Award | എസ് വി നടരാജൻ പുരസ്‌കാരം ചന്ദ്രൻ കൊക്കാലിന് സമ്മാനിക്കും
കാൻസർ രോഗികൾ, മറ്റുമാറാ രോഗങ്ങൾക്ക് അടിമപ്പെട്ട രോഗികൾ എന്നിവർക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലുകളും നടത്തിയിട്ടുണ്ട്
പെരുമ്പള: (KasargodVartha) രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന പെരുമ്പളയിലെ എസ് വി നടരാജന്റെ സ്മരണക്കായി സഹൃദയ സ്വയം സഹായ സംഘം ഏർപ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം ചന്ദ്രൻ കൊക്കാലിന്. നിരവധി രോഗികൾക്ക് ആശ്വാസമായി ഗൾഫ് കൂട്ടായ്മയുടെ സഹായത്തോടെ ലക്ഷകണക്കിന് രൂപയുടെ സഹായങ്ങളാണ് ചന്ദ്രൻ കൊക്കാൽ ചെയ്ത് കൊടുത്തത്. വിവിധ ചികിത്സാ സഹായ സമിതിയുടെ ചെയർമാൻ, കൺവീനറായും പ്രവർത്തിച്ചു.
കാൻസർ രോഗികൾ, മറ്റുമാറാ രോഗങ്ങൾക്ക് അടിമപ്പെട്ട രോഗികൾ എന്നിവർക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലുകളും നടത്തി. ദേശാഭിമാനി ബാലസംഘത്തിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച ചന്ദ്രൻ കൊക്കാൽ പട്ടിക ജാതി ക്ഷേമസമിതിയുടെ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ട്രഷററും സിപിഎം ഉദുമ ഏരിയാ കമ്മിറ്റിയംഗവുമാണ്. കനിവ് പാലിയേറ്റീവ് ചെമ്മനാട് സോണൽ ഭാരവാഹിയാണ്. ആയമ്പാറ സിമറ്റ് നേഴ്സിങ് കോളേജ് ജീവനക്കാരി വി ദീപയാണ് ഭാര്യ.മക്കൾ: ആകാശ്, ആദിത്യൻ.
ജി അംബുജാക്ഷൻ കൺവീനറും വേണു അച്ചേരി, സതീശൻ പൊയ്യക്കോട്, എസ് വി അശോക് കുമാർ, എം മണികണ്ഠൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. എസ് വി നടരാജന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ആഗസ്റ്റ് നാലിന് വൈകീട്ട് പെരുമ്പള ബാങ്ക് ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ 5000 രൂപയും മെമെന്റൊയും അടങ്ങിയ പുരസ്‌കാരം അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ചന്ദ്രൻ കൊക്കാലിന് സമ്മാനിക്കും.