city-gold-ad-for-blogger

മണലെടുക്കുന്ന അനധികൃത കടവുകള്‍ അടച്ചു പൂട്ടണം: താലൂക്ക് വികസന സമിതി


മണലെടുക്കുന്ന അനധികൃത കടവുകള്‍ അടച്ചു പൂട്ടണം: താലൂക്ക് വികസന സമിതി
കാസര്‍കോട്: ജില്ലയില്‍ ഇ-മണല്‍  വിതരണ സംവിധാനം കൊണ്ടുവരുമ്പോള്‍ അനധികൃതമായി മണല്‍ ഖനനം ചെയ്യുന്ന കടവുകള്‍ അടച്ചു പൂട്ടണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. അംഗീകാരമില്ലാതെ കാസര്‍കോട് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള കടവുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണം. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് താഹിറ അധ്യക്ഷത വഹിച്ചു.

താലൂക്കില്‍ നിന്നും അനധികൃതമായി അന്യ ജില്ലകള്‍ക്ക് ചെങ്കല്ല് കടത്തുന്നത് തടയണമെന്ന് യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് - ബങ്കരകുന്ന്-പള്ളം പുഴ മലിനീകരണം തടയണം. ഒരു ആസ്പത്രിയുടെ മാലിന്യം ഈ പുഴയില്‍ തള്ളുന്നു. പ്ളാസ്റിക്ക് തുടങ്ങി വിവിധ മാലിന്യ കുമ്പാരങ്ങള്‍ കൊണ്ട് ഈ പുഴ ദുര്‍ഗന്ധമയമാണ്. പുഴയൂടെ കര സംരക്ഷണം നടത്തണം. ചെമ്മനാട് നൂമ്പില്‍ പുഴ തീരത്ത് ബി.ആര്‍.ഡി.സി. വന്‍ മതില്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് ചെമ്പരിക്ക, കല്ലുംവളപ്പ്, മാണി പ്രദേശത്തെ ജനങ്ങള്‍ക്ക് പുഴയില്‍ ഇറങ്ങാന്‍  കഴിയാത്ത സ്ഥിതിയാണ്. ഇവിടെ ജനങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന പാലം അടച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് പുഴയില്‍ ഇറങ്ങാനും പാലം തുറന്നു കൊടുക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. താലൂക്കില്‍ അനധികൃതമായി കുഴല്‍ കിണര്‍ കുഴിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പടുത്തണം.

ബോവിക്കാനം - മുള്ളേരിയ റൂട്ടിലെ ബസ്സുകളിലെ ഫെയര്‍ സ്റേജ് സംബന്ധിച്ചു പഠനം നടത്തി ആവശ്യമായ നിര്‍ദ്ദേശം നല്‍കാന്‍ യോഗം തഹസില്‍ദാര്‍, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്, താലൂക്ക് വികസന സമിതി അംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍ , ആര്‍.ടി.ഒ. എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടത്തി. മേല്‍പ്പറമ്പ്-ചെമ്പരിക്ക റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സ് മാണി വരെ സര്‍
വ്വീസ് നീട്ടണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ജില്ലാ കൃഷി വികസന സമിതിയും, പഞ്ചായത്ത്തല കൃഷി ഭവനിലെ കൃഷി വികസന സമിതിയും ഉടന്‍ പുനസംഘടിപ്പിച്ചു യോഗം ചേരണമെന്ന്  നിര്‍ദ്ദേശിച്ചു. താലൂക്ക്തല ഭക്ഷ്യോപദേശക സമിതി പുനസംഘടിപ്പിച്ചു ഉടന്‍ യോഗം വിളിച്ചു കൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. വില്ലേജ്മാന്‍മാരുടെ ഒഴിവുകള്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നികത്താന്‍ തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ മറ്റു വകുപ്പുകളിലേയും ഒഴിവുകള്‍ എംപ്ളോയ്മെന്റ് മുഖേന നികത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കാസര്‍കോട് മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതായി യോഗത്തില്‍ അറിയിച്ചു.

മഞ്ചേശ്വരം പൊസോട്ടുവില്‍ അധികൃതരുടെ അവഗണന മൂലം നല്ല ജലസ്രോതസുളള കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് ഉപയോഗമില്ലാതെ നശിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.നല്ല കിണറും, ടാങ്കും മറ്റു സൌകര്യമുണ്ടായിട്ടും വെള്ളം പൊതുജനങ്ങള്‍ക്ക് ലഭ്യാമാകുന്നില്ല. മഞ്ചേശ്വരത്തുള്ള ഒരു ഗ്യാസ് വിതരണ സ്ഥാപനം ഉപഭോക്താക്കള്‍ക്ക് പാചക വാതകം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും പരാതിയുണ്ടായി. ഇതു സംബന്ധിച്ചു നടപടി എടുക്കാന്‍ അധികൃതര്‍ക്ക്  നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നു വിതരണം ചെയ്യേണ്ട പരിഹാര ധനം ഉടന്‍ നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ തഹസില്‍ദാര്‍ വി.എം.മോഹന്‍ദാസ്, അംഗങ്ങളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, ഇ.കെ.നായര്‍, എസ്.എം.എം.തങ്ങള്‍, മുഹമ്മദ് മുളിയാര്‍, പഞ്ചായത്ത് അംഗം ഷാഫി ചെമ്പരിക്ക, മഞ്ചെശ്വരം പഞ്ചായത്ത് പ്രസിഡന്‍്റ് ഫാത്തിമത്ത് ഭാനു വിവധ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Illegal sand mining, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia