Rescued | കിടപ്പ് മുറിയുടെ വാതിൽ പൂട്ട് തകരാറിലായി; അകത്ത് കുടുങ്ങിയ അധ്യാപികയെ അഗ്നിശമന സേന രക്ഷപ്പെടുത്തി
കാസര്‍കോട്: (KasargodVartha) കിടപ്പുമുറിയുടെ വാതില്‍ പൂട്ട് തകരാറിലായതിനെ തുടർന്ന് അകത്ത് കുടുങ്ങിയ അധ്യാപികയെ അഗ്നിശമന സേന (Fire Force) രക്ഷപ്പെടുത്തി (Rescued). അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ 23 കാരിയായ അധ്യാപികയാണ് മുറിയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാത്രി ഇവർ പതിവു പോലെ വീടിന്റെ രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് ഉറങ്ങാന്‍ കിടന്നതായിരുന്നു.
ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. വാതിൽ തുറക്കാൻ കഴിയാതെ മുറിയിൽ കുടുങ്ങിയ കാര്യം സഹോദരനെ ഫോണില്‍ വിളിച്ചു അറിയിച്ചതിനെ തുടർന്ന് സഹോദരനെത്തി വാതില്‍ തുറക്കുവാന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്നാണ് രാവിലെ 8.20 മണിയോടെ അഗ്നിശമന സേനയെ വിവരം അറിയിച്ചത്.
ഫയര്‍ ആൻഡ് റെസ്‌ക്യു ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയെത്തി ഡോര്‍ ബ്രേകര്‍ ഉപയോഗിച്ച് വാതില്‍ തുറന്നതോടെയാണ് അധ്യാപികയ്ക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്. സേനാ അംഗങ്ങളായ കെ ലിനിന്‍, കെ രാഖില്‍, ഒ കെ പ്രജിത്ത് വനിതാ സേനാംഗഗം അരുണ പി നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.