഫെബ്രുവരിക്ക് ശേഷം അപേക്ഷിച്ച ഒരാള്‍ക്ക് പോലും വേതനം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. 45 ശതമാനം സ്ഥാനികര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വേതനം ലഭിക്കുന്നത്. ഉത്തരമലബാറിലെ 450 ഓളം വരുന്ന ക്ഷേത്രങ്ങളിലെ സ്ഥാനികര്‍ക്കാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടാകാത്തതിനാല്‍ വേതനം ലഭിക്കാതിരുന്നത്. കെ.സി വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് ക്ഷേത്ര സ്ഥാനികര്‍ക്ക് വേതനം നല്‍കാന്‍ നടപടി സ്വീകരിച്ചത്. കോമരം, വെളിച്ചപ്പാട്, കര്‍മി, അന്തിത്തിരിയന്‍ എന്നിവര്‍ക്കാണ് വേതനത്തിന് അര്‍ഹതയുള്ളത്. ക്ഷേത്രങ്ങളുടെ തന്ത്രിയാണ് ഇതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അര്‍ദ്ധനഗ്നരായ ക്ഷേത്ര സ്ഥാനികര്‍ക്ക് കാര്യമായ വരുമാന മാര്‍ഗമൊന്നുമില്ല. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നല്‍കുന്ന വേതനം ഇവര്‍ക്ക് അനുഗ്രഹമാണ്. വേതനവും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടിയാണ് 14 ഓളം സമുദായങ്ങളിലെ ക്ഷേത്ര കമ്മിറ്റികള്‍ ചേര്‍ന്ന് ഉത്തരമലബാര്‍ സംരക്ഷണ സമിതി രൂപീകരിച്ചത്. സ്ഥാനികരെല്ലാം തന്നെ വയോധികരാണ്. ഇവരുടെ ചികിത്സയ്ക്കും മരുന്നിനും പോലും സര്‍ക്കാര്‍ നല്‍കുന്ന വേതനം തികയുന്നില്ല. എല്ലാവിധ ക്ഷേമ പെന്‍ഷനുകളും 1,000 രൂപയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ ക്ഷേത്രസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ നാലിന് വ്യാഴാഴ്ച രാവിലെ പത്തു മണിക്കാണ് കാസര്‍കോട് കലക്‌ട്രേറ്റിന് മുന്നില്‍ ക്ഷേത്ര സ്ഥാനികര്‍ ധര്‍ണാ സമരം നടത്തുന്നത്.
2500 ഓളം സ്ഥാനികര്‍ പങ്കെടുക്കും. ധര്‍ണ തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സ്ഥാനികരുടെ മുടങ്ങിയ വേതനം വിഷുവിന് മുമ്പ് വിതരണം ചെയ്യുക, വേതനം 800 രൂപയില്‍ നിന്ന് 1,500 രൂപയാക്കി വര്‍ധിപ്പിക്കുക, അര്‍ഹരായ മുഴുവന്‍ സ്ഥാനികര്‍ക്കും വേതനം നല്‍കുക, ബജറ്റില്‍ സ്ഥാനികര്‍ക്കായി നല്‍കാന്‍ നീക്കിവെച്ച തുക വര്‍ധിപ്പിക്കുക, വേതനത്തിനായി സ്ഥാനികര്‍ നല്‍കിയ അപേക്ഷകള്‍ ഉടന്‍ പരിഗണിക്കുക, മലബാര്‍ ദേവസ്വം ബോര്‍ഡ് ഉടന്‍ പുനസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ക്ഷേത്ര സ്ഥാനികര്‍ക്ക് പുറമെ ക്ഷേത്ര ഭാരവാഹികളും ധര്‍ണയില്‍ സംബന്ധിക്കും.
ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കും. ക്ഷേത്ര വരുമാനങ്ങളെല്ലാം സര്‍ക്കാരിലേക്ക് പോകുമ്പോഴാണ് ക്ഷേത്രങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ക്ഷേത്ര സ്ഥാനികര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നത്. കരിവെള്ളൂരില്‍ വാണിയ സമുദായ ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച ആചാര്യ സംഗമത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ഷേത്ര സ്ഥാനികരുടെ വേതനം 1000 രൂപയായി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പേരിയ, ജനറല്‍ സെക്രട്ടറി ബി.സി നാരായണന്‍, ട്രഷററും പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ മണിയറ ചന്ദ്രന്‍, ധീവരസഭാ ക്ഷേത്ര പ്രസിഡന്റ് എ. ശംഭു ബേക്കല്‍, സി.കെ ഭാസ്‌ക്കരന്‍, കെ.വി ഭാസ്‌ക്കരന്‍, നാരായണന്‍ കൊളത്തൂര്‍, സത്യന്‍ പൂച്ചക്കാട്, ചന്ദ്രശേഖര കാരണവര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Collectorate, March, kasaragod, Kerala, Press meet, Certificates, Temple, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.