ഭിന്ന വിശ്വാസങ്ങളുടെ പേരിൽ അടിച്ചമർത്തുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
● എംഐസി ക്യാമ്പസിൽ മൾട്ടിപർപ്പസ് ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.
● സ്ഥാപക ജനറൽ സെക്രട്ടറി യു എം അബ്‌ദുർ റഹ്‌മാൻ മുസ്ലിയാരുടെ പേരിലുള്ള ഓഡിറ്റോറിയത്തിന് തറക്കല്ലിട്ടു.
● എംഐസി വരിസംഖ്യ നൽകുന്നവർക്കായി പുതിയ ഡിജിറ്റൽ ഫോളോ അപ്പ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു.
● ജില്ലയിലെ വിജയിച്ച എംഎൽഎമാരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥിയെയും ചടങ്ങിൽ ആദരിച്ചു.
ചട്ടഞ്ചാൽ: (KasargodVartha) വിശ്വാസപരമായ വൈവിധ്യങ്ങളും വൈജാത്യങ്ങളും മനുഷ്യർക്കിടയിൽ അകൽച്ചയിലേക്കും പരസ്പര ഭിന്നതയിലേക്കും നയിക്കാൻ പാടില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വേഷവും ആദർശവും നോക്കി ആളുകളെ അകറ്റാനും അടിച്ചമർത്താനും ശ്രമിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് (എംഐസി) ക്യാമ്പസിലെ ആർട്സ് കോളേജിൻ്റെ നവീകരിച്ച അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീകരിച്ച ആർട്സ് കോളേജ് കെട്ടിടത്തിൻ്റെയും പുതുതായി സംവിധാനിച്ച അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൻ്റെയും ഉദ്ഘാടന കർമം സാദിഖലി തങ്ങൾ നിർവഹിച്ചു. എംഐസി പ്രസിഡൻ്റും സമസ്ത അധ്യക്ഷനുമായ സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വിദ്യയിലൂടെ ശക്തി നേടുകയും തഖ് വയിലൂടെ ജീവിതത്തിന് അർത്ഥം കണ്ടെത്തുകയും വേണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജിഫ്രി തങ്ങൾ ആഹ്വാനം ചെയ്തു
ഓഡിറ്റോറിയത്തിന് തറക്കല്ലിട്ടു
എംഐസിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന അന്തരിച്ച യു എം അബ്‌ദുർ റഹ്‌മാൻ മുസ്ലിയാരുടെ പേരിലുള്ള ഓഡിറ്റോറിയത്തിൻ്റെ തറക്കല്ലിടൽ കർമം സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ നിർവഹിച്ചു. ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് പരിപാടിയിൽ ആമുഖ ഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മൾട്ടിപർപ്പസ് ടൗൺഷിപ്പ് പ്രഖ്യാപനം
ദേശീയപാതയോട് ചേർന്ന് എംഐസിയുടെ സ്ഥലത്ത് പുതുതായി നിർമിക്കാൻ പോകുന്ന മൾട്ടിപർപ്പസ് ടൗൺഷിപ്പിൻ്റെ സുപ്രധാന പ്രഖ്യാപനം സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ നടത്തി. നാല് ഏക്കർ സ്ഥലത്താണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഉന്നത നിലവാരത്തിലുള്ള പെട്രോൾ പമ്പ്, സർവീസ് സ്റ്റേഷൻ, ഇലക്ട്രിക് ചാർജിംഗ് പോയിൻ്റ്, സൂപ്പർ മാർക്കറ്റ്, ഹോട്ടൽ ലോഡ്ജ്, മലബാർ ഹെരിറ്റേജ് മ്യൂസിയം തുടങ്ങിയ വിപുലമായ പദ്ധതികളാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
എംഐസിക്ക് സ്ഥിരമായി വരിസംഖ്യ നൽകുന്ന പതിനായിരം അംഗങ്ങൾക്കുളള ഡിജിറ്റൽ ഫോളോ അപ്പ് ആപ്ലിക്കേഷൻ്റെ ലോഞ്ചിംഗ് കർമം സ്പീഡ് വേ അബ്ദുല്ലക്കുഞ്ഞി ഹാജി നിർവഹിച്ചു.
ജനപ്രതിനിധികൾക്കും വിദ്യാർഥിക്കും ആദരം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ നിന്ന് വിജയിച്ച എംഎൽഎമാരെ ജിഫ്രി മുത്തുകോയ തങ്ങളും സാദിഖലി തങ്ങളും ചേർന്ന് സംയുക്തമായി ആദരിച്ചു. എംഐസി അർശദുൽ ഉലൂമിൽ നിന്ന് അർശദി ബിരുദം നേടിയ ശേഷം കണ്ണുർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസിൽ നിന്ന് ഒന്നാം ക്ലാസോടെ എൽഎൽബി പഠനം പൂർത്തിയാക്കിയ മുനവ്വിർ കല്ലൂരാവിയെ തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ കല്ലട്ര മാഹിൻ ഹാജി എംഎൽഎ, എ കെ എം അശ്റഫ് എംഎൽഎ, കെ നീലകണ്ഠൻ എംഎൽഎ, മുൻ മന്ത്രി സി ടി അഹ്‌മദലി, ബേർക്ക അബ്ദുല്ല ഹാജി, ഖത്തർ അബ്ദുല്ല ഹാജി, നെക്കര അബൂബക്കർ ഹാജി, ചെങ്കളം അബ്ദുല്ല ഫൈസി, മൊയ്തു മൗലവി പുഞ്ചാവി, സിദ്ദീഖ് നദ്‌വി ചേരൂർ, ജലീൽ കടവത്ത്, ടി ഡി കബീർ, ഇ അബൂബക്കർ ഹാജി, എ ഹമീദ് ഹാജി, ബശീർ വെളളിക്കോത്ത് എന്നിവർ സംബന്ധിച്ചു.
കൂടാതെ അഡ്വ. ഹനീഫ് ഹുദവി, ഉസ്മാൻ ഫൈസി മാണിക്കോത്ത്, ചേരൂർ അബ്ദുൽ ഖാദിർ അൽ ഖാസിമി, ഇ അബ്ബാസ് ഫൈസി, സി എച്ച് ഖാലിദ് ഫൈസി, പി എസ് ഇബ്റാഹീം ഫൈസി, ഡോ. ബാസിം ഗസ്സാലി തുടങ്ങി നിരവധി പ്രശസ്ത വ്യക്തികളും പൗരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകളും മറ്റ് വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താനും മറക്കരുത്
Article Summary: Syed Sadiqali Shihab Thangal inaugurated the renovated administration block of Chattanchal MIC Arts College, emphasizing that suppressing people based on their beliefs or attire is inappropriate for a civilized society.
#SyedSadiqaliShihabThangal #ChattanchalMIC #KasaragodNews #KeralaNews #MuslimLeague #Samastha #AparnaNews






