Gas Leak | സംസ്ഥാനപാതയില്‍ ടാങ്കര്‍ ലോറിയിലെ വാതക ചോര്‍ച; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരിഹരിക്കാനായില്ല; ഗതാഗതം വഴി തിരിച്ചുവിട്ടു
*മംഗ്‌ളൂറില്‍നിന്ന് വിദഗ്ധര്‍ എത്തും.
*നിരവധി കുടുംബങ്ങളെ വീട്ടില്‍നിന്ന് ഒഴിപ്പിച്ചു.
*500 മീറ്റര്‍ പരിധിയിലെ വീട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം.
കാഞ്ഞങ്ങാട്: (KasargodVartha) സംസ്ഥാനപാതയില്‍ ടാങ്കര്‍ ലോറിയില്‍നിന്ന് ഗാസ് ചോര്‍ന്ന സംഭവത്തില്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരിഹരിക്കാനായില്ല. രാവിലെ 7.30നാണ് ചോര്‍ച ഉണ്ടായത്. മംഗ്‌ളൂറില്‍നിന്ന് വിദഗ്ധര്‍ ഉച്ചയോടെ എത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ ചിത്താരിയിലെ മുഴുവന്‍ കടകളും അടച്ചു.
വൈദ്യുതി ഓഫീസ് പരിസരത്തെയടക്കമുള്ള നിരവധി കുടുംബങ്ങളെ വീട്ടില്‍നിന്ന് ഒഴിപ്പിച്ചു. ചോര്‍ചയുള്ള ടാങ്കറില്‍നിന്നും മറ്റൊരു ടാങ്കറിലേക്ക് പാചകപാതകം മാറ്റി പ്രശ്‌നം പരിഹരിക്കുന്നതിന് മുന്നോടിയായി കൂടിയാണ് കടകള്‍ അടക്കാന്‍ നിര്‍ദേശിച്ചതും കുടുംബങ്ങളെ മാറ്റിയതും.
അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ്, പൊലീസ് എന്നിവര്‍ താല്‍ക്കാലികമായി ചോര്‍ച അടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 500 മീറ്റര്‍ പരിധിയിലെ വീട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴിയുള്ള വാഹന ഗതാഗതം താത്ക്കാലികമായി വഴി തിരിച്ചുവിട്ടു.