Recognition | പൊലീസ് സേനയ്ക്ക് വേണ്ടി യൂനിഫോം തയ്ച്ച് നൽകി പ്രശസ്തനായ മേൽപറമ്പിലെ ഹംസയ്ക്ക് സ്വാതന്ത്രദിനത്തിൽ ജില്ലാ പൊലീസിൻ്റെ ആദരം
എക്സൈസ്, കസ്റ്റംസ്, എംവിഡി, ആർപിഎഫ്, ജയിൽ ഉദ്യോഗസ്ഥർ തുടങ്ങി മുഴുവൻ സേന വിഭാഗങ്ങളുടെയും യൂനിഫോം ഇവിടെ നിന്നും തയ്ക്കും
കാസർകോട്: (KasargodVartha) താഴെ തട്ടിലെ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഡി ജി പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് വരെ യൂനിഫോം തയ്ച്ച് നൽകി പ്രശസ്തനായ മേൽപറമ്പിലെ ഹംസയ്ക്ക് സ്വാതന്ത്ര ദിനത്തിൽ ജില്ലാ പൊലീസിൻ്റെ ആദരം. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി പി ബിജോയ് പ്രശസ്തിപത്രം നൽകി ആദരിച്ചു.
എ എസ് പി,പി ബാലകൃഷ്ണൻനായർ, ഡിവൈഎസ്പിമാരായ സി കെ സുനിൽകുമാർ, വിവി മനോജ്, ബാബു പെരിങ്ങേത്ത്, ടി ഉത്തംദാസ് ,എം സുനിൽകുമാർ, പ്രേംസദൻ എന്നിവരും ആദരിക്കൽ ചടങ്ങിൽ സംബന്ധിച്ചു. മേല്‍പറമ്പ് സ്വദേശിയായ ഹംസ 30 വർഷത്തോളമായി പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് കുറ്റമറ്റ രീതിയിൽ യൂനിഫോം തയച്ച് കൊടുക്കുന്നുണ്ട്. ഹംസയുടെ ഈ രംഗത്തെ സേവനമികവ് പരിഗണിച്ച് കണ്ണൂർ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ആദരം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും യൂനിഫോം തയ്ക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ഹംസയെയാണ്. ജോലിയോടുള്ള ആത്മാർഥതയും ചെയ്യുന്ന ജോലിയിലെ കൃത്യതയുമാണ് ഹംസയെ പൊലീസ് സേനയുടെ പ്രിയപ്പെട്ട തയ്യൽക്കാരനാക്കിയത്. ഹംസയുടെ ഈ രംഗത്തെ കഴിവുകൾ കാസർകോട് വാർത്ത റിപോർട് ചെയ്തതോടെയാണ് നാട്ടിലുള്ള പലരും ഈ തയ്യൽക്കാരൻ്റെ പ്രശസ്തിയെ കുറിച്ച് അറിഞ്ഞത്.
മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്‌തവും തയ്ക്കാൻ ബുദ്ധിമുട്ട് നിറഞ്ഞതുമാണ് പൊലീസ് യൂനിഫോം എങ്കിലും ഹംസ ഈ ജോലി എളുപ്പം ചെയ്യും. ജോലിയിലെ വൈദഗ്ദ്യമാണ് ഹംസയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഒരിക്കൽ ഹംസയുടെ അടുത്ത് എത്തിയവർ പിന്നെ ഹംസയെ വിട്ടുപോയിട്ടില്ല. സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർ എത്ര ദൂരെയാണങ്കിലും തയ്യലിൻ്റെ ഓഡർ നൽകും.
ദുബൈയിൽ അമ്മാവൻ യൂസഫ് നടത്തിവന്നിരുന്ന സ്ഥാപനത്തിൽ നിന്നാണ് തയ്യൽ ജോലി പഠിച്ചത്. എൺപതുകളുടെ തുടക്കത്തിലാണ് ഹംസ മേല്‍പറമ്പില്‍ 'ജീൻഷാക്' എന്ന പേരിൽ തയ്യൽക്കട തുടങ്ങുന്നത്. എല്ലാത്തരം വസ്ത്രങ്ങളും തയ്‌പ്പിച്ച് നല്‍കിയിരുന്ന തയ്യല്‍ കടയ്ക്ക് കാക്കിയുടെ സ്വഭാവം കൈവന്നത് കാസർകോട് ടൗൺ എസ്ഐയായിരുന്ന നാരായണൻ യൂണിഫോം തയ്‌ക്കാൻ എത്തിയതോടെയാണ്. അതായിരുന്നു ഹംസ തയ്ച്ച ആദ്യത്തെ പൊലീസ് യൂണിഫോം.
തുണി മുറിക്കുന്നതിലും കൃത്യതയോടെ തയ്ക്കുന്നതിലുമുള്ള മികവ് ഹംസയ്ക്ക് ഏറെ പ്രയോജനം ചെയ്തു. ജോലിയിലെ വൈദഗ്ദ്യം കണ്ട് കൂടുതൽ പൊലീസുകാരെത്തിത്തുടങ്ങി. സിവിൽ പൊലീസ് ഓഫീസർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. ഹംസ തയ്ച്ച യൂണിഫോം ധരിച്ചാൽ അതൊരു ലുക് ആണെന്നാണ് എല്ലാവരുടെയും അഭിപ്രായം. സമയം എടുത്ത് സൂക്ഷ്‌മതയോടെ ചെയ്യേണ്ട ജോലി വലിയ ലാഭം പ്രതീക്ഷിക്കാതെയാണ് ഹംസ ചെയ്യുന്നത്. ബെംഗളൂറിൽ നിന്നാണ് യൂനിഫോമിനാവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്യുന്നത്. ആത്മാർത്ഥതയോടെയുള്ള പത്തിലേറെ തൊഴിലാളികളാണ് ഹംസയുടെ കരുത്ത്. ഹംസയുടെ മേൽനോട്ടം ബടൺ തുന്നുന്നതിൽ പോലും ഉണ്ടാകും.
ചലചിത്ര താരം രാം ചരൺ പൊലീസ് വേഷത്തിൽ നിൽക്കുന്ന ഫോടോയാണ് തയ്യൽ കടയുടെ പ്രധാന അടയാളം. മേൽപറമ്പിലെത്തി ആരോട് ചോദിച്ചാലും 'പൊലീസ് തയ്യൽകട' കാണിച്ചു തരും. പൊലീസ് യൂനിഫോമിൽ മാത്രമല്ല ഹംസ പ്രശസ്തൻ. എക്സൈസ്, കസ്റ്റംസ്, എംവിഡി, ആർപിഎഫ്, ജയിൽ ഉദ്യോഗസ്ഥർ തുടങ്ങി മുഴുവൻ സേന വിഭാഗങ്ങളുടെയും യൂനിഫോം ഇവിടെ നിന്നും തയ്ക്കും. യൂനിഫോമിൽ സ്‌തംഭങ്ങളും ചിഹ്നങ്ങളും ഷോൾഡർ പാഡ്, സ്റ്റാർ, റിബൺ തുന്നിച്ചേർക്കൽ എന്നിവ സൂക്ഷ്മതയോടെ ചെയ്യണം. പൊലീസിന്‍റെയും മറ്റ് സേന വിഭാഗങ്ങളുടെയും തൊപ്പികളും അതിൽ ചിഹ്നങ്ങളും പതിച്ച് കൃത്യമായ അളവിൽ തയ്യാറാക്കി നൽകുകയും ചെയ്യുന്നു.