Talent | മനസിൽ തോന്നിയ മുഖങ്ങളുടെ ചിത്രം വരച്ച് സമ്മാനം നൽകി സഞ്ജയ് മാഷ് അമ്പരപ്പിക്കും; മുഖ്യമന്ത്രി പിണറായിയും വി ഡി സതീശനും ഞെട്ടി
വരയെ കുറിച്ച് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സഞ്ജയ് മാഷുടെ വര കണ്ടാൽ അങ്ങനെ തോന്നില്ല
പടന്ന: (KasargodVartha) മനസിൽ തോന്നിയ മുഖങ്ങളുടെ ചിത്രം വരച്ച് സമ്മാനം നൽകി സഞ്ജയ് മാഷ് അമ്പരപ്പിച്ചത് നിരവധി പേരെയാണ്. ഇങ്ങനെ വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നൽകി ഇരുവരെയും ഞെട്ടിച്ചിട്ടുണ്ട് ഈ 'വരയുടെ മാസ്റ്റർ'. ചലചിത്ര പിന്നണി ഗായകൻ ബിജു നാരായണനും ഇക്കൂട്ടത്തിൽപ്പെടും.
വരയെ കുറിച്ച് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സഞ്ജയ് മാഷുടെ വര കണ്ടാൽ അങ്ങനെ തോന്നില്ല.
മനസ്സിൽ പതിഞ്ഞവരുടെ മുഖങ്ങൾ പെൻസിൽകൊണ്ടും ക്രയോൺസ് ഉപയോഗിച്ചും വരച്ച് വിസ്മയിപ്പിക്കുകയാണ് പടന്ന എം ആർ വി ഹയർ സെകൻഡറി സ്കൂൾ ഭൗതിക ശാസ്ത്ര അധ്യാപകൻ സഞ്ജയ് വെങ്ങാട്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മോഹർലാൽ, സാഹിത്യകാരൻ ഷാജികുമാർ തുടങ്ങി പ്രമുഖരും നാട്ടുകാരായ അൻപതോളം പേരും സഞ്ജയുടെ പോർട്രെയ്‌റ്റ് വരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ചെറുവത്തൂർ കാടങ്കോട്ടുകാരനായ സഞ്ജയ് വെങ്ങാട്ട് സാംസ്‌കാരിക-കലാ-കായിക- വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമാണ്.
ചിത്രം വരച്ച് 'സർപ്രൈസായി' സമ്മാനിക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷമാണ് അതിൻ്റെ പ്രതിഫലമെന്ന് വിശ്വസിക്കുന്ന നിസ്വാർത്ഥനാണ് സഞ്ജയ് മാസ്റ്റർ. പാണക്കാട് ശിഹാബ് തങ്ങളുടേതാണ് ഒടുവിൽ വരച്ച ചിത്രമെന്ന് സഞ്ജയ് പറയുന്നു. തെയ്യം കലാകാരൻ തെക്കുംകരബാബു കർണ മൂർത്തിയുടെതാണ് അതിന് മുമ്പ് വരച്ചത്.
വരച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്ത് സൗജന്യമായി സമ്മാനിക്കുകയാണ് മാഷിൻ്റെ രീതി. ചില ചിത്രങ്ങൾ ദിവസങ്ങൾ എടുത്ത് വരയ്ക്കുമ്പോർ ചില ചിത്രങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വരച്ചെടുക്കും. പലരും പ്രതിഫലം തന്ന് മോഹിപ്പിക്കാൻ ശ്രമിക്കുമ്പോൾ സ്നേഹപൂർവം അത് നിരസിക്കുകയാണ് മാഷ്. വരക്കുന്ന മുഖങ്ങളോട് എത്രത്തോളം സ്നേഹമുണ്ടോ അത്രത്തോളം ആ ചിത്രങ്ങൾക്ക് പൂർണതയുണ്ടാകുമെന്ന് സഞ്ജയ് മാഷ് കാസർകോട് വാർത്തയോട് പറഞ്ഞു.
പ്രശസ്ത കാൻസർ സ്പെഷ്യലിസ്റ് ഡോ. ഗംഗാധാരനും ചിത്രം നേരിട്ട് കൊടുത്തു. ജീവിച്ചിരിക്കുന്നവർ മാത്രമല്ല മരിച്ചു പോയവരുടെ ചിത്രങ്ങളും മനസ്സിലെ ഫ്രെയിമിൽ പതിഞ്ഞത് അതേപടി പകർത്തും. ക്വിസ് മാസ്റ്റർ കൂടിയാണ് സഞ്ജയ് വെങ്ങാട്ട്. പെൻസിൽ വരയിൽ നിന്നും ക്രയോൺസ് വരയിലേക്ക് മാറിയതോടെ ചിത്രങ്ങൾ വർണാഭമായി മാറി. ഭാര്യ : ദീപശ്രീ (സീനിയർ ക്ലർക്, ജില്ലാകോടതി, കാസർകോട്). മക്കൾ: ആത്മിക സഞ്ജയ്, നിനവ് സഞ്ജയ്.